ശനിയാഴ്ച പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

ശനിയാഴ്ച പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 31 ശനിയാഴ്ച വൈകിട്ട് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്ന് സൂചന. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം അമ്പത് ദിവസം പിന്നിടുമ്പോള്‍ നടപടിയുടെ വിജയത്തെ കുറിച്ചുള്ള അവകാശവാദങ്ങളുമായിട്ടായിരിക്കും മോദി എത്തുക. നോട്ട് ദൗര്‍ലഭ്യം വിവിധ മേഖലകലില്‍ സൃഷ്ടിക്കുന്ന അതൃപ്തി പരിഹരിക്കുന്നതിനായുള്ള നിര്‍ദേശങ്ങളും പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടായേക്കും. മോദി ജനങ്ങളെ അഭിസംബോധന ചെയ്യുകയെന്നാണ് കരുതുന്നത്. അതേസമയം നിര്‍ണായകമായൊരു പ്രഖ്യാപനത്തിനാണ് പ്രധാനമന്ത്രി തയാറെടുക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
രണ്ട് ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോദന ചെയ്യുമെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു സ്ഥിരീകരിച്ചിട്ടുണ്ട്. വന്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും വെങ്കയ്യ നായിഡു അറിയിച്ചു. നോട്ട് അസാധുവാക്കലിന്റെ നേട്ടങ്ങളും ഫലവും പ്രധാനമന്ത്രി വിശദീകരിക്കും. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും ഇപ്പോഴത്തെ പ്രതിസന്ധികള്‍ ഒറ്റയടിക്കു മാറില്ലെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പ്രതികരിച്ചു. ഇപ്പോഴും ചില പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. ശനിയാഴ്ചയോടെ മാറ്റങ്ങള്‍ കണ്ടുതുടങ്ങുമെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.
ബാങ്കില്‍ നിന്നും എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ളനിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കില്ലെങ്കിലും നിലവിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നു വിലയിരുത്തലുണ്ട്. എടിഎമ്മില്‍ നിന്നും പ്രതിദിനം പിന്‍വലിക്കാവുന്ന തുകയുടെ പരിധി നാലായിരമായും ബാങ്കില്‍നിന്ന് പിന്‍വലിക്കാവുന്ന തുക നാല്‍പതിനായിരമായും ഉയര്‍ത്താന്‍ സാധ്യതയുണ്ട്. നിലവില്‍ എടിഎമ്മില്‍നിന്ന് ദിവസേന 2,500 രൂപയും ബാങ്കില്‍നിന്ന് ആഴ്ചയില്‍ 24,000 രൂപയുമാണ് പിന്‍വലിക്കാനാകുന്നത്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കറന്‍സികള്‍ കൂടുതല്‍ ലഭ്യമായാല്‍ മാത്രമേ ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും മാറ്റാന്‍ കഴിയുകയുളളുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

അസാധുനോട്ടുകള്‍ മാര്‍ച്ച് 31നു ശേഷവും കൈവശം വെക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുന്നതിന് അംഗീകരിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യത്തിലും പ്രധാനമന്ത്രി വ്യക്തത വരുത്തിയേക്കും. അതേസമയം മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്ക് കൗണ്ടറുകളില്‍ അസാധു നോട്ടുകള്‍ സ്വീകരിക്കുന്നതിനാല്‍ ധൃതിപിടിച്ച് ഓര്‍ഡിനന്‍സ് നടപ്പാക്കില്ലെന്നാണ് സൂചന.

Comments

comments

Categories: Slider, Top Stories