മാരുതി ഡിസയര്‍ ടൂര്‍ വില്‍പ്പന മാര്‍ച്ച് മുതല്‍ നിര്‍ത്തും

മാരുതി ഡിസയര്‍ ടൂര്‍ വില്‍പ്പന മാര്‍ച്ച് മുതല്‍ നിര്‍ത്തും

 

ന്യൂഡെല്‍ഹി: മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഡിസയര്‍ ടൂര്‍ സെഡാന്‍ വില്‍പ്പന നിര്‍ത്തുന്നു. അടുത്ത മാര്‍ച്ചോടെ ഡിസയര്‍ ടൂറിന്റെ വില്‍പ്പന പൂര്‍ണമായും നിര്‍ത്തുമെന്ന് കമ്പനിയോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.
അടുത്ത വര്‍ഷം മാര്‍ച്ചില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ മോഡല്‍ ഡിസയറിന് വഴിയൊരുക്കാനാണ് ഡിസയര്‍ ടൂര്‍ വില്‍പ്പന കമ്പനി നിര്‍ത്തുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ ഈ മോഡലിന്റെ ഉല്‍പ്പാദനം നിര്‍ത്തുമെന്ന് കമ്പനി ഡീലര്‍മാരെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.
2012ല്‍ വിപണിയിലെത്തിയ സമയത്ത് മികച്ച സ്വീകരണം ലഭിച്ച മാരുതിയുടെ മോഡലാണ് ഡിസയര്‍. കോര്‍പ്പറേറ്റ്, ടാക്‌സി ഉപയോഗത്തിന് ഏറ്റവും മികച്ചതെന്ന ഖ്യാതി ലഭിച്ചതോടെ വിപണിയില്‍ മികച്ച വില്‍പ്പന നേടാന്‍ ഡിസയറിനായിരുന്നു.
അതേസമയം, പുതിയ മോഡല്‍ ഡിസയര്‍ വ്യക്തിഗത ഉപയോഗത്തിനിണങ്ങുന്ന രീതിയിലായിരിക്കും മാരുതി എത്തിക്കുക. മാസം 2,500 മുതല്‍ 3,000 യൂണിറ്റുകള്‍ വരെ വില്‍പ്പന നടക്കുന്ന ഡിസയര്‍ കഴിഞ്ഞ മാസം രേഖപ്പെടുത്തിയ വില്‍പ്പന 3,017 യൂണിറ്റുകളാണ്.
ഇതിന് മുമ്പ് കമ്പനിയുടെ ഹാച്ച്ബാക്കായ റിറ്റ്‌സിന്റെയും നിര്‍മാണം കമ്പനി നിര്‍ത്തലാക്കിയിട്ടുണ്ട്. പുതിയതും കൂടുതല്‍ വില്‍പ്പന നടക്കുന്നതുമായ ബലേനൊ, ബ്രെസ എന്നീ മോഡലുകള്‍ക്ക് പ്രധാന്യം നല്‍കുന്നതിന്റെ സൂചനകളാണ് ഇതില്‍ നിന്നും ലഭിക്കുന്നതെന്ന് വാഹന വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
നിര്‍മാണ പ്രതിസന്ധി നേരിടുന്നതിനാല്‍ ബലേനൊ, ബ്രെസ എന്നീ മോഡലുകള്‍ക്ക് നീണ്ട കാത്തിരിപ്പാണ് ഉപഭോക്താക്കള്‍ക്കുണ്ടാകുന്നത്. ഇഗ്‌നിസ്, ബലേനൊ ആര്‍എസ് എന്നീ മോഡലുകളുടെ ലോഞ്ചിംഗ് വൈകുന്നതും ഇക്കാരണം കൊണ്ടുതന്നെയാണ്.

Comments

comments

Categories: Auto