സമ്പത്ത് ഭരദ്വാജ്: ഷൂട്ടിംഗ് ദേശീയ ടീമിലെത്തുന്ന പ്രായം കുറഞ്ഞ താരം

സമ്പത്ത് ഭരദ്വാജ്:  ഷൂട്ടിംഗ് ദേശീയ ടീമിലെത്തുന്ന പ്രായം കുറഞ്ഞ താരം

 

മീററ്റ്: ഇന്ത്യന്‍ പുരുഷ ടീമില്‍ ഇടം നേടുന്ന പ്രായം കുറഞ്ഞ ഷൂട്ടിംഗ് താരമെന്ന റെക്കോര്‍ഡ് മീററ്റ് സ്വദേശിയായ ഒന്‍പതാം ക്ലാസ് വിദ്യാത്ഥി സമ്പത്ത് ഭരദ്വാജ് സ്വന്തമാക്കി. പാട്യാലയില്‍ നടന്ന സെലക്ഷന്‍ ട്രയലില്‍ രണ്ടാം സ്ഥാനം നേടിയാണ് ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമില്‍ പതിനാലുകാരനായ സമ്പത്ത് ഭരദ്വാജ് ഇടം കണ്ടെത്തിയത്.

കഴിഞ്ഞ മാസം രാജസ്ഥാനില്‍ നടന്ന ആദ്യ ട്രയലില്‍ ജൂനിയര്‍ ദേശീയ റെക്കോര്‍ഡ് സമ്പത്ത് ഭരദ്വാജ് തകര്‍ത്തിരുന്നു. ഇതോടെയാണ് സമ്പത്ത് ഭരദ്വാജ് ജൂനിയര്‍ ടീമില്‍ നിന്നും നേരിട്ട് ദേശീയ ടീമിലേക്കെത്തിയത്. ഇത്തരത്തില്‍ ജൂനിയര്‍ ടീമില്‍ നിന്നും നേരിട്ട് ദേശീയ ഷൂട്ടിംഗ് ടീമിലെത്തിയ ആദ്യ താരം കൂടിയായി സമ്പത്ത് ഭരദ്വാജ് മാറി.

ഇറ്റലിയിലെ പ്രൊപ്പെറ്റോയില്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ നടന്ന 13-മത് ഇന്റര്‍നാഷണല്‍ ഗ്രാന്‍ഡ് പ്രിക്‌സില്‍ സ്വര്‍ണം നേടിയ ഷൂട്ടറാണ് സമ്പത്ത് ഭരദ്വാജ്. അന്ന് നൂറ്റന്‍പതില്‍ 139 സ്‌കോര്‍ സമ്പത്ത് ഭരദ്വാജ് സ്വന്തമാക്കിയിരുന്നു. ഫിന്‍ലാന്‍ഡില്‍ നടന്ന ഇന്റര്‍നാഷണല്‍ ഷൂട്ട്ഗണ്‍ കപ്പില്‍ സില്‍വര്‍ മെഡലും ജൂനിയര്‍ താരമായ സമ്പത്ത് ഭരദ്വാജ് നേടിയിരുന്നു.

തന്റെ മികവിന് പിന്നില്‍ പരിശീലകനായ യോഗേന്ദ്രപാലിന്റെ ടെക്‌നിക്കുകളാണെന്ന് സമ്പത്ത് ഭരദ്വാജ് പറഞ്ഞു. ശിഷ്യന്റെ വിജയത്തില്‍ പരിശീലകനായ യോഗേന്ദ്രപാലും അഭിമാനം പ്രകടിപ്പിച്ചു. സീനിയര്‍ പുരുഷന്മാരുടെ ഷൂട്ടിങ് ട്രയല്‍സില്‍ അങ്കുര്‍ മിത്തല്‍ ഒന്നാ സ്ഥാനം സ്വന്തമാക്കിയപ്പോള്‍ സന്‍ഗ്രാം സിങ് ദാഹിയയാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.

Comments

comments

Categories: Sports, Trending