വിമാനങ്ങളില്‍ വൈ-ഫൈ സംവിധാനം അനുവദിക്കണമെന്ന് അസോചം

വിമാനങ്ങളില്‍ വൈ-ഫൈ  സംവിധാനം അനുവദിക്കണമെന്ന് അസോചം

 

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ സേവനം നടത്തുന്ന വിമാനങ്ങളില്‍ വൈ-ഫൈ സംവിധാനമേര്‍പ്പെടുത്തണമെന്ന് മുന്‍ ആവശ്യത്തിലുറച്ച് വ്യവസായ സംഘടനകളുടെ ഉന്നതാധികാര സമിതിയായ അസോചം. പുറം ലോകവുമായ യാത്രക്കാര്‍ ബന്ധിപ്പിക്കപ്പെടും എന്നതിനു പുറമെ വിമാന സുരക്ഷയും വൈഫൈ ഉറപ്പു വരുത്തുമെന്ന് അസോചം നിരീക്ഷിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അസോചം സെക്രട്ടറി ജനറല്‍ ഡി എസ് റാവത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ തന്നെ തങ്ങളുടെ സ്മാര്‍ട്ട് ഉപകരണങ്ങളെ ഇന്റര്‍നെറ്റുമായ ബന്ധിപ്പിക്കാന്‍ യാത്രക്കാര്‍ക്ക് താല്‍പര്യമുണ്ടെന്ന് റാവത്ത് കത്തില്‍ അറിയിച്ചു.
അന്താരാഷ്ട്ര തലത്തില്‍ സേവനം നടത്തുന്ന നിരവധി കമ്പനികള്‍ തങ്ങളുടെ വിമാനങ്ങളില്‍ വൈ-ഫൈ സംവിധാനം നല്‍കുന്നു. എന്നാല്‍, ഇവ ഇന്ത്യന്‍ അതിര്‍ത്തി കടക്കുമ്പോള്‍ വൈ-ഫൈ കട്ടാക്കും. ഇന്ത്യയിലെ നിയമം അത് അനുവദിക്കുന്നില്ലയെന്നതാണ് കാരണം. വിമാനങ്ങളിലെ ഇന്റര്‍നെറ്റ് സൗകര്യം (ഐഎഫ്‌സി) കൃത്യമായ അക്ഷാംശം, രേഖാംശം, വിമാനം നില്‍ക്കുന്ന ഉയരം, ഭൂമിയിലെത്തിക്കഴിഞ്ഞതിനു ശേഷമുള്ള വിമാനത്തിന്റെ വേഗത എന്നിവ അറിയുന്നതിന് സഹായിക്കും. ഫ്‌ളൈറ്റ് ഡാറ്റാ നിരീക്ഷണം സുരക്ഷയ്ക്ക് വേണ്ടി തല്‍സമയമുള്ള ഇടപെടല്‍ സുഗമമാക്കും-കത്തില്‍ അസോചം ചൂണ്ടിക്കാട്ടി. ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ ഐഎഫ്‌സി സംവിധാനമുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഇന്ത്യ ഇതുവരെ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. ഐഎഫ്‌സി സംവിധാനമുള്ള വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമ അതിര്‍ത്തിയിലേക്ക് പ്രവേശിക്കുന്നതോടെ അവ നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. ഇത് യാത്രക്കാരില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അസോചം വ്യക്തമാക്കി.

Comments

comments

Categories: Tech