ചക്കസാമ്പാര്‍, ചക്കപുളിശ്ശേരി, ചക്കച്ചമ്മന്തി…ജനശ്രദ്ധയാകര്‍ഷിച്ച് ഒരു ചക്കമേള

ചക്കസാമ്പാര്‍, ചക്കപുളിശ്ശേരി, ചക്കച്ചമ്മന്തി…ജനശ്രദ്ധയാകര്‍ഷിച്ച് ഒരു ചക്കമേള

 

അങ്കമാലി: സെ.ജോസഫ്‌സ് സ്‌കൂള്‍ ഗ്രൗണ്ടിലെ സ്പ്ലാഷ് പ്രദര്‍ശനവേദിയില്‍ നടന്നു വരുന്ന ചക്കഫെസ്റ്റ് ശ്രദ്ധേയമാകുന്നു. വരിക്കച്ചക്ക കൊണ്ട് ഉണ്ടാക്കിയ പത്തു കൂട്ടം തൊടുകറികള്‍ സഹിതമുള്ള ”ചക്ക ഊണ്” ഫെസ്റ്റ് വേദിയില്‍ ദിവസവും ലഭ്യമാണ്. വൈവിധ്യം നിറഞ്ഞ ചക്കവിഭവങ്ങളൊരുക്കി ഈ രംഗത്തു പ്രസിദ്ധനായ ഇടിച്ചക്കപ്ലാമൂട് സ്വദേശി റഫീക്ക് തന്നെയാണ് ഊണ് നിങ്ങള്‍ക്കു വിളമ്പി തരിക. ചക്കയും തക്കാളിയും സാമ്പാര്‍ കൂട്ടുകളും ചേര്‍ത്തുള്ള ചക്കസാമ്പാര്‍, ചക്കപുളിശ്ശേരി, ചക്കപരിപ്പുകറി, ചക്കപെരട്ട്, ചക്കച്ചില്ലി, ചക്കച്ചമ്മന്തി, ചക്കവരട്ടി, ചക്ക ഉപ്പേരി എന്നിവയ്ക്കു പുറമെ ഊണിനുള്ള മറ്റു വിഭവങ്ങള്‍ക്കും ചക്കരുചി ഉണ്ടാകും. ഊണിനൊപ്പം മൂന്നു കൂട്ടം ചക്കപായസവും ഉണ്ട്.
വൈകീട്ട് ചായക്കൊപ്പം കഴിക്കാന്‍ ചക്കപഴംപൊരി, ചക്കബജി, ചക്ക മിക്‌സ്ചര്‍, ചക്ക അട, ഉള്ളിവട, ചക്ക മഞ്ചൂരി, ചക്കമോദകം, ചക്കമധുരച്ചില്ലി, ചക്ക കട്‌ലേറ്റ് എന്നിങ്ങിനെ കുശാലായ ചക്കവിഭവങ്ങള്‍ തയ്യാറാണ്. നോഹയുടെ പേടകത്തിന്റെ മാതൃകയില്‍ തയ്യാറാക്കിയ അങ്കമാലിയിലെ സ്പ്ലാഷ് അക്വ-പെറ്റ്-അഗ്രി പ്രദര്‍ശനവേദിയില്‍ ചക്കവിഭവങ്ങള്‍ ആസ്വദിക്കാന്‍ അനേകം പേര്‍ വന്നെത്തുന്നുണ്ട്.

ആപ്ബാറ്റ് അസോസിയേഷനു വേണ്ടി ചെന്നൈ ആസ്ഥാനമായുള്ള പ്രിസം ഇവന്റ്‌സാണ് സ്പ്ലാഷ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. 2016 ഡിസംബര്‍ 21 ന് ആരംഭിച്ച പ്രദര്‍ശനം 2017 ജനുവരി 2 വരെ ഉണ്ടായിരിക്കും. നോഹയുടെ പേടകരൂപത്തിലുള്ള വേദിയില്‍ അതിനെ അര്‍ത്ഥവത്താക്കുന്ന തരത്തില്‍ അലങ്കാര മത്സ്യ പ്രദര്‍ശനം & പെറ്റ് ഷോ അലങ്കാര പക്ഷി/കോഴി/പ്രാവ്/പുഷ്പ പ്രദര്‍ശനം, വാഹന വിപണന മേള, ഗൃഹോപകരണ മേള, കാര്‍ഷിക പുഷ്പമേള, വൈവിധ്യമാര്‍ന്ന ഫുഡ് ഫെസ്റ്റിവല്‍ എന്നിവയാണ് നടന്നു വരുന്നത്.
പൂക്കളിലെ താരമായ ഓര്‍ക്കിഡുകള്‍ മുതല്‍ പൂച്ചെടികളിലെയും ഫലവൃക്ഷത്തൈകളിലെയും അത്യപൂര്‍വ്വ ശേഖരവുമായി നഴ്‌സറികളും ബോണ്‍സായ് പ്രദര്‍ശനവും വീടുകളില്‍ കുറഞ്ഞ ഇടത്തില്‍ കോഴികളെയും താറാവുകളെയും വളര്‍ത്താവുന്ന കൂടുകള്‍, ജൈവവളങ്ങള്‍, ബയോഗ്യാസ് പ്ലാന്റുകള്‍, കാര്‍ഷിക ഉപകരണങ്ങളും ഉത്പന്നങ്ങള്‍, പൂന്തോട്ട ഉപകരണങ്ങളും ഉത്പന്നങ്ങളും തുടങ്ങിയവ ഈ കാര്‍ഷിക പുഷ്പമേളയില്‍ ഉണ്ടായിരിക്കുന്നതാണ്.

വിദേശയിനം മത്സ്യങ്ങളും കടല്‍ മത്സ്യങ്ങളും നേരിട്ടു ജീവനോടെ കാണുവാനുള്ള ഒരു അവസരമാണിത്. ചൈനയില്‍ നിന്നിറക്കുമതി ചെയ്ത ചൈനീസ് ഫെങ്ഷുയി ലക്കി മത്സ്യങ്ങളും ജനപ്രിയ ഇനങ്ങളായ ഗോള്‍ഡ് മത്സ്യങ്ങളിലെ അപൂര്‍വയിനങ്ങളും ബ്ലാക്ക് ഗോസ്റ്റ്, ഡെവിള്‍, പിരാന, ലയണ്‍ഹെഡ്, ജാക്വര്‍, ടെക്‌സാസ്, പാരറ്റ് തുടങ്ങി ആയിരത്തിലധികം മത്സ്യയിനങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ട്. അലങ്കാര മത്സ്യങ്ങളോടൊപ്പം തന്നെ പ്രാവു വളര്‍ത്തലിലും പക്ഷി വളര്‍ത്തലിലും അലങ്കാര കോഴി വളര്‍ത്തലിലും നായവളര്‍ത്തലിലും താത്പര്യപ്പെടുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി അപൂര്‍വയിനങ്ങളുടെ പ്രദര്‍ശനവും വില്പനയും ഈ ഷോയിലുണ്ട്. ഇപ്പോഴത്തെ ജീവിതസാഹചര്യങ്ങളില്‍ അന്യമായിപ്പോയ അടുക്കള കൃഷി, ഫ്‌ളാറ്റുകളില്‍ പോലും ചെയ്യാവുന്ന ഗ്രോബാഗ് കൃഷി, കോഴി/താറാവ്/മുയല്‍ വളര്‍ത്തലിനു വേണ്ട ഉത്പന്നങ്ങള്‍, ഇതിനോടൊപ്പം സൗത്താഫ്രിക്കന്‍ വംശജരായ മക്കാവ് ഇനങ്ങള്‍, കൊക്കട്ടു, ഗ്രേപാരറ്റ്, സണ്‍കൊനീര്‍, റെഡ്‌ലോറി തുടങ്ങിയ ഇനങ്ങളും ഫെസന്റ്, വിദേശയിനം കോഴികള്‍, പ്രാവുകള്‍ മറ്റു ഓമന മൃഗങ്ങള്‍, പേര്‍ഷ്യന്‍ പൂച്ചകള്‍, നായകള്‍, മുയല്‍, ഗിനിപ്പന്നി, വെള്ളയെലികള്‍, ടര്‍ക്കിക്കോഴികള്‍ തുടങ്ങി എല്ലാവിധ ഓമന പക്ഷി മൃഗാദികളും ഈ മേളയില്‍ ഇടം പിടിക്കുന്നു. കാലത്ത് പതിനൊന്നു മണി മുതല്‍ വൈകീട്ട് എട്ടര മണി വരെയാണ് പ്രദര്‍ശനം.

Comments

comments

Categories: Branding

Write a Comment

Your e-mail address will not be published.
Required fields are marked*