ഇസ്രയേലിനോടുള്ള ഒബാമയുടെ ചതി

ഇസ്രയേലിനോടുള്ള ഒബാമയുടെ ചതി

പരമ്പരാഗതമായി അമേരിക്ക എന്നും ഇസ്രയേല്‍ അനുകൂല നിലപാടായിരുന്നു സ്വീകരിച്ചുപോന്നത്. എന്നാല്‍ ഐക്യരാഷ്ട്രസഭയില്‍ ജൂതരാഷ്ട്രത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഇപ്പോഴത്തെ നടപടി അവരുടെ നയത്തില്‍ നിന്നുള്ള കാതലായ മാറ്റമാണ് പ്രകടമാക്കുന്നത്. പ്രസിഡന്റ് കാലാവധി അവസാനിക്കുന്നതിന്റെ തൊട്ടുമുമ്പ് ഒബാമയെടുത്ത തീരുമാനം ഇസ്രയേലുമായുള്ള അമേരിക്കയുടെ ബന്ധത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാക്കുന്നുമെന്ന് കണ്ടറിയേണ്ടതുണ്ട്. അമേരിക്കയുടെ നിലപാടിനോടുള്ള ശക്തമായ പ്രതിഷേധം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇതിനോടകം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഇസ്രയേലി സെറ്റില്‍മെന്റുകള്‍ക്കെതിരെയുള്ള ഐക്യരാഷ്ട്രസഭയുടെ പ്രമേയ അവതരണത്തില്‍ വോട്ടിംഗില്‍ നിന്നു വിട്ടുനില്‍ക്കാനായിരുന്നു ഒബാമ ഉത്തരവിട്ടത്. സഖ്യരാഷ്ട്രമെന്ന നിലയില്‍ ഇസ്രയേലിനോട് അമേരിക്ക കാണിച്ച വലിയ ചതിയാണിതെന്ന കാര്യത്തില്‍ സംശയമില്ല. 1967ലെ യുദ്ധത്തിനു ശേഷം ഇസ്രയേല്‍ കൈവശംവെച്ചിരിക്കുന്ന ഭൂമിയിലെ സെറ്റില്‍മെന്റുകള്‍ക്ക് നിയമപരമായ സാധുതയില്ലെന്നാണ് യുഎന്‍ പ്രമേയം പറയുന്നത്. കിഴക്കന്‍ ജറുസലേമിലും വെസ്റ്റ് ബാങ്കിലും താമസിക്കുന്ന ജൂതന്‍മാരുടെ നിലനില്‍പ്പിനെ തന്നെയാണ് അത് ചോദ്യം ചെയ്യുന്നത്.

മുമ്പ് ഇത്തരം പ്രമേയങ്ങളെ യുഎസ് വീറ്റോ ചെയ്യുകയായിരുന്നു പതിവ്. പലസ്തീനും ഇസ്രയേലും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സമാധാനത്തോടെ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയെന്നതാണ് അതിലൂടെ അവര്‍ ഉദ്ദേശിച്ചത്. ഇസ്രയേല്‍ വിരുദ്ധതകൊണ്ട് പ്രശ്‌നത്തിന് പരിഹാരമാകില്ലെന്ന സാമാന്യ യുക്തി ഒബാമയ്ക്കുണ്ടായില്ലെന്നാണ് സംഭവത്തെ അപലപിച്ചുകൊണ്ട് യുഎസ് സെനറ്റിലെ മൈനോരിറ്റി ലീഡര്‍ ചക്ക് ഷുമ്മര്‍ പറഞ്ഞത്. യുഎന്നില്‍ സമ്മര്‍ദ്ദം ചെലുത്തി തങ്ങളുടെ ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാമെന്ന വിശ്വാസമാണ് അമേരിക്കയുടെ തീരുമാനം പലസ്തീന് നല്‍കുന്നത്. എന്നാല്‍ ഇസ്രയേല്‍ അമേരിക്കയുടെ നിലപാടിനോട് പ്രതികരിക്കുന്നത് അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയാണ്. ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് മാത്രമേ നയിക്കൂ. മേഖലയില്‍ സമാധാനം പുലരുന്നതിന് യുഎന്നില്‍ ഉദയം കൊള്ളുന്ന ഇത്തരത്തിലെ നയങ്ങള്‍ പ്രത്യേകിച്ച് യാതൊരു ഗുണവും ചെയ്യില്ല. ഇസ്രയേലാണ് മറുവശത്ത്, യുഎന്‍ അല്ല. അപ്പോള്‍ ചര്‍ച്ചകളും അവരുമായി തന്നെ വേണം. അല്ലാതെ എങ്ങനെ സമാധാനം പുലരും എന്ന യുക്തി ഒബാമ വ്യക്തമാക്കേണ്ടതുണ്ട്.

ചര്‍ച്ചകള്‍ ഇസ്രയേലുമായിട്ടാണെങ്കില്‍, മേഖലയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ പുതിയ ശ്രമങ്ങളുണ്ടായാല്‍ തീര്‍ച്ചയായും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. അല്ലാതെ ഐക്യരാഷ്ട്രസഭയില്‍ കൈക്കൊള്ളുന്ന ഇത്തരം ഏകപക്ഷീയമായ ഇസ്രയേല്‍ വിരുദ്ധ പ്രമേയങ്ങള്‍ പ്രകോപനം സൃഷ്ടിക്കുകയല്ലാതെ വേറൊന്നും ചെയ്യില്ല. പാക്കിസ്ഥാനെപ്പോലെ ഭീകരത കയറ്റുമതി ചെയ്യുന്ന രാഷ്ട്രമല്ല ഇസ്രയേല്‍. ഒബാമ അത് മറന്നുപോയി. ഉറച്ച ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന, സംരംഭകത്വത്തിലൂടെയും ഇന്നൊവേഷനിലൂടെയും വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി വളര്‍ന്നുവരുന്ന രാഷ്ട്രങ്ങള്‍ക്ക് മാതൃകയാകുന്ന പുരോഗമന സമ്പദ് വ്യവസ്ഥയാണത്. അതുകൊണ്ടു തന്നെ അമേരിക്കയുടെ ഇത്രയും ശക്തമായൊരു സഖ്യകക്ഷിയെ വഞ്ചിക്കുന്ന തരത്തിലുള്ള നിലപാടുകള്‍ ഒബാമ കൈക്കൊള്ളരുതായിരുന്നു.

അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി പ്രസക്തം. അമേരിക്കന്‍ എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റാനുള്ള തീരുമാനം അംഗീകരിച്ച് ട്രംപ് നടപ്പാക്കിയാല്‍ അത് പുതിയ മാറ്റങ്ങള്‍ക്കാകും വഴിവെക്കുക. പലസ്തീനെപ്പോലെ നിലനില്‍ക്കാനുള്ള അവകാശം ഇസ്രയേലിനുമുണ്ട്. ആറ് ദശലക്ഷം ജൂതരുടെ കൂട്ടക്കുരുതിക്ക് ശേഷം രൂപപ്പെട്ട ഈ ചെറിയ രാജ്യം സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിലൂടെ ശാസ്ത്ര സാങ്കേതികരംഗത്തും സംരംഭകത്വ രംഗത്തും കാഴ്ച്ചവെച്ച അസാമാന്യ പാടവത്തിലൂടെയാണ് വളര്‍ന്നുവന്നത്. ലോകത്തിന് ഇനിയും വലിയ സംഭാവനകള്‍ നല്‍കാന്‍ അവര്‍ക്ക് സാധിക്കും. പലസ്തീനും ഇസ്രയേലിനും യോജിക്കുന്ന തരത്തിലുള്ള പ്രശ്‌ന പരിഹാരത്തിന് മാത്രമേ പ്രസക്തിയുള്ളൂ. അത് തീരുമാനിക്കപ്പെടേണ്ടത് അവര്‍ ഇരുകൂട്ടരും തമ്മില്‍ ചര്‍ച്ച നടത്തി തന്നെയാകണം. ഇസ്രയേല്‍ വിരുദ്ധതയ്ക്ക് ചര്‍ച്ചകളെ ഹൈജാക്ക് ചെയ്യാനുള്ള അവസരവും നല്‍കരുത്.

Comments

comments

Categories: Editorial