ഡേവിസ് കപ്പ് ടെന്നീസ്: ഒഴിവാക്കിയത് എന്തിനെന്നറിയില്ലെന്ന് രോഹന്‍ ബൊപ്പണ്ണ

ഡേവിസ് കപ്പ് ടെന്നീസ്:  ഒഴിവാക്കിയത് എന്തിനെന്നറിയില്ലെന്ന് രോഹന്‍ ബൊപ്പണ്ണ

 

ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിനെതിരായ ഡേവിസ് കപ്പ് ടെന്നീസ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തന്നെ ഒഴിവാക്കിയത് എന്തിനാണെന്ന് അറിയില്ലെന്ന് ഒളിംപ്യന്‍ രോഹന്‍ ബൊപ്പണ്ണ. അന്‍പത്തൊന്‍പതാം റാങ്കുകാരനും നാല്‍പ്പത്തിമൂന്ന് വയസുകാരനുമായ ലിയാന്‍ഡര്‍ പെയ്‌സ് ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ റാങ്കിംഗില്‍ 28-ാം സ്ഥാനക്കാരമായ തന്നെ ഒഴിവാക്കിയത് എന്തിനാണെന്നും രോഹന്‍ ബൊപ്പണ്ണ ചോദിച്ചു.

ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി ലിയാന്‍ഡര്‍ പെയ്‌സിനെ പിന്തുണച്ചതാണ് രോഹന്‍ ബൊപ്പണ്ണയ്ക്ക് അവസരം നഷ്ടമാകുന്നതിന് കാരണമായത്. ലിയാന്‍ഡര്‍ പെയ്‌സിനൊപ്പം സാകേത് മൈനേനിയാകും ഡബള്‍സ് മത്സരങ്ങള്‍ക്കിറങ്ങുക. സ്‌പെയിനിന്റെ റാഫേല്‍ നദാല്‍-മാര്‍ക് ലോപ്പസ് സഖ്യത്തിനെതിരെ മൈനേനിക്കൊപ്പം കഴിഞ്ഞ സീസണില്‍ നടത്തിയ മികച്ച പ്രകടനമാണ് ലിയാന്‍ഡര്‍ പെയ്‌സിനെ തുണച്ചത്.

കുറച്ച് നാളുകളായി മത്സരങ്ങളില്‍ സജീവമല്ലാത്ത സോംദേവ് വര്‍മനും ഡേവിസ് കപ്പ് മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഇടം കണ്ടെത്താനായില്ല. യുകി ഭാംബ്രി, രാംകുമാര്‍ രാമനാഥന്‍, പ്രജ്ഞേഷ് ഗുണേശ്വരന്‍ എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ട മറ്റ് താരങ്ങള്‍. ഡേവിസ് കപ്പിനുള്ള ടീമിന്റെ നോണ്‍ പ്ലേയിംഗ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മഹേഷ് ഭൂപതിയെയും തിരഞ്ഞെടുത്തിരുന്നു.

ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിന് ശേഷമാകും മഹേഷ് ഭൂപതി ചുമതലയേല്‍ക്കുക. നിലവിലെ നോണ്‍ പ്ലേയിംഗ് ക്യാപ്റ്റനായ ആനന്ദ് അമൃത്‌രാജിന്റെ വിടവാങ്ങല്‍ മത്സരം കൂടിയാകും ന്യൂസിലാന്‍ഡിനെതിരായത്. ഫെബ്രുവരി മാസം മൂന്നാം തിയതി മുതല്‍ അഞ്ച് വരെ പൂനെയില്‍ വെച്ചാണ് ഡേവിസ് കപ്പ് മത്സരങ്ങള്‍ നടക്കുക.

ഫെഡറേഷന്‍ കപ്പ് ടെന്നീസില്‍ ഏഷ്യ-ഓഷ്യാനിയ ഒന്നാം ഗ്രൂപ്പില്‍ മത്സരിക്കേണ്ട വനിതാ ടീമിന്റെ താത്കാലിക പട്ടികയും പ്രഖ്യാപിച്ചു. സാനിയ മിര്‍സയ്‌ക്കൊപ്പം അങ്കിത റെയ്‌ന, സ്‌നേഹദേവി റെഡ്ഡി, കര്‍മന്‍ താന്‍ഡി, റിയ ഭാട്യ, പ്രാര്‍ഥന തോംബാര്‍ എന്നിവരാണ് പട്ടികയില്‍ ഇടം കണ്ടെത്തിയത്. കസഖ്സ്ഥാനില്‍ നടക്കുന്ന മത്സരങ്ങള്‍ ഫെബ്രുവരി ആറാം തിയതി ആരംഭിക്കും.

Comments

comments

Categories: Sports