ബ്രിട്ടീഷ് സൈക്ലിസ്റ്റ് ബ്രാഡ്‌ലി വിഗിന്‍സ് വിരമിച്ചു

ബ്രിട്ടീഷ് സൈക്ലിസ്റ്റ് ബ്രാഡ്‌ലി വിഗിന്‍സ് വിരമിച്ചു

 
ലണ്ടന്‍: ബ്രിട്ടീഷ് സൈക്ലിംഗ് താരമായ ബ്രാഡ്‌ലി വിഗിന്‍സ് പ്രൊഫഷണല്‍ മത്സരങ്ങളില്‍ നിന്നും വിരമിച്ചു. ബ്രാഡ്‌ലി വിഗിന്‍സും അദ്ദേഹത്തിന്റെ ടീമായ സ്‌കൈയും നിരോധിത ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്നതായുള്ള മെഡിക്കല്‍ രേഖകള്‍ ഫാന്‍സി ബെയേര്‍സ് എന്ന പേരിലറിയപ്പെടുന്ന ഹാക്കര്‍മാര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് മുപ്പത്താറുകാരനായ സൈക്ലിംഗ് താരം മത്സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

കരിയറില്‍ താന്‍ ബഹുമാനിച്ചിരുന്ന സൈക്ലിംഗ് താരങ്ങളെ കണ്ടുമുട്ടാനും അവരുമൊത്ത് മത്സരിക്കാനും സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ബ്രാഡ്‌ലി വിഗിന്‍സ് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം പറഞ്ഞു. തന്റെ ടീമിന് ഒളിംപിക്‌സ് മെഡലും ടൂര്‍ ഡി ഫ്രാന്‍സിലെ വിജയവും നേടുവാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്നും ബ്രാഡ്‌ലി വിഗിന്‍സ് കൂട്ടിച്ചേര്‍ത്തു.

അഞ്ച് സ്വര്‍ണം ഉള്‍പ്പെടെ എട്ട് ഒളിംപിക്‌സ് മെഡലുകള്‍ നേടുകയും ടൂര്‍ ഡി ഫ്രാന്‍സില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്ത ആദ്യത്തെ ബ്രിട്ടീഷ് താരമാണ് ബ്രാഡ്‌ലി വിഗിന്‍സ്. റോഡിലും ട്രാക്കിലുമായി എട്ട് ലോക ടൈറ്റിലുകളും ബ്രാഡ്‌ലി വിഗിന്‍സ് സ്വന്തമാക്കി. 1964ലെ അത്‌ലറ്റ് മേരി റാന്‍ഡിന്റെ ട്രിപ്പിള്‍ സ്വര്‍ണ നേട്ടത്തിന് ശേഷം ഒരു ഒളിംപിക്‌സില്‍ മൂന്ന് സ്വര്‍ണം നേടുന്ന ആദ്യ ബ്രിട്ടീഷ് താരം കൂടിയായി ബ്രാഡ്‌ലി വിഗിന്‍സ്.

മണിക്കൂറില്‍ 54.53 കിലോമീറ്റര്‍ വേഗതയില്‍ സൈക്കിളോടിച്ച് കുറഞ്ഞ സമയം കൊണ്ട് ഏറ്റവും ദൂരം വെലോഡ്രോമില്‍ സൈക്ലിംഗ് ചെയ്ത താരം എന്ന റെക്കോര്‍ഡ് ലണ്ടന്‍ ഒളിംപിക്‌സില്‍ ബ്രാഡ്‌ലി വിഗിന്‍സ് സ്വന്തമാക്കിയിരുന്നു. പതിനെട്ടാം വയസില്‍, 1998ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിക്കൊണ്ടാണ് ബ്രാഡ്‌ലി വിഗിന്‍സ് തന്റെ വരവ് അറിയിച്ചത്.

2000ത്തില്‍ നടന്ന സിഡ്‌നി ഒളിംപിക്‌സില്‍ വെങ്കലം നേടിയ ബ്രാഡ്‌ലി വിഗിന്‍സ് തന്റെ ഒളിംപിക് മെഡല്‍ വേട്ടയ്ക്കും തുടക്കം കുറിച്ചു. 2008 ബെയ്ജിംഗ് ഒളിംപിക്‌സില്‍ രണ്ട് സ്വര്‍ണവും നേടി. തുടര്‍ന്ന് റോഡില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ബ്രാഡ്‌ലി വിഗിന്‍സ് 2012ല്‍ ടൂര്‍ ഡി ഫ്രാന്‍സില്‍ ജേതാവായതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബ്രിട്ടീഷ് സൈക്ലിംഗ് താരം കൂടിയായി മാറി.

Comments

comments

Categories: Sports

Write a Comment

Your e-mail address will not be published.
Required fields are marked*