പതിനൊന്ന് ഉപവിഭാഗങ്ങളെ റെലിഗെയ്ര്‍ ലയിപ്പിക്കുന്നു

പതിനൊന്ന് ഉപവിഭാഗങ്ങളെ റെലിഗെയ്ര്‍ ലയിപ്പിക്കുന്നു

മുംബൈ : പതിനൊന്ന് അനുബന്ധ യൂണിറ്റുകളെ കമ്പനിയില്‍ ലയിപ്പിക്കാനുള്ള പദ്ധതിക്ക് റെലിഗെയ്ര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ബോര്‍ഡ് അനുമതി നല്‍കി. ഓഹരി വിപണി ഫയലിംഗിലാണ് റെലിഗെയ്ര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് ഇക്കാര്യമറിയിച്ചത്. സഹോദരന്‍മാരായ മല്‍വീന്ദര്‍ സിംഗ്, ശിവീന്ദര്‍ സിംഗ് എന്നിവര്‍ നയിക്കുന്ന റെലിഗെയ്ര്‍ ഗ്രൂപ്പ് ബിസിനസുകള്‍ ഏകീകരിക്കുന്നതിന്റെയും ഇന്ത്യ കേന്ദ്രീകരിച്ച് ബിസിനസ് വിപുലപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.

റെലിഗെയ്ര്‍ ഗ്രൂപ്പിനെ കാര്യക്ഷമമാക്കുന്നതിനും വളര്‍ച്ചാ കേന്ദ്രീകൃതമാക്കാനും വേണ്ടിയാണ് അനുബന്ധ യൂണിറ്റുകളെ ഏറ്റെടുക്കുന്നതെന്ന് ഫയലിംഗില്‍ വ്യക്തമാക്കുന്നു. റെലിഗെയ്ര്‍ സെക്യൂരിറ്റീസ്, റെലിഗെയ്ര്‍ കമ്മോഡിറ്റി ബ്രോക്കിംഗ്, ആര്‍ഗാം ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ്, റെലിഗെയ്ര്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍, റെലിഗെയ്ര്‍ ആര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ്, റെലിഗെയ്ര്‍ ക്യാപിറ്റല്‍ ഫിനാന്‍സ്, ആര്‍ഗാം ക്യാപിറ്റല്‍ ഇന്ത്യ, റെലിഗെയ്ര്‍ ഇന്‍വെസ്റ്റ്െമന്റ് അഡൈ്വസേഴ്‌സ്, റെലിഗെയ്ര്‍ സപ്പോര്‍ട്ട് സര്‍വീസസ്, റെലിഗെയ്ര്‍ ആര്‍ട്‌സ് ഇനിഷിയേറ്റീവ്, റെലിഗെയ്ര്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് എന്നീ യൂണിറ്റുകളാണ് ആര്‍എഎലില്‍ ലയിപ്പിക്കുന്നത്.

ഒന്നിലധികം സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതിന് ആവശ്യമായ ചെലവുകള്‍ കുറച്ചുകൊണ്ടുവരുന്നതിനും പ്രധാന ബിസിനസുകളില്‍ വിഭവങ്ങള്‍ കേന്ദ്രീകരിക്കുന്നതിനും തീരുമാനം സഹായിക്കുമെന്നും ഫയലിംഗില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏകീകരണം കമ്പനിയുടെ ഓഹരിയുടമസ്ഥ രീതിയെ ബാധിക്കില്ലെന്നും ഫയലിംഗില്‍ പറയുന്നു.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ റെലിഗെയ്ര്‍ എന്റര്‍പ്രൈസസ് പുനഃസംഘടനാ പ്രക്രിയയിലായിരുന്നു. ഇതിന്റെ ഭാഗമായി അസറ്റ് മാനേജ്‌മെന്റ് ബിസിനസില്‍നിന്ന് ഗ്രൂപ്പ് പൂര്‍ണമായും പിന്‍മാറുന്നതിന് തീരുമാനിച്ചിരുന്നു. പ്രൈവറ്റ് ഇക്വിറ്റി ആന്‍ഡ് റിയല്‍ എസ്റ്റേറ്റ് സെക്കന്‍ഡറീസ് കമ്പനിയായ ലാന്‍ഡ്മാര്‍ക് പാര്‍ട്‌ണേഴ്‌സിലെ മുഴുവന്‍ ഓഹരിയും വിറ്റഴിക്കുന്നതായി ഏപ്രില്‍ മാസത്തില്‍ റെലിഗെയ്ര്‍ പ്രഖ്യാപിച്ചു. അതോടൊപ്പം നോര്‍ത്ത്‌ഗേറ്റ് ക്യാപിറ്റലിലെ ഓഹരിയും വിറ്റഴിച്ചു. ഫിനാന്‍സ്, ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്, ക്യാപിറ്റല്‍ മാര്‍ക്കറ്റ് ബിസിനസുകള്‍ പുനസംഘടിപ്പിക്കുമെന്ന് മേയില്‍ കമ്പനി വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Branding

Write a Comment

Your e-mail address will not be published.
Required fields are marked*