കരകൗശലരംഗത്തെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കും: വ്യവസായമന്ത്രി എ സി മൊയ്തീന്‍

കരകൗശലരംഗത്തെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കും: വ്യവസായമന്ത്രി എ സി മൊയ്തീന്‍

തിരുവനന്തപുരം: കരകൗശല രംഗത്തെ കലാകാരന്മാരുടെയും തൊഴിലാളികളുടെയും ക്ഷേമം ഉറപ്പാക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുമെന്ന് വ്യവസായ, കായിക വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ കരകൗശല അവാര്‍ഡുദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടു ലക്ഷത്തില്‍ത്താഴെ ആളുകള്‍ പ്രവര്‍ത്തിക്കുന്ന തൊഴില്‍മേഖലയാണ് കരകൗശലമേഖല. പാരമ്പര്യമായിക്കിട്ടിയ വിജ്ഞാനം കലാപരമായി ഉപയോഗപ്പെടുത്തി ലോഹത്തിലും മരത്തിലും നാരുകളിലുമെല്ലാം ശില്പങ്ങളും ചിത്രങ്ങളും മെനയുന്ന നൈപുണ്യമേറിയ തൊഴിലാളികളാണിവര്‍. പരമ്പരാഗത തൊഴിലുകളുടെ ഗണത്തില്‍പെടുത്തിത്തന്നെ കരകൗശല തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആനുകൂല്യങ്ങളും വരുമാനവും ഉറപ്പു വരുത്താനുമുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വളര്‍ന്നുവരേണ്ട ഒരു കലാശാഖയും തൊഴില്‍ മേഖലയുമാണ് കരകൗശല മേഖല എന്നു മനസ്സിലാക്കിയാണ് സര്‍ക്കാര്‍ ഈ മേഖലയില്‍ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന കരകൗശല അവാര്‍ഡുകള്‍ക്കര്‍ഹരായ പി. മോഹനന്‍ (ദാരുശില്‍പം), ദയാലു കെ ഡി (ചിരട്ടയും തേങ്ങയുടെ അനുബന്ധ വസ്തുക്കളും ഉപയോഗിച്ചുള്ള ശില്‍പങ്ങള്‍), വി വി സുരേഷ് കുമാര്‍ (സമ്മിശ്ര ശില്‍പങ്ങള്‍) എന്നിവര്‍ക്ക് ശില്‍പവും പ്രശസ്തി പത്രവും അമ്പതിനായിരം രൂപയുടെ ക്യാഷ് അവാര്‍ഡും മന്ത്രി സമ്മാനിച്ചു. കെ ആര്‍ മോഹനന്‍, വി എന്‍ ഉണ്ണികൃഷ്ണന്‍, മുരളി കെ ബി, ശശികല സി പി, എന്നിവര്‍ മെരിറ്റ് അവാര്‍ഡ് നേടി. സംസ്ഥാന അവാര്‍ഡ് ജേതാക്കളെ കെ മുരളീധരന്‍ എംഎല്‍എയും ദേശീയ അവാര്‍ഡ് നേടിയ കരകൗശല കലാകാരന്‍മാരെ വ്യവസായമന്ത്രിയും പൊന്നാടയണിയിച്ച് ആദരിച്ചു. കെ മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, വ്യവസായവാണിജ്യ വകുപ്പ് ഡയറക്റ്റര്‍ പി എം ഫ്രാന്‍സിസ്, സുരഭി പ്രസിഡന്റ് അഹമ്മദ് കണ്ണ്, എച്ച്ഡിസികെ ചെയര്‍മാന്‍ കെ എസ് സുനില്‍കുമാര്‍, കാഡ്‌കോ ചെയര്‍മാന്‍ നെടുവത്തൂര്‍ സുന്ദരേശന്‍, ഹാന്റി ക്രാഫ്റ്റ്‌സ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ എല്‍ ബാലു, വ്യവസായ വാണിജ്യ വകുപ്പ് അഡീഷണല്‍ ഡയറക്റ്റര്‍ എസ് സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Categories: Branding