ഓണ്‍ലൈന്‍ പഠനത്തിന് അമ്പത് ശതമാനം വളര്‍ച്ച

ഓണ്‍ലൈന്‍ പഠനത്തിന് അമ്പത് ശതമാനം വളര്‍ച്ച

ന്യൂഡെല്‍ഹി: രാജ്യത്ത് ഓണ്‍ലൈന്‍ പഠനത്തിന് ഈ വര്‍ഷം അമ്പത് ശതമാനം വളര്‍ച്ച. ടെക്‌നോളജി, ഇംഗ്ലീഷ് വിഷയങ്ങളാണ് മിക്കവരും ഓണ്‍ലൈനായി പഠിക്കുന്നതിന് തെരഞ്ഞെടുക്കുന്നത്. പത്ത് പ്രധാനപ്പെട്ട വിഷയങ്ങളില്‍ 70 ശതമാനം പേരും സാങ്കേതികവിദ്യ കോഴ്‌സുകളാണ് ഓണ്‍ലൈനായി പഠിക്കുന്നതെന്ന് പ്രമുഖ സര്‍വകലാശാല കോഴ്‌സുകളുടെ ഓണ്‍ലൈന്‍ സേവനദാതാവായ കോഴ്‌സ്എറ വ്യക്തമാക്കുന്നു. രണ്ടാമതായി ഇംഗ്ലീഷിനോടാണ് പ്രിയം.

കോഴ്‌സ്എറയ്ക്ക് ഇന്ത്യയില്‍ 1.8 മില്യണ്‍ പഠിതാക്കളും ആഗോളതലത്തില്‍ 23 മില്യണ്‍ പഠിതാക്കളുമാണുള്ളത്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ പഠിതാക്കളുള്ളത് ഇന്ത്യയിലാണ്. 2015 നെ അപേക്ഷിച്ച് ഈ വര്‍ഷം കോഴ്‌സ്എറയ്ക്ക് രജിസ്‌റ്റേഡ് പഠിതാക്കളുടെ എണ്ണത്തില്‍ അമ്പത് ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞു. ടെക്‌നോളജി കോഴ്‌സുകള്‍ പഠിക്കുന്നവരുടെ എണ്ണത്തിലാണ് ഈ വളര്‍ച്ച കൂടുതലായി പ്രകടമാകുന്നത്.

ഐടി മേഖലയുടെ പ്രഭാവമാണ് ടെക്‌നോളജി കോഴ്‌സുകള്‍ തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നതെന്നും ഇതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ലെന്നും കോഴ്‌സ്എറ ചീഫ് ബിസിനസ് ഓഫീസര്‍ നിഖില്‍ സിന്‍ഹ പറഞ്ഞു. ഇന്ത്യയിലെ പ്രധാനപ്പെട്ട പത്ത് ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ ഏഴെണ്ണവും ടെക്‌നോളജിയുമായി ബന്ധപ്പെട്ടവയാണെന്നും അദ്ദേഹം വിശദീകരിച്ചു.

കുറച്ച് വര്‍ഷങ്ങള്‍ക്കകം ഓണ്‍ലൈന്‍ കോഴ്‌സുകളും യോഗ്യതാപത്രങ്ങളും സര്‍വസാധാരണമാകുമെന്ന് നിഖില്‍ സിന്‍ഹ കൂട്ടിച്ചേര്‍ത്തു. എജ്യുക്കേഷന്‍ ടെക്‌നോളജി കമ്പനിയായ കോഴ്‌സ്എറ ലോകത്തെ പ്രമുഖ സര്‍വകലാശാലകളായ സ്റ്റാന്‍ഫോഡ്, പെന്‍സില്‍വാനിയ, ഡ്യൂക്, വിര്‍ജിനിയ തുടങ്ങിയ സര്‍വകലാശാലകളുടെ കോഴ്‌സുകളാണ് അവതരിപ്പിക്കുന്നത്.

Comments

comments

Categories: Education

Write a Comment

Your e-mail address will not be published.
Required fields are marked*