ഇതാ പോട്‌ഹോള്‍ ഗോ…റോഡിലെ കുഴികള്‍ക്കെതിരെ പ്രതികരിക്കാം

ഇതാ പോട്‌ഹോള്‍ ഗോ…റോഡിലെ കുഴികള്‍ക്കെതിരെ പ്രതികരിക്കാം

റിന്റുജ

കുറച്ചു നാളുകളായി യുവതലമുറ ആവേശത്തോടെ ജാപ്പനീസ് ഗെയിമായ പോക്കിമോനെ തേടി ചുറ്റി തിരിയാന്‍ തുടങ്ങിയിട്ട്. ഇത്രത്തോളം ജനപ്രിയമായ ഒരു ഗെയിം സമൂഹ നന്മയ്ക്ക് ഉപകാരപ്പെടുമെങ്കില്‍ അതിന്റെ ഫലം വളരെ വലുതായിരിക്കില്ലേ? ഈ ചിന്തയാണ് പോക്കിമോന്‍ ഗോ എന്ന ജനപ്രിയ ഗെയിമിനെ ഹാസ്യാത്മകമായി അനുകരിച്ച് സമൂഹത്തിന് ഉപകാരപ്പെടുന്ന പോട്‌ഹോള്‍ ഗോ (pothole go) എന്ന ആശയത്തിലേക്ക് ഒരു കൂട്ടം മലയാളി യുവാക്കളെ എത്തിച്ചത്. റോഡിലെ കുഴികള്‍ കാരണം പ്രതിവര്‍ഷം മൂവായിരത്തില്‍ അധികം ആളുകള്‍ മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിനെതിരെ ഒരു കാംപെയ്ന്‍ എന്ന രീതിയിലാണ് പോട്ട്‌ഹോള്‍ ഗോ ആരംഭിച്ചത്.

gopotറോഡില്‍ കാണുന്ന കുഴികള്‍ക്കെതിരെ എല്ലാ യാത്രക്കര്‍ക്കും ക്രിയാത്മകമായി പ്രതികരിക്കാനുള്ള അവസരമാണ് പോട്‌ഹോള്‍ ഗോ ഒരുക്കുന്നത്. പോട്‌ഹോള്‍ ഗോ ആപ്പ് ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. 2 എംബി മാത്രമുള്ള ഈ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് ആദ്യ പടി. ഈ ആപ്പ് ഉപയോഗിച്ച് യാത്രകാര്‍ക്ക് റോഡില്‍ അപകടകരമായ കുഴികള്‍ കാണുമ്പോള്‍ അവിടെ വാഴ നട്ട് റോഡിന്റെ ശോചനീയാവസ്ഥയോട് ക്രിയാത്മകമായി പ്രതികരിക്കാം. അതിനായി ആപ്ലിക്കേഷന്‍ കുഴിയുടെ നേരെ പിടിച്ച് ക്ലിക്ക് ചെയ്യുമ്പോള്‍ അത് ഡേറ്റാബെയ്‌സില്‍ രേഖപ്പെടുത്തുകയും നിങ്ങള്‍ അവിടെ ഒരു വാഴ നട്ടതായി ആപ്പില്‍ തന്നെ കാണാനും സാധിക്കും. ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റ ഉപയോഗിച്ച് റോഡുകളിലെ കുഴികളുടെ മാപ്പ് തയാറാക്കി അതത് പ്രദേശത്തെ എംഎല്‍എമാര്‍ക്ക് അയച്ചു കൊടുക്കുക എന്നതാണ് പോട്ട്‌ഹോള്‍ സ്ഥാപകരുടെ ലക്ഷ്യം.

ടിവി ഷോകള്‍ക്ക് ആവശ്യമായ റിസേര്‍ച്ച് മെറ്റീരിയലുകള്‍ എത്തിച്ചു കൊടുക്കുകയും സ്‌കൂളുകളിലും മറ്റും വിവിധ ഷോകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന ഗ്രേ മാറ്റര്‍ ക്ലബ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ക്വിസ് മാസ്റ്ററുമായ ചാള്‍സ് ആന്‍ഡ്രൂസ് ആണ് പോട്ട്‌ഹോള്‍ ഗോ കാമ്പെയ്‌ന്റെ കോ-ഓര്‍ഡിനേറ്റര്‍.

വെബ് ഡിസൈന്‍ ആന്റ് ആപ്പ് ഡെവലപ്പ്‌മെന്റ് സ്റ്റാര്‍ട്ടപ്പായ ഇന്‍ഫോര്‍ജിലെ ജോവിസ് ജോസഫ്, ജിജോ വര്‍ഗീസ് എന്നിവരാണ് കോഡിംഗ് കൈകാര്യം ചെയ്യുന്നത്.
കാംപെയ്‌നിന്റെ പ്രൊമോ വീഡിയോ ഒരുക്കിയിരിക്കുന്നത് അദ്രാസ് ഷിറാസ്, ലീസണ്‍ വല്ലാപ്പാടി, ക്രിസ്റ്റി വാഴപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ്. ഡിസംബര്‍ ആദ്യ വാരം ആപ്പ് ബീറ്റാ സ്റ്റേറ്റില്‍ റിലീസ് ചെയ്തിരുന്നു. പല രാജ്യങ്ങളില്‍ നിന്നുള്ള പോക്കിമോന്‍ ഗോ ആരാധകര്‍ ഈ സാമൂഹിക സംരംഭത്തിന് ആഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ആപ്പ് ആരംഭിച്ച് പത്തു ദിവസത്തിനുള്ളില്‍ തന്നെ ഉപഭോക്താക്കളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ചാള്‍സ് ആന്‍ഡ്രൂസ് പറയുന്നു. ഈ ആപ്പുകൊണ്ട് വ്യക്തിപരമായി ഉപഭോക്താക്കള്‍ക്ക് നേട്ടമൊന്നും ഇല്ലെങ്കിലും സാമൂഹിക നന്മയ്ക്കുവേണ്ടി നല്ല സഹകരണമാണ് ലഭിക്കുന്നതെന്നും ചാള്‍സ് കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ ആളുകളിലേക്ക് ആപ്പ് എത്തിക്കുക എന്നതാണ് ഇപ്പോള്‍ ഇവരുടെ ലക്ഷ്യം. അങ്ങനെ റോഡുകളുടെ നിലവിലെ അവസ്ഥയില്‍ പൊതുജനങ്ങള്‍ അസ്വസ്ഥരാണെന്ന് അധികാരികളെ ബോധ്യപ്പെടുത്തി ഇന്ത്യന്‍ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് താമസിയാതെ പരിഹാരം കാണാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് ഇവര്‍.

തെരുവുപട്ടികളെ ദത്തെടുക്കല്‍, ബീഫ് സംബന്ധിച്ച് അരങ്ങേറിയ അസ്വസ്ഥതകള്‍ തുടങ്ങി പല സാമൂഹിക വിഷയങ്ങളിലും ക്രിയാത്മക പ്രതികരണവുമായി മുമ്പും ഇവര്‍ രംഗത്ത് എത്തിയിരുന്നു.

Comments

comments

Categories: Trending

Related Articles