ആ 50 ദിവസങ്ങള്‍ പിന്നിടുമ്പോള്‍

ആ 50 ദിവസങ്ങള്‍ പിന്നിടുമ്പോള്‍

 

ന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുകുലുക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം ഇന്നേക്ക് അമ്പൊത്തന്നാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. വലിയ നോട്ടുകള്‍ സാമ്പത്തിക വിക്രയങ്ങളില്‍ നിന്നും ഒഴിവാക്കിയതോടെ ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ക്കും വിവിധ മേഖലകളിലെ സ്തംഭനാവസ്ഥയ്ക്കും അമ്പത് ദിവസള്‍ക്കപ്പുറവും വലിയതോതില്‍ പരിഹാരമായിട്ടില്ല. നോട്ട് പ്രതിസന്ധി പരിഹരിക്കാന്‍ പെട്ടെന്നു കഴിയാത്ത സാഹചര്യത്തില്‍ നിലവില്‍ പണം വലിക്കുന്നതിനുള്ള നിന്ത്രണങ്ങള്‍ ഡിസംബറിനു ശേഷവും തുടരാനാണ് സാധ്യ.
നോട്ട് ക്ഷാമം പരിഹരിക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. നിയന്ത്രണങ്ങള്‍ക്കു മേല്‍ നിയന്ത്രണങ്ങള്‍ വന്നതോടെ ബാങ്കുകളിലും എടിമ്മുകളിലും വീണ്ടും തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഈ പ്രതിസന്ധിയും ജനരോഷവും മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുതിയ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണു സൂചന. സമ്പദ്‌വ്യവസ്ഥ സാധാരണ നിലയിലേക്ക് മാറുന്നതിന് സമയമെടുക്കുന്നതിനാല്‍ വളര്‍ച്ചാ നിരക്ക് കുറയുമെന്നാണ് റിസര്‍വ് ബാങ്കിന്റെയും വിവിധ ഏജന്‍സികളുടെയും നിഗമനം. അതൃപ്തികള്‍ പരിഹരിക്കാന്‍ നികുതി നിരക്ക് കുറയ്ക്കുന്നതടക്കം വരാനിരിക്കുന്ന പൊതുബജറ്റ് ജനകീയമാക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
അസാധുവാക്കിയ 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകളില്‍ 90 ശതമാനത്തിലധികം ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നു ലക്ഷം കോടിയോളം രൂപ ബാങ്കുകളില്‍ തിരിച്ചെത്തില്ലെന്നും കള്ളപ്പണമായി സൂക്ഷിച്ച അത്രയും നോട്ടുകള്‍ നശിപ്പിക്കപ്പെടുമെന്നുമുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ പൊളിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍. എന്നാല്‍ ബാങ്കുകളില്‍ നിക്ഷേപിച്ച പണം പരിശോധിച്ച് നികുതി അടയ്ക്കാത്തവരെ കണ്ടെത്തി പിഴ ചുമത്തുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ഇപ്പോഴത്തെ വാദം. കള്ളപ്പണം വെളിപ്പെടുത്തുന്നതിനായി പുതിയ പദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ബാങ്കില്‍ നിക്ഷേപിക്കപ്പെട്ട പണത്തില്‍ കള്ളപ്പണം കണ്ടെത്തിയാല്‍ വന്‍ പിഴ ചുമത്തുമെന്നും വ്യക്തമാക്കി. എങ്കില്‍ ഒരു മുന്നറിയിപ്പും ജനങ്ങള്‍ക്ക് നല്‍കാതെ അസാധു നോട്ടുകള്‍ ക്രയവിക്രയം ചെയ്യാനാകാത്ത അവസ്ഥ കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിച്ചതെന്ന മറുചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.
ആര്‍ബി ഐ ഓരോദിവസവും രണ്ടിലധികം എന്ന ശരാശരിയില്‍ പുറത്തിറക്കിയ നിര്‍ദേശങ്ങളും ബാങ്കിംഗ് സംവിധാനത്തെ ദുരിതപൂര്‍ണമാക്കി. ഇവയില്‍ പല നിര്‍ദേശങ്ങളും പാലിക്കപ്പെട്ടില്ല. ആര്‍ബി ഐ യും കേന്ദ്ര സര്‍ക്കാരും നിശ്ചയിച്ച പരിധിയില്‍ മിക്കയിടങ്ങളിലും ഇടപാടുകാര്‍ക്ക് പണം പിന്‍വലിക്കാനുള്ള സാഹചര്യം ഇപ്പോഴുമായിട്ടില്ല.
ഡിജിറ്റല്‍ പേമെന്റുകളില്‍ 200 ശതമാനത്തിലധികം വളര്‍ച്ച ഇക്കഴിഞ്ഞ 50 ദിവസങ്ങളില്‍ രാജ്യത്തുണ്ടായിട്ടുണ്ട്. മൊബീല്‍ പേമെന്റ് സംവിധാനങ്ങളാണ് ഇതില്‍ ഏറെ നേട്ടം കൊയ്തത്. പേ ടിഎം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്നു. എന്നാല്‍ ജനങ്ങളുടെ ക്രയ വിക്രയം കുറഞ്ഞത് മൊബീല്‍ പേമെന്റ് ഒഴിച്ചുള്ള മറ്റ് ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകളുടെ കാര്യത്തിലും ഇടിവുണ്ടാക്കി എന്നതാണ് യാഥാര്‍ത്ഥ്യം. ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി പല പദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും രാജ്യത്തെ ക്രയവിക്രയങ്ങളുടെ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണ് ഡിജിറ്റിലിലൂടെ സാധ്യമായിട്ടുള്ളത് എന്നതാണ് വസ്തുത.
കേരളത്തെ സംബന്ധിച്ചിടത്തോളം നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ വി കെരാമചന്ദ്രന്റെ നേതൃത്വത്തിലുള്ള പഠനസംഘത്തിന്റെ വിലയിരുത്തല്‍. സാമ്പത്തിക പരിഷ്‌കരണം കേരളത്തിനു പുറത്തുനിന്നുള്ള വരുമാനങ്ങളില്‍ വലിയ ഇടിവുണ്ടാക്കിയതായും പഠനം വിലയിരുത്തുന്നു.

നേരിട്ട് പണം കൈമാറിയുള്ള ഇടപാടുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന കേരളത്തിന്റെ 95 ശതമാനം ഉല്‍പ്പാദനവും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നിതിനു വേണ്ടിയുള്ളതാണ്. ഇതില്‍ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഉയര്‍ന്ന പങ്കാളിത്തം വഹിക്കുന്ന ചില്ലറ വ്യാപാരം, ഹോട്ടല്‍, ചരക്കുകടത്ത്, കെട്ടിട നിര്‍മാണം എന്നീ മേഖലകളുടെ സംഭാവന സമ്പത്ത് വ്യവസ്ഥയുടെ 55 ശതമാനം വരുന്ന മേഖലകളെയെല്ലാം നോട്ട് പ്രതിസന്ധി തളര്‍ത്തിയിരിക്കുന്നു. ചെറുകിട പരമ്പരാഗത, കാര്‍ഷിക മേഖലകളും പ്രതിസന്ധിയിലാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട സാമ്പത്തിക വിക്രയങ്ങള്‍ നടക്കുന്ന മേഖലകളിലെല്ലാം തന്നെ കറന്‍സി ഇടപാടുകള്‍ക്കാണ് മുന്‍ തൂക്കം.

നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന്റെ നിയന്ത്രണങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ചോദിച്ച സമയത്തില്‍ രണ്ടു ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കേരളത്തിലെ പല ജില്ലകളിലും ബാങ്കുകളും എടിഎമ്മുകളും പൂര്‍വ സ്ഥിതിയില്‍ എത്തിയിട്ടില്ല. അസാധുവാക്കപ്പെട്ട നോട്ടുകളുടെ മൂല്യത്തിന്റെ മൂന്നിലൊന്ന് മാത്രമാണ് ആര്‍ബി ഐ അവസാനമായി നല്‍കിയ കണക്ക് പ്രകാരം പുതുതായി അച്ചടിച്ച് വിതരണം ചെയ്തിട്ടുള്ളത്. അതില്‍ തന്നെ കൂടുതലായി 2000 രൂപ നോട്ടെത്തിയത് എടിഎമ്മുകളിലും ബാങ്കുകളിലും ഇടപാടുകാര്‍ക്ക് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

ഡിജിറ്റല്‍ സംവിധാനത്തിലൂടെ ഇടപാട് നടത്താന്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് ഭൂരിപക്ഷം വരുന്ന ചെറു കച്ചവട കേന്ദ്രങ്ങളിലും പിഒഎസ് മെഷീന്‍ ലഭ്യമല്ലെന്നതാണ് മറ്റൊരു വസ്തുത. പണ പ്രതിസന്ധി വലയ്ക്കുന്ന സാഹചര്യത്തില്‍ പലരും താല്‍ക്കാലികമായി വ്യാപാരം നിര്‍ത്തിവെ്ക്കാനും നിര്‍ബന്ധിതരായിട്ടുണ്ട്. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ കൂടുതല്‍ പേര്‍ തയാറാകുന്നുണ്ടെങ്കിലും അതിനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതും പ്രതിസന്ധിയുടെ ആഘാതം വര്‍ധിപ്പിക്കുന്നു. ഇതോടെ അസംഘടിത മേഖലയില്‍ ആയിരക്കണക്കിന് തൊഴില്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തല്‍.

സംസ്ഥാനത്തെ 7000ത്തോളം വരുന്ന ബാങ്ക് ബ്രാഞ്ചുകളില്‍ മൂന്നിലൊന്നും സഹകരണ മേഖലയുടേതാണ്. ബാങ്ക് ഡിപ്പോസിറ്റുകളില്‍ 60 ശതമാനവും സഹകരണ മേഖലയിലാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നോട്ടു പ്രശ്‌നത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച കമ്മറ്റിയുടെ റിപ്പോര്‍ട്ട്. ദേശീയതലത്തില്‍ ഇതു 20 ശതമാനം മാത്രം. സഹകരണ മേഖലയിലെ കേന്ദ്ര നിയന്ത്രണം പ്രതിസന്ധി രൂക്ഷമാക്കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേരളത്തേില്‍ പാലുല്‍പ്പാദനം, വിനോദസഞ്ചാരം, മത്സ്യബന്ധനം, നിര്‍മാണ രംഗം തുടങ്ങിയ മേഖലകളെയാണ് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. കേരളത്തിലെ സാഹചര്യത്തില്‍ ജനങ്ങള്‍, കച്ചവടം, സ്ഥാപനങ്ങള്‍ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രാദേശിക നെറ്റ്‌വര്‍ക്ക് രൂപപ്പെടുത്തണമെന്ന നിര്‍ദേശമാണ് പ്രശ്‌ന പരിഹാരത്തിനായി സമിതി മുന്നോട്ടുവെക്കുന്നത്. ഇവര്‍ തമ്മില്‍ പരസ്പരം സൃഷ്ടിക്കുന്ന വിശ്വാസ്യതയും ഉള്‍ക്കൊള്ളുന്ന രീതിയില്‍ കറന്‍സി രഹിത പണമിടപാട് വ്യാപിപ്പിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories