കമ്പോളങ്ങളാണ് ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വിളനിലങ്ങള്‍ ഒര്‍ജിത് സെന്‍

കമ്പോളങ്ങളാണ് ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വിളനിലങ്ങള്‍ ഒര്‍ജിത് സെന്‍

കൊച്ചി: വിസ്മൃതിയിലാണ്ടു പോയ കമ്പോളങ്ങള്‍ക്കൊപ്പം ആ പ്രദേശത്തിന്റെ ചരിത്രവും ഇല്ലാതാകും എന്നതാണ് പ്രശസ്ത ഗ്രാഫിക്‌സ് കലാകാരനായ ഒര്‍ജിത് സെന്നിന്റെ പക്ഷം. തനതു മാതൃകയില്‍ നിലനില്‍ക്കുന്ന രാജ്യത്തെ മൂന്ന് ചന്തകളുടെ സംവദിക്കുന്ന ഭൂപടമാണ് ഒര്‍ജിത് സെന്‍ കൊച്ചിമുസിരിസ് ബിനാലെ മൂന്നാം ലക്കത്തിനു വേണ്ടി ഒരുക്കിയിട്ടുള്ളത്.

ബിനാലെയുടെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസിലാണ് ഒര്‍ജിത് സെന്നിന്റെ പ്രദര്‍ശനം. ഗോവയിലെ മാപുസ മാര്‍ക്കറ്റ്, പഞ്ചാബിലെ ഗ്രാന്റ് ട്രങ്ക് റോഡിലെ മാര്‍ക്കറ്റ്, ഹൈദരാബാദിലെ പഴയ നഗരം എന്നിവയാണ് അദ്ദേഹത്തിന്റെ സൃഷ്ടികള്‍.

പല തരത്തിലാണ് സന്ദര്‍ശകരുമായി ഭുപടം സംവദിക്കുന്നത്. മാപുസ മാര്‍ക്കറ്റിന്റെ തനതു സവിശേഷതകളെല്ലാം സമന്വയിപ്പിച്ച് തയ്യാറാക്കിയ ഭൂപടത്തില്‍ ചില ഭാഗങ്ങള്‍ എടുത്തു മാറ്റിയിട്ടുണ്ട്. അതിന്റെ യഥാര്‍ത്ഥ ഭാഗം ചേരും പടി ചേര്‍ക്കുന്നതു പോലെ ചേര്‍ക്കണം. ഇത്തരത്തില്‍ മറ്റ് രണ്ട് മാര്‍ക്കറ്റുകളിലും വ്യത്യസ്തങ്ങളായ സംവാദം കാഴ്ചക്കാരുമായി ഒര്‍ജിത് ഒരുക്കിയിരിക്കുന്നു.

കേവലമൊരു കൗതുകക്കാഴ്ചയ്ക്കപ്പുറം ഗൗരവമായ നിരവധി വിഷയങ്ങള്‍ ഒര്‍ജിത് സെന്‍ കാഴ്ചക്കാരുമായി പങ്കു വയ്ക്കുന്നുണ്ട്. എങ്ങനെയാണ് ഒരു വ്യക്തിക്ക് ഏതെങ്കിലുമൊരു പ്രദേശം സ്വന്തം നാടായി വ്യാഖ്യാനിക്കാന്‍ കഴിയുകയെന്ന് ഒര്‍ജിത് സെന്‍ ചോദിക്കുന്നു. പഞ്ചാബിയാണെന്നു പറയുമ്പോള്‍ വിഭജനത്തിനു മുമ്പുള്ളതോ ശേഷമുള്ളതോ എന്ന സംശയം എല്ലാവര്‍ക്കുമുണ്ടാകുന്നു. ഹൈദരാബാദി എന്ന സ്വത്വം നിരവധി സമൂഹങ്ങള്‍ക്ക് അവകാശപ്പെടാവുന്നതാണ്. അതിനാല്‍ തന്നെ സ്ഥലവുമായി ബന്ധപ്പെട്ട സ്വത്വങ്ങള്‍ക്ക് സാധുതയില്ലെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു.

ഗ്രാന്റ് ട്രങ്ക് റോഡിന്റെ കാര്യം തന്നെയാണ് ഇതിനായി ചൂണ്ടിക്കാണിക്കുന്നത്. ഡാക്ക മുതല്‍ കാബുള്‍ വരെ പോകുന്ന ജിടി റോഡിന്റെ ഇരുവശങ്ങളിലുമുള്ളയാളുകളുടെ സ്വത്വം വിഭജനത്തോടെ വ്യത്യസ്തമായി എന്ന് അദ്ദേഹം പറയുന്നു.

നിര്‍ബന്ധിതമായി വരച്ചു ചേര്‍ക്കപ്പെട്ട അതിര്‍ത്തികള്‍ കാരണം നൂറ്റാണ്ടുകളായി തുടര്‍ന്നു പോന്നിരുന്ന സാംസ്‌കാരിക മുന്നേറ്റം പഴയകാലത്തിന്റെ നിഴല്‍ മാത്രമായി എന്ന് ഒര്‍ജിത് സെന്‍ പറയുന്നു. വിവിധ അലങ്കാര തൊങ്ങലുകള്‍ പിടിപ്പിച്ച സിഖ് തലപ്പാവ് ഉണ്ടാക്കുന്ന ഒരു മുസ്ലീം സമൂഹം ഇവിടെ നിലനിന്നിരുന്നു. ഇന്ന് പഞ്ചാബില്‍ കാണുന്ന ഒറ്റ നിറമുള്ള തലപ്പാവില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു അത്. എന്നാല്‍ വിഭജനത്തിനു ശേഷം ഈ കലാകാരന്മാരെ നഷ്ടമായി. ഭരണകൂടത്തിന്റെ ഇടപെടല്‍ നിമിത്തം ഇത്തരത്തില്‍ കണ്ണില്‍പെടാത്ത ദുരന്തങ്ങളും ചരിത്രത്തിന്റെ മായ്ചു കളയലുകളും നടന്നിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

മലര്‍കോട്‌ല എന്ന സ്ഥലം ജിടി റോഡിന്റെ അരികിലാണ് സ്ഥിതി ചെയ്തിരുന്നത്. അവിടെയുണ്ടായിരുന്ന ചെറിയ മുസ്ലീം സമൂഹത്തെ വിഭജനത്തിന്റെ ഘട്ടത്തില്‍ സംരക്ഷിച്ചത് ഹിന്ദുക്കളും സിഖുകാരും ചേര്‍ന്നാണ്. ഈ സംഭവം ചരിത്രപുസ്തകങ്ങളില്‍ കാര്യമായി ഇടം പിടിച്ചിട്ടുണ്ടാകില്ല. എന്നാല്‍ തന്റെ കലാസൃഷ്ടിയിലൂടെ ഇതിനെ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഷോപ്പിംഗ് മാള്‍ സംസ്‌കാരത്തില്‍ നിന്നും ഗോവയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മാപുസ മാര്‍ക്കറ്റ് വേറിട്ടു നില്‍ക്കുന്നത് തന്റെ സൃഷ്ടിയിലൂടെ ഒര്‍ജിത് സെന്‍ വരച്ചു കാട്ടുന്നു. ദല്ലാളുകള്‍, കൗതുക വസ്തുക്കച്ചവടക്കാര്‍, മീന്‍ വില്‍പനക്കാര്‍ എന്നിവരെ തന്മയത്വത്തോടെ സൃഷ്ടിച്ചെടുത്തിരിക്കുന്നു.

ഗോവയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ പരിഛേദമാണ് മാപുസ മാര്‍ക്കറ്റ്. ഇത് ഇടിച്ചു പൊളിച്ച് ആധുനിക രീതിയിലുള്ള മാര്‍ക്കറ്റ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. അങ്ങിനെ വന്നാല്‍ മാപുസ മാര്‍ക്കറ്റില്‍ ഇന്ന് നിലനില്‍ക്കുന്ന സുസ്ഥിര വികസനം ഇല്ലാതാകും. വികസനത്തിന്റെ പേരിലുള്ള നിര്‍ബന്ധിത പറിച്ചു നടല്‍ മൂലം ഇപ്പോള്‍ തന്നെ ഏറെ നഷ്ടമുണ്ടായിക്കഴിഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വൈവിദ്ധ്യങ്ങളാണ് ഒര്‍ജിത് സെന്നിനെ ഹൈദരബാദിനോട് അടുപ്പിച്ചത്. വിവിധ സംസ്‌കാരങ്ങളുടെ സംഗമകേന്ദ്രമാണ് ഈ നഗരം. നിറങ്ങള്‍, വിവിധ സമൂഹങ്ങള്‍, അവരുടെ വസ്ത്രധാരണ രീതി, ഭക്ഷണം എന്നിങ്ങനെ പോകുന്നു വൈവിദ്ധ്യങ്ങള്‍. ബോണലു, മകരസംക്രാന്തി, മുഹറം, ഗണേശ ചതുര്‍ത്ഥി, ഈദ് ഉല്‍ ഫിത്തര്‍ എന്നീ ഉത്സവാഘോഷങ്ങള്‍ മനം നിറയ്ക്കുന്നവയാണെന്നും അദ്ദേഹം പറയുന്നു.
.

Comments

comments

Categories: Branding