ലേബല്‍ മാര്‍ഗ നിര്‍ദേശങ്ങളില്‍ ഇളവ് വേണമെന്ന് ആപ്പിള്‍

ലേബല്‍ മാര്‍ഗ നിര്‍ദേശങ്ങളില്‍ ഇളവ് വേണമെന്ന് ആപ്പിള്‍

 

ന്യൂഡെല്‍ഹി : ലേബലിംഗ് സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങളില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ആപ്പിള്‍ രംഗത്ത്. ഉല്‍പ്പന്നങ്ങളില്‍ അവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രിന്റ് ചെയ്യുന്നത് ആപ്പിള്‍ ആഗ്രഹിക്കുന്നില്ല. ഉപകരണത്തില്‍ ലേബലിംഗ് പരമാവധി കുറയ്ക്കുകയെന്നതാണ് ആപ്പിള്‍ പിന്തുടരുന്ന രീതി. ഇന്ത്യയില്‍ നിര്‍മാണം തുടങ്ങുന്നതിന് ആവശ്യപ്പെട്ട ഇളവുകളിലൊന്ന് ഇതാണെന്ന് ആപ്പിള്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആപ്പിളിന്റെ അപേക്ഷ ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ വകുപ്പ്, റവന്യൂ വകുപ്പിനും ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിനും കൈമാറിയിരിക്കുകയാണ്. നിലവില്‍ ആറ് രാജ്യങ്ങളിലാണ് ആപ്പിളിന് മാനുഫാക്ച്ചറിംഗ് പ്ലാന്റ് ഉള്ളത്. ഇവയില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദനം നടക്കുന്നത് ചൈനയിലാണ്.
ഉല്‍പ്പന്നത്തിന്റെ ആകര്‍ഷകതയ്ക്ക് തങ്ങളുടെ സവിശേഷ രൂപകല്‍പ്പന അനിവാര്യമാണെന്നും ഉപകരണങ്ങളില്‍നിന്ന് പ്രിന്റിംഗ് പരമാവധി ഒഴിവാക്കാനാണ് ശ്രമിക്കാറുള്ളതെന്നും കമ്പനി വ്യക്തമാക്കി. പാക്കിംഗില്‍ ഉല്‍പ്പന്നം സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമെന്നും അധികൃതര്‍ അറിയിച്ചു.
ആപ്പിള്‍ ധനകാര്യ മന്ത്രാലയത്തെ സമീപിച്ച് നികുതിയിളവുകളും അഭ്യര്‍ത്ഥിച്ചു. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി പ്രത്യേക സാമ്പത്തിക മേഖലകളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ സബ്‌സിഡി നല്‍കിവരുന്നുണ്ട്. ഇന്ത്യയില്‍ തങ്ങളുടെ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിന് 30 ശതമാനം പ്രാദേശിക വിഭവസമാഹരണം നടത്തണമെന്ന നിബന്ധന ഒഴിവാക്കിത്തരണമെന്ന ആപ്പിളിന്റെ അഭ്യര്‍ത്ഥന നേരത്തെ ധനകാര്യ മന്ത്രാലയം തള്ളിയിരുന്നു.
ഈ വര്‍ഷമാദ്യം ന്യൂ ഡെല്‍ഹിയിലെത്തിയ ആപ്പിള്‍ സിഇഒ ടിം കുക്ക് ഇന്ത്യയാണ് തങ്ങളുടെ അടുത്ത വലിയ വിപണിയെന്ന് പ്രഖ്യാപിക്കുകയുണ്ടായി. രാജ്യത്ത് ഫാക്റ്ററികള്‍ തുറക്കണമെന്ന് കൂടിക്കാഴ്ച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടിം കുക്കിനോട് ആവശ്യപ്പെടുകയും ചെയ്തു.

Comments

comments

Categories: Slider, Top Stories