പെട്രോനെറ്റ് പദ്ധതി കേരളത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കും

പെട്രോനെറ്റ് പദ്ധതി കേരളത്തില്‍  വന്‍ മുന്നേറ്റമുണ്ടാക്കും

വൈദ്യുതി ഉല്പ്പാാദനരംഗത്തും വ്യവസായ വികസനത്തിലും വന്‍കുതിച്ചുചാട്ടമുണ്ടാക്കാനാവുന്ന പെട്രോനെറ്റിന്റെ എല്‍എന്‍ജി പദ്ധതിക്ക് ശക്തമായ പിന്തുണയാണ് പുതിയ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ലഭിക്കുന്നത്. കേരളത്തിന്റെ വ്യാവസായിക മേഖലയ്ക്ക് മുതല്‍ക്കൂട്ടാവുന്ന പദ്ധതി യാഥാര്‍ഥ്യമാക്കിയതിനു പിന്നില്‍ ഒരുകൂട്ടം ജീവനക്കാരുടെ അശ്രാന്ത പരിശ്രമം തന്നെയുണ്ട്. പൊതുജനങ്ങളുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിക്കാനുള്ള തീരുമാനത്തിന്റെ വക്കിലെത്തിയ ഗെയില്‍ പദ്ധതി നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോകുമ്പോള്‍ ഏറെ ശുഭപ്രതീക്ഷയാണ് പെട്രോനെറ്റിന്റെ കേരള പ്ലാന്റ് ഹെഡ് ആയ ടിഎന്‍ നീലകണ്ഠനുള്ളത്. കെമിക്കല്‍ എഞ്ചിനീയറായ ടിഎന്‍ നീലകണ്ഠന്‍ എഫ്എസിടിയിലൂടെയാണ് കരിയറിന് തുടക്കമിടുന്നത്. നിരവധി വര്‍ഷത്തെ അനുഭവസമ്പത്ത് ഈ മേഖലയില്‍ അദ്ദേഹത്തിനുണ്ടായിരുന്നു. കൊച്ചി കേന്ദ്രമാക്കി ഇത്രത്തോളം വലിയ ഒരു പ്രൊജക്ടും അതിന്റെ ഭാഗമാവുകയെന്നതും തന്റെ കരിയറിലെ നാഴികക്കല്ലാവുമെന്ന് തിരിച്ചറിഞ്ഞു തന്നെയായിരുന്നു അദ്ദേഹം പെട്രോനെറ്റിലേക്കെത്തിയത്. പ്ലാന്റ് നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അദ്ദേഹം പെട്രോനെറ്റില്‍ ചുമതലയേറ്റു. പിന്നീടിങ്ങോട്ടുള്ള നീണ്ട എട്ട് വര്‍ഷക്കാലം അദ്ദേഹം പെട്രോനെറ്റിന്റെ അമരത്തുണ്ടായിരുന്നു.

unnamed”എല്‍എന്‍ജി ടെര്‍മിനലിന്റെ നിര്‍മാണ കാലാവധി ഏകദേശം 36 മുതല്‍ 42 മാസം വരെയായിരുന്നു. അന്ന് ഇതിനു തുടക്കമിടുന്ന കാലമായിരുന്നു. മൂന്ന് ഇന്റര്‍നാഷണല്‍ കോണ്‍ട്രാക്ടര്‍മാരാണ് ഇത് നിര്‍മിച്ചത്. ഇന്ത്യയില്‍ ആകെ നാല് എല്‍എന്‍ജി ടെര്‍മിനലുകളാണുള്ളത്. നിര്‍മാണം അതിന്റെ പാരമ്യത്തിലെത്തിയ 2010 – 11 കാലഘട്ടത്തില്‍ 4000ത്തില്‍ കൂടുതല്‍ പേര്‍ ഇവിടെ ഒരുമിച്ച് ജോലി ചെയ്തിരുന്നു. അവരെയെല്ലാം മാനേജ് ചെയ്യുകയെന്നത് വലിയ വെല്ലുവിളി തന്നെയായിരുന്നു. പെട്രോനെറ്റിന് ഇന്ത്യയില്‍ രണ്ടു ടെര്‍മിനലുണ്ട്. അതില്‍ കേരള ഘടകത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അന്നും ഇന്നും വളരെ സന്തോഷമുണ്ട്, ” നീലകണ്ഠന്‍ പറയുന്നു.

ഇത്രയും വലിയ ഒരു പദ്ധതി കേരളത്തില്‍ ആരംഭിക്കുമ്പോള്‍ നേരിടേണ്ടി വന്ന വെല്ലുവിളികള്‍ ഏറെയാണെന്ന് നീലകണ്ഠന്‍ ചൂണ്ടിക്കാട്ടുന്നു.”ഇന്റര്‍നാഷണല്‍ കോണ്‍്രട്രാക്ടര്‍മാരാണ് മുന്‍പ് സൂചിപ്പിച്ചതു പോലെ ഞങ്ങളുടെ പ്രൊജക്ട് നിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. അവരെല്ലാം തന്നെ ശക്തമായ അനുഭവ സമ്പത്തുള്ളവരായിരുന്നു. അവര്‍ക്ക് കൃത്യമായ കണ്‍സ്ട്രക്ഷന്‍ മെത്തഡോളജിയും പ്രൊജക്ട് മാനേജ്‌മെന്റ് ടീമുമൊക്കെ ഉണ്ടായിരുന്നു. എങ്കില്‍പ്പോലും അവര്‍ക്ക് കേരളത്തിലെത്തി ജോലി ചെയ്യുന്നതിനു നിരവധി തടസങ്ങള്‍ അനുഭവിക്കേണ്ടി വന്നു. പ്രാദേശികമായ നിരവധി വെല്ലുവിളികളും ഇതിനോടൊപ്പമുണ്ടായിരുന്നു.  ഇതിനെയെല്ലാം മറികടന്ന് അവര്‍ക്കാവശ്യമായ എല്ലാ പിന്തുണയും നല്‍കുകയെന്നതായിരുന്നു ആദ്യ 100 ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി,” പെട്രോനെറ്റില്‍ ചേര്‍ന്നതിന് ശേഷമുള്ള ആദ്യ 100 ദിവസങ്ങളിലെ അനുഭവത്തെക്കുറിച്ച് അദ്ദേഹം ഓര്‍ത്തെടുത്തു. കേരളം ബിസിനസ് സൗഹൃദമാവാന്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ മുന്നോട്ട് പോകേണ്ട ആവശ്യമുണ്ടെന്ന് അദ്ദേഹം പറയുന്നു. യൂണിയനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഗണിക്കേണ്ടിയിരിക്കുന്നു.

പെട്രോനെറ്റിലെ തന്റെ കരിയറിന്റെ തുടക്കത്തില്‍ ഉല്‍പ്പാദനം, നിര്‍മാണം, ടെക്‌നിക്കല്‍ സര്‍വ്വീസ് തുടങ്ങി നിരവധി മേഖലകള്‍ കൈകാര്യം ചെയ്തിരുന്നു. ഇതിനുശേഷം കുറച്ചുകൂടി സീനിയര്‍ ലെവലിലായപ്പോള്‍ പ്ലാന്റിന്റെ ഓപ്പറേഷനും മാനേജ്‌മെന്റും അദ്ദേഹത്തിന്റെ ചുമതലയായി. പെട്രോനെറ്റില്‍ വന്ന ശേഷം പ്ലാന്റ് വിജയകരമായി കമ്മീഷന്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നതുതന്നെയാണ് ഏറ്റവും വലിയ നേട്ടമായി അദ്ദേഹം കാണുന്നത്. കോണ്‍ട്രാക്ടര്‍മാാരുണ്ടായിരുന്നുവെങ്കിലും പ്ലാന്റുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളെല്ലാം തങ്ങളില്‍ തന്നെ നിക്ഷിപ്തമായിരുന്നുവെന്നും അത് ഭംഗിയായി പൂര്‍ത്തിയാക്കാനായത് തന്നെയാണ് ഏറ്റവും വലിയ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പ്രതിവര്‍ഷം 2.5 മില്യണ്‍ ടണ്ണായിരുന്നു പ്ലാന്റിന്റെ ശേഷിയായി തുടക്കത്തില്‍ നിശ്ചയിച്ചിരുന്നത്. ഇടയ്ക്കുവച്ച് 2010ല്‍ ഇത് അഞ്ചു മില്യണ്‍ ടണ്ണിലെത്തിക്കാനുള്ള തീരുമാനം ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായി. അതായത് ശേഷി ഇരട്ടിപ്പിക്കാനായിരുന്നു അന്നെടുത്ത തീരുമാനം. ഈ സമയത്തെല്ലാം ഏറ്റെടുക്കേണ്ടിവന്നത് വെല്ലുവിളികള്‍ മാത്രമായിരുന്നു. ഇതിനെയെല്ലാം അതിജീവിച്ചാണ് പ്ലാന്റ് കമ്മീഷനിംഗ് എന്ന ലക്ഷ്യത്തിലേക്ക് എത്തിയത്. അദ്ദേഹം വ്യക്തമാക്കുന്നു.

മികച്ച ഒരു ടീമിനെ വളര്‍ത്തിയെടുക്കുകയെന്നതാണ് ഏതൊരു സ്ഥാപനത്തെയും മുന്നോട്ട് മികച്ചരീതിയില്‍ കൊണ്ടുപോകാനുള്ള മാര്‍ഗമെന്നു നീലകണ്ഠന്‍ പറയുന്നു. നിര്‍മാണവേളയില്‍ തന്നെ പ്ലാന്റിന്റെ ശേഷി ഇരട്ടിയാക്കാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ഏറ്റെടുക്കേണ്ടിവന്ന വെല്ലുവിളി അതിജീവിക്കാനായത് ഇത്തരത്തിലുള്ള ടീമിന്റെ പിന്തുണ കൊണ്ടുമാത്രമായിരുന്നു. എത്രത്തോളം വ്യവസായ സൗഹൃദമെന്നു പറഞ്ഞാലും കേരളം പോലൊരു സംസ്ഥാനത്ത് ഇത്രയും ബൃഹത്തായ പദ്ധതി നടപ്പാക്കുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യം തന്നെയായിരുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കേരളത്തിലെ പ്രധാന നഗരങ്ങളില്‍ പൈപ്പിലൂടെയുള്ള പാചകവാതക വിതരണത്തിനും ഗതാഗത രംഗത്ത് മലിനീകരണമുക്ത ഇന്ധന വിതരണത്തിനും പെട്രോനെറ്റ് എല്‍എന്‍ജി സഹായകമാവുമെന്ന് ടിഎന്‍ നീലകണ്ഠന്‍ പറയുന്നു. വന്‍കിട ശീതീകരണ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ സഹായിക്കുന്നതിലൂടെ കാര്‍ഷികോല്‍പ്പന്ന സംഭരണത്തിനും വാതകക്കുഴല്‍ പദ്ധതി പ്രയോജനകരമാകും. അപകട സാധ്യതയൊഴിവാക്കാന്‍ പൈപ്പ് കടന്നുപോകുന്ന ഓരോ 16 കിലോമീറ്ററിനിടയ്ക്കും സുരക്ഷാ വാല്‍വുകള്‍ സ്ഥാപിക്കും. തിരക്കേറിയ പാതകളില്‍ വന്‍ ദുരന്തങ്ങള്‍ സൃഷ്ടിക്കുന്ന ഗ്യാസ് ടാങ്കര്‍ ലോറികളില്‍ നിന്ന് രക്ഷപെടാനും ഇതിലൂടെ കഴിയും. കേരളത്തിലെ വൈദ്യുതി, രാസവ്യവസായ, കാര്‍ഷിക മേഖലകള്‍ക്കും പാചകവാതക ഇന്ധന വിതരണത്തിനും
വലിയ മുന്നേറ്റമുണ്ടാക്കാന്‍ കൊച്ചിയിലെ പുതുവൈപ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മിനലിനു കഴിയും. ബംഗ്ലാദേശ്, ശ്രീലങ്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഗ്യാസ് ടെര്‍മിനലുകള്‍ നിര്‍മിക്കാനും പെട്രോനെറ്റ് പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ചര്‍ച്ചകള്‍ പ്രാഥമികഘട്ടത്തിലാണ്. നീലകണ്ഠന്‍ കൂട്ടിച്ചേര്‍ക്കുന്നു.

രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയ്ക്കായി കൂടുതല്‍ സംഭാവനകള്‍ ചെയ്യുക എന്നത് തന്നെയാണ് തങ്ങളുടെ പരമമായ ലക്ഷ്യം എന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഗ്യാസില്‍ തങ്ങളുടെ ഷെയര്‍ 70 ശതമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. രാജ്യത്തെ മൊത്തം പ്രകൃതിവാതക ഉപഭോഗത്തില്‍ പെട്രോനെറ്റിന്റെ പങ്ക് 35 ശതമാനമാണ്. ”ഇപ്പോള്‍ ഞങ്ങള്‍ക്ക് രണ്ട് പ്ലാന്റാണുള്ളത്. ഇതിന്റെ എണ്ണം വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തിന്റെ കിഴക്കന്‍ തീരത്ത് ഞങ്ങളുടെ മൂന്നാമത്തെ പ്ലാന്റ് കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്നുണ്ട്. അന്താരാഷ്ട തലത്തില്‍ സാനിധ്യമാവാനുള്ള ഒരുക്കത്തില്‍ കൂടിയാണിപ്പോള്‍ പെട്രോനെറ്റ്, ” അദ്ദേഹം വ്യക്തമാക്കി.

ഗെയിലിന്റെ പൈപ്പിടല്‍ പദ്ധതിയില്‍ കോഴിക്കോടും മലപ്പുറത്തുമുണ്ടായിട്ടുള്ള പുരോഗതി തീര്‍ച്ചയായും പ്രതീക്ഷാവഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ”സര്‍ക്കാരിന്റെ വലിയ പിന്തുണയാണ് ഇപ്പോള്‍ ഇതിന് ലഭിക്കുന്നത്. ചീഫ് സെക്രട്ടറി തലത്തില്‍ പദ്ധതി റിവ്യു ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി തന്നെ നേരിട്ട് പലപ്പോഴും മുന്‍്‌കൈ എടുക്കുന്നുണ്ട്. ഇത് ഏറെ പ്രതീക്ഷയായണ് തരുന്നത്,” അദ്ദേഹം വ്യക്തമാക്കി.

മോറല്‍ ഫിലോസഫി
ഒരു ടീമിലെ എല്ലാവരെയും ഉള്‍ക്കൊണ്ട് കൊണ്ട് പ്രവര്‍ത്തിക്കണം. ടീമിലുള്ള ഓരോരുത്തരുടെയും ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കി വേണം പ്രവര്‍ത്തിക്കാന്‍. മികച്ച ഒരു ടീമിനെ വളര്‍ത്തികയെടുക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. ടീം ഉണ്ടെങ്കിലും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒരു ലീഡര്‍ എന്നുള്ള നിലയില്‍ ഒരിക്കലും ഒഴിവാകരുത്. തീരുമാനങ്ങള്‍ ആത്യന്തികമായി എടുക്കേണ്ടത് നാം തന്നെയായിരിക്കും.

ജീവനക്കാര്‍
പെട്രോനെറ്റ് വളരെ ചെറിയ ഒരു ഓര്‍ഗനൈസേഷന്‍ ആണ്. ധഹേജ്, ഡെല്‍ഹി, കൊച്ചി എന്നിവിടങ്ങളിലെല്ലാം കൂടി ആകെ 450 ജീവനക്കാരാണ് സ്ഥാപനത്തില്‍ ഉള്ളത്. പെട്രോനെറ്റിന്റെ കൊച്ചിയിലെ പ്ലാന്റില്‍ 130 ജീവനക്കാരാണുള്ളത്. ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിലും അവരുടെ കഴിവുകള്‍ വികസിപ്പിച്ചെടുക്കുന്നതിനും പെട്രോനെറ്റ് കൂടുതല്‍ ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്നുണ്ട്.

ടേണ്‍ ഓവര്‍: 35000 കോടി
തൊഴിലാളികളുടെ എണ്ണം വച്ച് നോക്കുമ്പോള്‍ ലാഭത്തിന്റെയും വിറ്റുവരവിന്റെയും തോത് വളരെ കൂടുതലാണ്.

പുതുതലമുറയില്‍പ്പെട്ട
എഞ്ചിനിയര്‍മാരോട് പറയാനുള്ളത്
ഒരു എഞ്ചിനിയര്‍ എന്ന നിലയിലുള്ള നിങ്ങളെ രൂപപ്പെടുത്തിയെടുക്കുന്ന തുടക്ക കാലം വളരെ പ്രധാനപ്പെട്ടതാണ്. തുടക്കത്തിലുള്ള ഒരു 10 വര്‍ഷക്കാലമാണ് നിങ്ങളിലെ എഞ്ചിനിയറെ പാകപ്പെടുത്തിയെടുക്കുന്നത്. ഇത് ഞാന്‍ നേടിയെടുത്തത് എഫ്എസിടിയിലെ എന്റെ പ്രവര്‍ത്തനകാലത്താണ്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു പരിശീലന കാലയളവായിരുന്നു. അവിടെ നിന്ന് പഠിച്ച പാഠങ്ങള്‍ ഇന്നും എന്റെ കരിയറിലുടനീളം ഞാന്‍ പ്രയോജനപ്പെടുത്തുന്നു.

വിഷന്‍ 2021
അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതോടൊപ്പം എല്‍എന്‍ജി ചെയ്‌നില്‍ ശക്തവും സജീവവുമായ സാനിധ്യമാവുക.

Comments

comments

Categories: FK Special