സെര്‍വറുകളില്‍ ചില ബ്രോക്കര്‍മാര്‍ കടന്നുകയറുന്നു: എന്‍എസ്ഇ

സെര്‍വറുകളില്‍ ചില ബ്രോക്കര്‍മാര്‍ കടന്നുകയറുന്നു: എന്‍എസ്ഇ

 

മുംബൈ : നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചിന്റെ സെര്‍വറുകളില്‍ ദല്ലാളുകള്‍ക്ക് കടന്നുകയറാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതായി സ്വതന്ത്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ചില ദല്ലാളുകള്‍ സെര്‍വറുകളില്‍ പ്രവേശിച്ചിരിക്കാമെന്ന് എന്‍എസ്ഇയും അറിയിച്ചു. സെര്‍വറുകളില്‍ പ്രവേശിക്കാന്‍ അവസരമൊരുക്കിയതില്‍ ചില ജീവനക്കാര്‍ക്ക് പങ്കുള്ളതായി സംശയിക്കാമെന്നും എന്‍എസ്ഇ അധികൃതര്‍ പറഞ്ഞു. ഓഹരി വ്യാപാരവുമായി ബന്ധപ്പെട്ട കംപ്യൂട്ടറുകള്‍ കൃത്രിമങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായും ചില മുന്‍ ജീവനക്കാരുടെ ഇമെയിലുകളും മറ്റും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്നും എക്‌സ്‌ചേഞ്ച് അധികൃതര്‍ വ്യക്തമാക്കി. ചില ബ്രോക്കര്‍മാര്‍ സെര്‍വറില്‍ കടന്നുകയറുന്നതായ പരാതി അന്വേഷിക്കുന്നതിന് സ്വതന്ത്രസമിതി രൂപീകരിക്കാന്‍ സെബി തന്നെയാണ് എന്‍എസ്ഇയ്ക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ആര്‍ക്കൊക്കെയാണ് ഇതിന്റെ ആനുകൂല്യം ലഭിച്ചതെന്ന് എന്‍എസ്ഇയ്ക്ക് വ്യക്തമല്ല.

ഇപ്പോഴത്തെ കണ്ടെത്തലുകള്‍ എന്‍എസ്ഇ പ്രഖ്യാപിച്ചിട്ടുള്ള പ്രഥമ ഓഹരി വില്‍പ്പനയ്ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ്. വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും ലിസ്റ്റിംഗ് സംബന്ധിച്ച് സെബിയാണ് ഇനി അനുമതി നല്‍കേണ്ടതെന്നും എന്‍എസ്ഇ അധികൃതര്‍ വ്യക്തമാക്കി. ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് വഴി ഒരു ബില്യണ്‍ വരെ ഡോളര്‍ സമാഹരിക്കാമെന്നാണ് നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച് വിലയിരുത്തുന്നത്. സുഗമമായ രീതിയില്‍ ഐപിഒ നടത്തുന്നതിന് എന്‍എസ്ഇ നിക്ഷേപകരുടെ വിശ്വാസമാര്‍ജ്ജിക്കേണ്ടതുണ്ടെന്നും എല്ലാ നിക്ഷേപകരോടും വ്യാപാരികളോടും തുല്യത പുലര്‍ത്തണമെന്നും വിദഗ്ധര്‍ ആവശ്യപ്പെട്ടു.

ഐപിഒ നടപടികള്‍ക്കിടെ കഴിഞ്ഞ മാസം ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്തുനിന്ന് ചിത്ര രാംകൃഷ്ണ രാജിവെച്ചത് പുതിയ സിഇഒയെ കണ്ടെത്തുന്നതിന് എന്‍എസ്ഇയെ നിര്‍ബന്ധിതമാക്കിയിരുന്നു. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിനെ വെല്ലുവിളിച്ച് 1992 ലാണ് എന്‍എസ്ഇ രൂപീകരിക്കുന്നത്. ബിഎസ്ഇ ലിമിറ്റഡ് സെപ്റ്റംബറില്‍ ഐപിഒ അപേക്ഷ ഫയല്‍ ചെയ്തിട്ടുണ്ട്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണിയായ എന്‍എസ്ഇ ദിവസേന ശരാശരി 225 ബില്യണ്‍ രൂപയുടെ വ്യാപാരമാണ് കരസ്ഥമാക്കുന്നത്.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*