മാനുഫാക്ചറിംഗ് വളര്‍ച്ചയിലൂടെ വ്യാപാര കമ്മി തടയാനാകും: ഉപരാഷ്ട്രപതി

മാനുഫാക്ചറിംഗ് വളര്‍ച്ചയിലൂടെ വ്യാപാര കമ്മി തടയാനാകും: ഉപരാഷ്ട്രപതി

 

മുംബൈ: വര്‍ധിക്കുന്ന വ്യാപാര കമ്മി തടയുന്നതിന് ദീര്‍ഘകാലടിസ്ഥാനത്തിലുള്ള പരിഹാരമാര്‍ഗ്ഗമാകാന്‍ മാനുഫാക്ചറിംഗ് മേഖലയുടെ വളര്‍ച്ചയ്ക്ക് സാധിക്കുമെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. ദശലക്ഷകണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരങ്ങളൊരുക്കുന്നതിനും ഈ മേഖലയുടെ വികാസം വഴിയൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുംബൈയില്‍ നടന്ന ചടങ്ങില്‍ എം വിശ്വേശരയ്യ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു ഉപരാഷ്ട്രപതി.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളാണ് വര്‍ധിക്കുന്ന വ്യാപാര കമ്മിയും, രാജ്യത്തെ യുവാക്കള്‍ക്ക് തൊഴില്‍ സാധ്യതകളൊരുക്കുകയെന്നതും. ഇന്ത്യന്‍ ജിഡിപിയില്‍ 60 ശതമാനത്തിലധികം പങ്കാളിത്തം വഹിക്കുന്നത് സേവന മേഖലയാണെങ്കിലും പറയത്തക്ക തൊഴിലവസരങ്ങളൊരുക്കാന്‍ സേവന മേഖലയ്ക്ക് സാധിച്ചിട്ടില്ലെന്നും ഹമീദ് അന്‍സാരി പറഞ്ഞു. തൊഴില്‍ രംഗത്ത് 15 ശതമാനം മാത്രമെ സേവന മേഖലയ്ക്ക് സംഭാവന ചെയ്യാന്‍ സാധിച്ചിട്ടുള്ളുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മാനുഫാക്ച്ചറിംഗ് മേഖലയുടെ വളര്‍ച്ച പ്രതീക്ഷിക്കുന്ന തരത്തിലേക്ക് എത്തിക്കുന്നതിന് ആഗോള നിലവാരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കണമെന്നും ഉപരാഷ്ട്രപതി നിര്‍ദേശിച്ചു. പ്രവര്‍ത്തനത്തിലും ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിലും ആഗോള നിലവാരം പ്രധാനപ്പെട്ട ഘടകമാണ്. ഇതിലൂടെ അന്താരാഷ്ട്ര വ്യാപാര പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും ഇന്ത്യക്ക് സാധിക്കുമെന്നും അന്‍സാരി പറഞ്ഞു.

ലോക വിപണികളോട് മത്സരിക്കണമെങ്കില്‍ ഉല്‍പ്പാദനക്ഷമതയിലും കഴിവിലും ഇന്ത്യന്‍ ഉല്‍പ്പാദന മേഖല വികസനം കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. അന്തരാഷ്ട്ര നിലവാരത്തിലുള്ള സാങ്കേതിക സൗകര്യങ്ങളാണ് വ്യാവസായിക വികസനത്തിലേക്കുള്ള പ്രധാന മാര്‍ഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy

Write a Comment

Your e-mail address will not be published.
Required fields are marked*