53 ശതമാനം ഇന്ത്യക്കാര്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിയത് ഓണ്‍ലൈനില്‍

53 ശതമാനം ഇന്ത്യക്കാര്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിയത് ഓണ്‍ലൈനില്‍

 

ന്യൂഡെല്‍ഹി : 2016ല്‍ ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ 53 ശതമാനം ഓണ്‍ലൈനിലൂടെയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. അതേസമയം 39 ശതമാനം പേരാണ് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് റീട്ടെയ്ല്‍ സ്‌റ്റോറുകളില്‍ പോകുന്നത് ഇഷ്ടപ്പെടുന്നതെന്ന് ഡിലോയിറ്റ് സര്‍വെ വ്യക്തമാക്കുന്നു. അടുത്ത വര്‍ഷം 4ജി ഉപയോഗിക്കുന്നവരുടെ എണ്ണം വളരെയധികം വര്‍ധിക്കുമെന്നാണ് മൊബീല്‍ കണ്‍സ്യൂമര്‍ സര്‍വെ പ്രതീക്ഷിക്കുന്നത്. സര്‍വെയില്‍ പങ്കെടുത്ത 45 ശതമാനം പേരും തങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ 4ജി/എല്‍ടിഇ ഉപയോഗിച്ചുതുടങ്ങുമെന്ന് വ്യക്തമാക്കി.

ഇന്റര്‍നെറ്റ് അതിസാധാരണമായതും മൊബീല്‍ ഡാറ്റ വ്യാപകമായതുമെല്ലാം ഉപയോക്താക്കളുടെ ഡാറ്റ ദാഹം വര്‍ധിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം നാള്‍തോറും വര്‍ധിക്കുമെന്ന് ഡിലോയിറ്റ് പാര്‍ട്ണര്‍ നീരജ് ജെയ്ന്‍ അഭിപ്രായപ്പെട്ടു. രാവിലെയായാല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരില്‍ കൂടുതല്‍ പേരും ആദ്യം നോക്കുന്നത് സാമൂഹ്യ മാധ്യമങ്ങളും ഇന്‍സ്റ്റന്റ് മെസേജിങ്ങുമാണെന്ന് സര്‍വെയില്‍ വെളിപ്പെട്ടു.

ബാങ്ക് ബാലന്‍സ് പരിശോധിക്കുന്നതിനും (54 ശതമാനം) യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കുന്നതിനും (54 ശതമാനം) സര്‍വ്വീസ് ബില്ലുകള്‍ അടയ്ക്കുന്നതിനുമാണ് (53 ശതമാനം) സര്‍വെയില്‍ പങ്കെടുത്തവര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. രാജ്യത്തിനകത്തെ പണം കൈമാറ്റത്തിനും (38 ശതമാനം) വിദേശങ്ങളിലേക്ക് പണം അയയ്ക്കുന്നതിനും (31 ശതമാനം) ആളുകള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നു.

പേമെന്റ് നടത്തുന്നതിന് ഫോണ്‍ ഉപയോഗിക്കാന്‍ മടിക്കുന്നത് സുരക്ഷാഭീഷണി കാരണമെന്ന് സര്‍വെയില്‍ പങ്കെടുത്ത 29 ശതമാനം പേര്‍ പറഞ്ഞു. ഇന്ത്യയില്‍ 2,000 പേരിലാണ് സര്‍വെ നടത്തിയതെങ്കില്‍ ആഗോളതലത്തില്‍ 31 രാജ്യങ്ങളിലെ 53,000 പേരിലാണ് സര്‍വെ നടത്തിയത്. ഇന്ത്യയില്‍ എട്ട് നഗരങ്ങളിലെ 18 മുതല്‍ 54 വയസ്സ് വരെ പ്രായമുള്ളവരെയാണ് സര്‍വെക്കായി സമീപിച്ചത്.

Comments

comments

Categories: Trending