ട്രംപ് ഭരണകൂടത്തെ ഉത്തര കൊറിയ ഭയപ്പെടുന്നുണ്ടോ ?

ട്രംപ് ഭരണകൂടത്തെ ഉത്തര കൊറിയ ഭയപ്പെടുന്നുണ്ടോ ?

2017 പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാന്‍ ലോകം തയാറെടുത്തിരിക്കുന്നു. 2016 അവസാനിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഒട്ടേറെ ചരിത്രസംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ചുകൊണ്ടാണ് 2016 കടന്നുപോകുന്നത്. ബ്രെക്‌സിറ്റ്, ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയങ്ങള്‍, ക്യൂബയുടെ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോ വിടവാങ്ങിയത്…, ഇവയൊക്കെ 2016ല്‍ രേഖപ്പെടുത്തിയ കാര്യങ്ങളാണ്.

ഏഷ്യന്‍ ഭൂഖണ്ഡത്തെ ഞെട്ടിച്ചു കൊണ്ട് ഉത്തര കൊറിയ ആണവപരീക്ഷണം നടത്തിയത് 2016 ജനുവരിയിലായിരുന്നു. തുടര്‍ന്നു സെപ്റ്റംബറിലും അവര്‍ ആണവപരീക്ഷണം നടത്തുകയുണ്ടായി. 2017ലാണു യുഎസ് പ്രസിഡന്റായി ട്രംപ് ഭരണമേല്‍ക്കുന്നതും, ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതും. ഇതു മുന്‍കൂട്ടി കണ്ട് 2017 അവസാനത്തോടെ ആണവപദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഉത്തര കൊറിയയുടെ പ്രസിഡന്റ് കിം ജോങ്-ഉന്‍. ഉത്തര കൊറിയയുടെ ബ്രിട്ടനിലെ ഡെപ്യൂട്ടി അംബാസഡറും പിന്നീട് ദക്ഷിണ കൊറിയയിലേക്കു കൂറുമാറുകയും ചെയ്ത തായ് യോങ് ഹോ 2016 ഓഗസ്റ്റില്‍ നടത്തിയ മാധ്യമസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തായ് യോങ് ഹോ ഇപ്പോള്‍ ലണ്ടനിലാണു താമസിക്കുന്നത്. 2016 മേയ് മാസം ഉത്തരകൊറിയയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രസിഡന്റ് കിം ജോങ്-ഉന്‍ ഉത്തരകൊറിയയുടെ ആണവ പദ്ധതികള്‍ 2017 അവസാനത്തോടെ പൂര്‍ത്തീകരിക്കണമെന്നു കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായി തായ് യോങ് ഹോ പറഞ്ഞു. ഭരണമാറ്റത്തിനു സാക്ഷ്യം വഹിക്കുന്നതിനാല്‍ ഉത്തര കൊറിയയ്‌ക്കെതിരേ സൈനികമായി മുന്നേറ്റം നടത്താന്‍ ഇരുരാജ്യങ്ങള്‍ക്കും (യുഎസിനും ദക്ഷിണ കൊറിയയ്ക്കും) പെട്ടെന്നു സാധിക്കില്ലെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്തരത്തില്‍ പദ്ധതി തയാറാക്കാന്‍ ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങിനെ പ്രേരിപ്പിച്ചതെന്നും തായ് യോങ് പറയുകയുണ്ടായി.
2016 ജനുവരിയിലും പിന്നീട് സെപ്റ്റംബറിലും ഉത്തര കൊറിയ രണ്ട് ആണവപരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. ഇതിനിടെ നിരവധി മിസൈല്‍ വിക്ഷേപണങ്ങളും നടത്തി. ഇതിലൂടെ ഉത്തര കൊറിയ ലക്ഷ്യമിട്ടത് അമേരിക്കയില്‍ നാശം വിതയ്ക്കാന്‍ കഴിയുന്ന ആണവായുധ ശേഷി കൈവരിക്കുക എന്നതായിരുന്നു. ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങള്‍ക്കു പിന്നെയുമുണ്ടായിരുന്നു ലക്ഷ്യങ്ങള്‍. തങ്ങള്‍ ആണവശക്തിയാര്‍ജ്ജിച്ച രാജ്യമാണെന്നു ലോകത്തിനു മുന്‍പാകെ തെളിയിക്കുകയെന്നതായിരുന്നു അത്. വാഷിംഗ്ടണ്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്ന ഒരു കാര്യമായിരുന്നു ഉത്തര കൊറിയയെ ഒരിക്കലും ആണവശക്തിയാര്‍ജ്ജിച്ച രാജ്യമായി പരിഗണിക്കില്ലെന്നത്. ഇതില്‍ പ്രകോപനം കൊണ്ടാണ് ഉത്തരകൊറിയ ആണവപരീക്ഷണം നടത്താന്‍ തീരുമാനിച്ചത്. ഉത്തര കൊറിയയുടെ ആണവശക്തിയെ കുറിച്ചും പ്രഹരശേഷിയെ കുറിച്ചും അമേരിക്കയും ലോകവും സംശയം പ്രകടിപ്പിച്ചപ്പോഴും 21ാം നൂറ്റാണ്ടില്‍ ആണവപരീക്ഷണം നടത്തിയ ഭൂമിയിലെ ഒരേയൊരു രാജ്യമെന്ന ഖ്യാതി ഉത്തര കൊറിയയ്ക്കു മാത്രമായി.
ഈ വര്‍ഷം സെപ്റ്റംബറില്‍ ഉത്തര കൊറിയ നടത്തിയ ആണവപരീക്ഷണം ഏറ്റവും ശക്തമായ ഒന്നായിട്ടാണു വിദഗ്ധര്‍ വിലയിരുത്തുന്നത്. കിം ജോങ്-ഉന്‍ ഭരണത്തില്‍ നടത്തിയ ഏറ്റവും ശക്തിയേറിയതെന്ന വിശേഷണവും സെപ്റ്റംബറിലെ പരീക്ഷണത്തിനു കല്പിച്ചു കൊടുത്തിട്ടുണ്ട് ആണവശാസ്ത്രജ്ഞര്‍. പരീക്ഷണം വിജയകരമായതോടെ, ഉത്തരകൊറിയയ്ക്ക് പ്രഹരശേഷി വര്‍ധിപ്പിക്കാനും സാധിച്ചെന്നു കണക്കുകൂട്ടുന്നുണ്ട് ആണവലോകം. സെപ്റ്റംബറില്‍ ഉത്തര കൊറിയ നടത്തിയ ആണവപരീക്ഷണത്തിന് 10 കിലോടണ്‍ സ്‌ഫോടക ശക്തിയുണ്ടായിരുന്നു.(1945ല്‍ ഹിരോഷിമയില്‍ യുഎസ് വര്‍ഷിച്ച ആണവബോംബിന് 15 കിലോ ടണ്‍ സ്‌ഫോടകശക്തിയായിരുന്നു) ജനുവരിയില്‍ ഉത്തര കൊറിയ നടത്തിയ ആണവപരീക്ഷണത്തിന്റെ രണ്ട് ഇരട്ടിയിലേറെ സ്‌ഫോടകശക്തിയുണ്ടായിരുന്നു സെപ്റ്റംബറില്‍ നടത്തിയ പരീക്ഷണത്തിന്. ഉത്തര കൊറിയയുടെ മുന്‍ നയതന്ത്ര പ്രതിനിധിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഏഷ്യയ്ക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ നിരവധിയുണ്ട്. 2017-ല്‍ ഏഷ്യ സാക്ഷ്യം വഹിക്കുന്നത് ആണവപരീക്ഷണങ്ങള്‍ക്കായിരിക്കുമെന്നത് ഏവരെയും അസ്വസ്ഥപ്പെടുത്തുന്ന കാര്യം തന്നെ.

Comments

comments

Categories: World

Write a Comment

Your e-mail address will not be published.
Required fields are marked*