ട്രംപിന്റെ വിജയ വര്‍ഷം; കാസ്‌ട്രോയുടെ വിയോഗത്തിന്റേയും

ട്രംപിന്റെ വിജയ വര്‍ഷം;  കാസ്‌ട്രോയുടെ വിയോഗത്തിന്റേയും

അമിത് കപൂര്‍

രു വര്‍ഷം കൂടി കടന്നുപോകുന്നു. അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും നിരവധി പ്രധാന സംഭവവികാസങ്ങള്‍ നടന്ന വര്‍ഷമാണ് പിന്നിടുന്നത്. ആസന്നമായ പല കാര്യങ്ങളെയും രൂപപ്പെടുത്തിയെടുക്കാനുള്ള സാധ്യത ഇവയില്‍ ഭൂരിഭാഗത്തിനുമുണ്ട്. എന്നാല്‍, സമീപ ഭാവിക്ക് അവ സാധ്യതകളൊന്നും കല്‍പ്പിക്കുന്നില്ലയെന്നതാണ് യാഥാര്‍ത്ഥ്യം. അന്താരാഷ്ട്ര രാഷ്ട്രീയ-സാമ്പത്തിക തലത്തില്‍ നിന്നു നോക്കുമ്പോള്‍ ആഗോള വളര്‍ച്ച, ഭരണവ്യവസ്ഥ, ഇടക്കാലത്തു നിന്ന് ദീര്‍ഘനാളത്തേക്ക് സ്ഥിതിഗതികള്‍ക്ക് എങ്ങനെ മാറ്റം സംഭവിക്കുന്നു തുടങ്ങിയ മൂന്നു കാര്യങ്ങളാണ് ചുക്കാന്‍ പിടിക്കുന്നത്.

ഇതില്‍ ആദ്യത്തേത് ബ്രെക്‌സിറ്റും അതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ രാജിയുമാണ്. വ്യക്തതയില്‍ നിന്നും ഇപ്പോഴും ദൂരെ മാറിയാണ് നിലനില്‍ക്കുന്നതെങ്കിലും തലക്കെട്ടുകളില്‍ സ്ഥാനം പിടിച്ച ഒരു സംഭവമായിരുന്നു ബ്രെക്‌സിറ്റ്. യൂറോപ്പ് എന്ന ആശയത്തെ ദീര്‍ഘനാളത്തേക്ക് പിടിച്ചുലയ്ക്കാന്‍ ശേഷിയുണ്ട് അതിന്. വരും വര്‍ഷങ്ങളെ അത് എങ്ങനെ മാറ്റിമറിക്കുമെന്നും കാത്തിരുന്നു കാണേണ്ടിവരും. യൂറോപ്പ് എന്ന ആശയത്തിന്റെ അവസാനമാണിതെന്നും ചിലര്‍ വ്യാഖ്യാനിക്കുന്നുണ്ട്.

മറ്റൊരു പ്രധാന സംഭവം യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡൊണാള്‍ഡ് ട്രംപിന്റെ വിജയമാണ്. പ്രചാരണ വേളയിലെ മാധ്യമ പ്രവചനങ്ങളെല്ലാം തെറ്റിച്ചുകൊണ്ടാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി വിജയപദത്തിലെത്തിയത്. വരും വര്‍ഷങ്ങളില്‍ ഈ വിജയം ചില ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. കാരണം, രാഷ്ട്രീയത്തിലും സാമ്പത്തിക ഭരണവ്യവസ്ഥയിലും ട്രംപിന് പരിചയസമ്പത്ത് ഇല്ലയെന്നതു തന്നെ. വിസ്തൃതവും സങ്കീര്‍ണവുമായ യുഎസ് സമ്പദ് വ്യവസ്ഥയില്‍ അദ്ദേഹം എന്തൊക്കെ കൂട്ടിക്കിഴിക്കലുകള്‍ നടത്തുമെന്ന് കണ്ടറിയണം. ഇത് കൂടാതെ, ട്രംപിന്റെ വിദേശ നയം, വ്യാപാരത്തിലുള്ള നിലപാട് എന്നിവയും ആഗോള മത്സരക്ഷമതയിലും വളര്‍ച്ചയിലും നിര്‍ണായകമായേക്കും. പ്രത്യേകിച്ച്, അന്താരാഷ്ട്ര തലത്തിലെ വ്യാപാരം തുടര്‍ച്ചയായി ഇടറുന്ന സ്ഥിതിക്ക്.

മൂന്നാമത്തെ പ്രധാന സംഗതി, ഒപെക് രാജ്യങ്ങളുടെ കരാറാണ്. ഒപെക്കില്‍ അംഗമല്ലാത്ത റഷ്യ ഉള്‍പ്പെടെയുള്ള എണ്ണ ഉല്‍പ്പാദക രാജ്യങ്ങളെ ഇത് ബാധിക്കുകയും തല്‍ഫലമായി എണ്ണ വില ഉയരുകയും ചെയ്യും. ഉല്‍പ്പാദനം കുറയ്ക്കുന്നതിന്റെ ഫലമായി വില ഉയരുന്നത് എണ്ണ ഉപഭോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങളെ ദോഷകരമായി ബാധിക്കും. ആവശ്യമുള്ള ഓയിലിന്റെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.

പെട്രോബ്രാസ് അഴിമതിയെത്തുടര്‍ന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസെഫിനെ ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കിയതാണ് 2016ല്‍ മാധ്യമങ്ങളുടെ തലക്കെട്ടില്‍ സ്ഥാനം പിടിച്ച മറ്റൊരു കാര്യം. നിരവധി ബിസിനസ് സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ടുകള്‍ സ്വരൂപിക്കാന്‍ സുഹൃത്തായ ചോയ് സൂന്‍ സില്ലിന് വഴിവിട്ട സഹായം ചെയ്ത് പദവി ദുരുപയോഗം ചെയ്തതിന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗൗന്‍-ഹെയെ പുറത്താക്കിയതാണ് അന്താരാഷ്ട്ര ശ്രദ്ധ നേടിയ മറ്റൊരു ഇംപീച്ച്‌മെന്റ്.

ക്യൂബന്‍ വിപ്ലവ നേതാവും മുന്‍ പ്രസിഡന്റുമായ ഫിദല്‍ കാസ്‌ട്രോയുടെ വേര്‍പാടിനും 2016 സാക്ഷ്യം വഹിച്ചു. അദ്ദേഹം പിന്തുടര്‍ന്ന പാരമ്പര്യം ചൂടോടെ ചര്‍ച്ച ചെയ്യപ്പെട്ടു. പാശ്ചാത്യ ലോകത്തോടുള്ള ക്യൂബയുടെ നിലപാടില്‍ മാറ്റംവരുത്താന്‍ അദ്ദേഹത്തിന്റെ വേര്‍പാട് കാരണമായേക്കാം. തുര്‍ക്കിയിലെ പട്ടാള അട്ടിമറിയെ നേരിട്ട് വീണ്ടും അധികാരം പിടിച്ചെടുത്ത പ്രസിഡന്റ് തയ്പ് എര്‍ദോഗനും മുഖ്യ വാര്‍ത്തകളുടെ ഭാഗമായി. പട്ടാളം കൈയടക്കിയ അങ്കാര, ഇസ്താന്‍ബുള്‍ തുടങ്ങിയ പ്രമുഖ നഗരങ്ങളുടെ നിയന്ത്രണം അദ്ദേഹം തിരികെ പിടിച്ചെടുത്തു.

പശ്ചിമേഷ്യ ഏറ്റവും സംഘര്‍ഷഭരിതമായതിനും 2016 സാക്ഷിയായി. സിറിയയില്‍ ഭരണം കൈയാളുന്ന ബാഷര്‍ അല്‍ അസദും പ്രതിയോഗികളും തമ്മിലുള്ള പോരാട്ടം ഏറ്റവും രൂക്ഷമായതും ഈ വര്‍ഷമാണ്. ലോകത്തിലെ പ്രധാന ശക്തികള്‍ അസദിനെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരുമായി ചേരിതിരിഞ്ഞ് ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് തുടരുന്നു. സിറിയ, യെമന്‍ എന്നീ രാജ്യങ്ങളിലെ ആക്രമണങ്ങള്‍ പാരമ്യതയിലെത്തി ഈ വര്‍ഷം. യുഎന്‍എച്ച്ആര്‍സി നടത്തിയ പഠന പ്രകാരം, 2016ന്റെ തുടക്കം മുതല്‍ ഏകദേശം 65 മില്ല്യണ്‍ ആളുകളെ നിര്‍ബന്ധപൂര്‍വ്വം തങ്ങളുടെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 60 മില്ല്യണ്‍ അധികമാണ് ഈ സംഖ്യ. നിരവധി വികസ്വര രാജ്യങ്ങളിലും വികസിത രാജ്യങ്ങളിലും ഭീകരാക്രമണങ്ങളും ്അരങ്ങേറി.

ഇന്ത്യയിലേക്ക് വരുമ്പോള്‍, ഈ വര്‍ഷം നമ്മുടെ രാജ്യവും നിരവധി ഭീകരാക്രമണങ്ങള്‍ക്ക് ഇരയായെന്നു മനസിലാക്കാം. അവയില്‍ അധികവും സൈനികത്താവളങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നു. ഉറി ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം കൂടുതല്‍ വഷളായി. രാഷ്ട്രീയ വശം പരിശോധിക്കുകയാണെങ്കില്‍, ഡെല്‍ഹി, ബിഹാര്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ എന്‍ഡിഎയ്ക്ക് പരാജയം സമ്മാനിച്ചു. എന്നാല്‍, അസമില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ഭരണം നിലനിര്‍ത്താന്‍ യഥാക്രമം തൃണമൂല്‍ കോണ്‍ഗ്രസിനും എഐഎഡിഎംകെയ്ക്കും സാധിച്ചു. ഭരണത്തിലേറി എട്ടു മാസങ്ങള്‍ക്കു ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചത് മറ്റൊരു സംഭവം.

ഏഴാം ശമ്പള കമ്മീഷന്റെ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത് 4.7 മില്ല്യണോളം വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമായി. നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനമാണ് 2016ല്‍ രാജ്യത്തെ പിടിച്ചുകുലുക്കിയ പ്രധാന സംഭവങ്ങളില്‍ മറ്റൊന്ന്. രാജ്യത്ത് വിനിമയത്തിലിരുന്ന ഏകദേശം 86 ശതമാനത്തോളം വരുന്ന ഉയര്‍ന്ന മൂല്യമുള്ള അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളെ കേവലം പേപ്പറിന്റെ മൂല്യത്തിലേക്ക് താഴ്ത്തിക്കൊണ്ട് അവ അസാധുവാക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം. കള്ളപ്പണത്തെയും അഴിമതിയെയും ഭീകര സംഘടനകളെയും നിയന്ത്രിക്കുന്നതിനാണ് ഈ നടപടിയെന്ന് സര്‍ക്കാര്‍ വാദം. എന്നാല്‍, സര്‍ക്കാരിന്റെ ഈ ചെയ്തി വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചു.

പ്രതിപക്ഷത്തിന്റെ നിരന്തരമായ ആക്രമണത്തിനും കേന്ദ്ര സര്‍ക്കാര്‍ ഇരയായി. എന്നാല്‍, അഴിമതി തുടച്ചുനീക്കുന്നതിന് ഈ നടപടി ആവശ്യമാണെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.ഇതിനൊക്കെ പുറമെ, ഇന്ത്യയിലെ കോര്‍പ്പറേറ്റ് ലോകം വലിയൊരു പോരിന് സാക്ഷിയാകുന്നതും 2016 ദര്‍ശിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും സൈറസ് മിസ്ട്രിയെ പുറത്താക്കിക്കൊണ്ട് കമ്പനി ബോര്‍ഡ് തീരുമാനമെടുത്തു. ടാറ്റ സണ്‍സിന്റെ കോര്‍പ്പറേറ്റ് ഭരണനടത്തിപ്പിലും മാനേജ്‌മെന്റ് കാര്യങ്ങളിലും ടാറ്റ കുടുംബത്തിന്റെ നയങ്ങള്‍ അനുവര്‍ത്തിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ടാറ്റ ഗ്രൂപ്പ് അദ്ദേഹത്തെ പുറത്താക്കിയത്.

അങ്ങനെ 2016ല്‍ ലോകം കയ്‌പ്പേറിയ അനുഭവങ്ങളും മധുരതരമായ അനുഭവങ്ങളും രുചിച്ചറിഞ്ഞു.  ചില നയങ്ങളുടെ രൂപീകരണത്തിന്റെ അലയടികള്‍ വരും നാളുകളിലും പ്രതിഫലിക്കും. ഇതില്‍ പ്രധാനപ്പെട്ടതാണ് യുഎസ് ഫെഡറല്‍ പലിശ നിരക്ക് ഉയര്‍ത്തിയത്. അതിന്റെ ഫലമായി അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തങ്ങളുടെ മൊണേറ്ററി പോളിസി കര്‍ശനമാക്കുന്നത് വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപം വര്‍ധിക്കുന്നതിന് ഇടയാക്കും.

എണ്ണ വിലയിലുണ്ടാകാന്‍ പോകുന്ന വര്‍ധനവാണ് ഇന്ത്യയിലെ നയതന്ത്രജ്ഞര്‍ ഗൗരവത്തോടെ പരിഗണിക്കേണ്ട വിഷയം. നോട്ട് അസാധുവാക്കലിനെത്തുടര്‍ന്നുള്ള ബാങ്കിംഗ് മേഖലയിലെ സമ്മര്‍ദ്ദം, വളര്‍ച്ചാ പ്രവചനം, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയെ സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കണം. ഇവയൊക്കെ പുതുവര്‍ഷത്തിന്റെ ആദ്യ നാളുകളില്‍ തന്നെ പൂര്‍ണമായും കണക്കിലെടുക്കേണ്ട വിഷയങ്ങളാണ്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭരണമികവിനെ ചോദ്യം ചെയ്യും. പ്രത്യേകിച്ച് ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് വിജയം എന്‍ഡിഎ സര്‍ക്കാരിന്റെ മുന്നോട്ടുള്ള യാത്രയില്‍ നിര്‍ണായകമാകുമെന്ന് പറയാതെ വയ്യ.

(തിങ്കേഴ്‌സ് മാഗസിന്റെ എഡിറ്ററും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോംപറ്റിറ്റീവ്‌നെസിന്റെ അധ്യക്ഷനുമാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special