ടെസ്റ്റ് ക്രിക്കറ്റ്: എല്‍ബിഡബ്ല്യുവിലൂടെ പുറത്താകുന്ന 10000മത്തെ താരമായി ഹാഷിം അംല

ടെസ്റ്റ് ക്രിക്കറ്റ്:  എല്‍ബിഡബ്ല്യുവിലൂടെ പുറത്താകുന്ന 10000മത്തെ  താരമായി ഹാഷിം അംല

 

പോര്‍ട്ട് എലിസബത്ത്: ടെസ്റ്റ് ക്രിക്കറ്റില്‍ എല്‍ബി ഡബ്ല്യുവിലൂടെ (ലെഗ് ബിഫോര്‍ വിക്കറ്റ്) പുറത്താകുന്ന 10000മത്തെ താരമായി ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 48 റണ്‍സെടുത്ത് നില്‍ക്കവെയായിരുന്നു നുവാന്‍ പ്രദീപിന്റെ പന്തില്‍ ഹാഷിം അംല ഔട്ടായത്.

ടെസ്റ്റ് ക്രിക്കറ്റില്‍ എല്‍ബിഡബ്ല്യു നടപ്പിലാക്കിയത് മുതലുള്ള കണക്കാണ് പതിനായിരമെന്നത്. കരിയറില്‍ 98 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 27 തവണയാണ് ഹാഷിം അംല വിക്കറ്റിന് മുന്നില്‍ കുടുങ്ങുന്നത്. ഈ വര്‍ഷം ഇത് ഒന്‍പതാം തവയാണ് ഹാഷിം അംല എല്‍ബിഡബ്ല്യു ആയി പുറത്താകുന്നത്. ടെസ്റ്റില്‍ എല്‍ബിഡബ്ല്യുവിലൂടെ ഏറ്റവുമധികം തവണ ഔട്ടായത് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്.

296 തവണ പുറത്തായിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 63 പ്രാവശ്യമാണ് എല്‍ബിഡബ്ല്യുവിലൂടെ ഔട്ടായിട്ടുള്ളത്. വെസ്റ്റ് ഇന്‍ഡീസിന്റെ ശിവനാരായണന്‍ ചന്ദ്രപോളാണ് രണ്ടാം സ്ഥാനത്ത്. അദ്ദേഹം 231 പുറത്താകലുകളില്‍ 55 തവണ ഇത്തരത്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. എല്‍ബിഡബ്ല്യുവിലൂടെ പുറത്തായവരില്‍ അന്‍പതിലെത്തിയ മറ്റൊരു താരം ഇംഗ്ലണ്ടിന്റെ ഗ്രഹാം ഗൂച്ചാണ്.

നിലവില്‍ കളിക്കുന്നവരില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലൈസ്റ്റര്‍ കുക്ക്, പാക്കിസ്ഥാന്‍ താരം യൂനിസ് ഖാന്‍ എന്നിവര്‍ യഥാക്രമം 47, 43 തവണ എല്‍ബിഡബ്ല്യുവിലൂടെ പുറത്തായി. എല്‍ബിഡബ്ല്യുവിലൂടെ ഏറ്റവുമധികം വിക്കറ്റ് നേടിയിരിക്കുന്നത് ഇന്ത്യയുടെ അനില്‍ കുംബ്ലെയാണ്. അനില്‍ കുംബ്ലെ വീഴ്ത്തിയ 619 വിക്കറ്റുകളില്‍ 156 എണ്ണവും ഇത്തരത്തിലായിരുന്നു.

Comments

comments

Categories: Sports