തലസ്ഥാനത്ത് കേരള ടൂറിസത്തിന്റെ ‘സുഗമസഞ്ചാര, ലഹരിവിമുക്ത’ പുതുവത്സരാഘോഷം

തലസ്ഥാനത്ത് കേരള ടൂറിസത്തിന്റെ ‘സുഗമസഞ്ചാര, ലഹരിവിമുക്ത’ പുതുവത്സരാഘോഷം

 

 

തിരുവനന്തപുരം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള ടൂറിസവും ഭിന്നശേഷിയുള്ള പ്രതിഭകളോടൊപ്പം പുതുവര്‍ഷാഘോഷം സംഘടിപ്പിക്കുന്നു. ‘ബാരിയര്‍ ഫ്രീ ആന്‍ഡ് ഡ്രഗ് ഫ്രീ ന്യൂ ഇയര്‍ സെലിബ്രേഷന്‍സ് 2017’ (സുഗമസഞ്ചാര, ലഹരിവിമുക്ത പുതുവത്സരാഘോഷം 2017) എന്നുപേരിട്ടിരിക്കുന്ന ആഘോഷങ്ങള്‍ തൈക്കാട് പൊലീസ് ഗ്രൗണ്ടിലായിരിക്കും നടക്കുക. ഡിസംബര്‍ 31ന് വൈകുന്നേരം ഏഴു മുതല്‍ പുലര്‍ച്ചെ രണ്ടു മണിവരെ നടക്കുന്ന പരിപാടി തിരുവനന്തപുരം മേയര്‍ വ്രി. കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഭിന്നശേഷിയുള്ള കലാകാരന്മാരുടെ പ്രകടനങ്ങള്‍ അരങ്ങേറും.

അന്തര്‍ദേശീയ അംഗീകാരങ്ങള്‍ക്ക് അര്‍ഹനായ പ്രശാന്ത് ചന്ദ്രന്റെ കീബോര്‍ഡ് സംഗീത പ്രകടനവും കലണ്ടര്‍ മേക്കിംഗ്, താപനിലനിര്‍ണയവിസ്മയം എന്നവയും ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായുണ്ട്. അന്ധതയെ അതിജീവിച്ച് ഫ്യൂഷന്‍ സംഗീതവിസ്മയം തീര്‍ക്കുന്ന മുത്തുവും സംഘവും, ഒരു കാലില്‍ കുച്ചിപ്പുടിയിലും ഭരതനാട്യത്തിലും പ്രതിഭ തെളിയിക്കുന്ന വന്ദന, ഉയരക്കുറവിന്റെ പരിമിതിയെ കീഴടക്കി സൈക്കിള്‍ ഡാന്‍സില്‍ അത്ഭുതപ്രതിഭയായ സച്ചിന്‍, വൈവിധ്യമാര്‍ന്ന കലാപ്രടനങ്ങളുമായി തിരുവനന്തപുരം നിഷിലെ വിദ്യാര്‍ഥികള്‍, ഉയരക്കുറവുള്ളവരുടെ സംഘം അവതരിപ്പിക്കുന്ന സ്‌കിറ്റിന് നേതൃത്വം നല്കി ജോബി എന്നിവര്‍ക്കുപുറമെ മറ്റനവധി ഭിന്നശേഷിയുള്ള കലാകാരന്മാരും ഒപ്പം ഭിന്നലിംഗക്കാരായ കലാകാരന്മാരുടെ നൃത്തവും പുതുവത്സര രാത്രിക്ക് മാറ്റുകൂട്ടും. രാത്രി 9 മുതല്‍ പുതുവര്‍ഷപ്പിറവിവരെ തൈക്കുടം ബ്രിഡ്ജ് സംഗീതബാന്‍ഡിന്റെ സംഗീതവിരുന്ന് അരങ്ങേറും.

വിഭിന്നശേഷിയുള്ള അനുഗ്രഹീത പ്രതിഭകളോടൊപ്പം പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ടൂറിസം ഡയറക്ടര്‍ യു.വി. ജോസ് പറഞ്ഞു. ലഹരിവിമുക്ത സന്ദേശങ്ങളും ആഘോഷത്തിലുടനീളം ഉണ്ടായിരിക്കും. ഭാരത് ഭവന്റെ സമ്പൂര്‍ണ്ണസഹകരണവും പരിപാടികള്‍ക്കുണ്ട്.
ഭിന്നശേഷിക്കാര്‍ക്കായി സുഗമസഞ്ചാര സോണുകള്‍, ഫൂഡ് കോര്‍ട്ടുകള്‍, ബ്രേക്ക് ഏരിയ എന്നിവയും വേദിയിലുണ്ടായിരിക്കും. ഇവരെ ചടങ്ങില്‍ സഹായിക്കുന്നതിനായി ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ എന്ന എന്‍ജിഒയുടെ സേവനവും ലഭ്യമായിരിക്കും. എഴുന്നൂറോളം ഭിന്നശേഷിക്കാര്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന പരിപാടിയില്‍ ഇവര്‍ക്കായി ഭാഗ്യ നറുക്കെടുപ്പുകളും ഉണ്ടായിരിക്കുന്നതാണ്.

ഡിറ്റിപിസി ഓഫീസ്, ടൂറിസം വകുപ്പിലെ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങിയ ഇടങ്ങളില്‍നിന്ന് സൗജന്യ പ്രവേശന പാസ് ലഭ്യമാണ്.

ഏഴുമണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എംഎല്‍എ അധ്യക്ഷനാവും. ഡോ. ശശി തരൂര്‍ എംപി മുഖ്യാതിഥിയാവും. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡിറ്റിപിസി) എക്‌സിക്യൂട്ടീവ് മെംബര്‍ അഡ്വ. എ. സമ്പത്ത് എംപി മുഖ്യപ്രഭാഷണം നടത്തും. ഡിറ്റിപിസി എക്‌സിക്യൂട്ടീവ് മെംബര്‍മാരായ അഡ്വ. ബി. സത്യന്‍ എംഎല്‍എ, അഡ്വ.ഡി.കെ. മുരളി എംഎല്‍എ, അഡ്വ.വി. ജോയി എംഎല്‍എ എന്നിവരും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു. വി, ടൂറിസം ഡയറക്ടര്‍ യു.വി. ജോസ്, പ്രശസ്ത സംഗീതജ്ഞന്‍ ശ്രീ. രമേഷ് നാരായണന്‍ എന്നിവരും ആശംസകള്‍ നേരും. തിരുവനന്തപുരം സബ്കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ സ്വാഗതവും ഡിറ്റിപിസി സെക്രട്ടറി പ്രശാന്ത് ടി.വി. നന്ദിയും പറയും.

Comments

comments

Categories: Branding