ചൈന ടിബറ്റില്‍ നിന്നും കുപ്പിവെള്ളം എത്തിക്കാനാരംഭിച്ചു

ചൈന ടിബറ്റില്‍ നിന്നും കുപ്പിവെള്ളം എത്തിക്കാനാരംഭിച്ചു

 

ബീജീംങ്: ടിബറ്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന കുപ്പിവെള്ളം ചൈന ആദ്യമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി ചരക്ക് ട്രെയിനുകളില്‍ എത്തിക്കാനാരംഭിച്ചു. ടിബറ്റില്‍ നിന്നുള്ള കുപ്പിവെള്ളവുമായി ഒരു ചരക്കു വണ്ടി ചൈനയിലെ ടിബറ്റ് സ്വയംഭരണ പ്രദേശമായ ലാസ വിട്ടതായി സിന്‍ഹുഅ ന്യൂസ് ഏജന്‍ റിപ്പോര്‍ട്ട് ചെയ്തു.

ജല സ്രോതസ്സുകളാല്‍ സമ്പുഷ്ടമായ ടിബറ്റ് ഏഷ്യയുടെ ‘വാട്ടര്‍ ടവര്‍’ എന്നാണ് അറിയപ്പെടുന്നത്. 35 കോച്ചുകളിലായി 1,890 ടണ്‍ ടിബറ്റന്‍ കുപ്പിവെള്ളമാണ് ചൈന ട്രെയ്‌നില്‍ കയറ്റിഅയച്ചത്. വെള്ളവുമായി പുറപ്പെട്ട വണ്ടി 4,500 കിലോ മീറ്റര്‍ സഞ്ചരിച്ച് ആറ് ദിവസത്തിനുള്ളില്‍ ലക്ഷ്യ സ്ഥാനങ്ങളിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2015ല്‍ ഏകദേശം 400,000ല്‍ അധികം ടണ്‍ കുടിവെള്ളമാണ് ടിബറ്റ് ഉല്‍പ്പാദിപ്പിച്ചിരുന്നത്. എന്നാല്‍ കൂടിയ ഗതാഗത ചെലവ് കാരണം ഉള്‍നാടന്‍ വിപണികളിലേക്ക് വെള്ളം എത്തിക്കാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ കുപ്പിവെള്ളമെത്തിക്കുന്നതിനുള്ള പുതിയ ട്രെയിന്‍, റെയില്‍വേ സംവിധാനമുള്ള പ്രദേശങ്ങളില്‍ കുടിവെള്ള വ്യാപാരം നടത്തുന്നതിന് സൗകര്യമൊരുക്കും. ടിബറ്റിന് തങ്ങളുടെ ജലസ്രോതസ്സ് സാമ്പത്തികമായി ഉപയോഗപ്പെടുത്താന്‍ ഇതിലൂടെ സാധിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയിലേക്കുള്ള നെടുംതൂണെന്ന നിലയിലാണ് ശുദ്ധജല സ്രോതസ്സിനെ ചൈന കണക്കാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അടുത്ത മൂന്നോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ വാര്‍ഷിക കുടിവെള്ള ഉല്‍പ്പാദന ശേഷി അഞ്ച് മില്യണ്‍ ടണ്‍ ആയി ഉയര്‍ത്താനും ടിബറ്റ് പദ്ധതിയിടുന്നുണ്ട്.

Comments

comments

Categories: World