ഐസിഐസിഐ ബാങ്ക് ഈസിപേ മൊബീല്‍ ആപ്പ് ലോഞ്ച് ചെയ്തു

ഐസിഐസിഐ ബാങ്ക് ഈസിപേ  മൊബീല്‍ ആപ്പ് ലോഞ്ച് ചെയ്തു

ന്യൂഡെല്‍ഹി: ഐസിഐസിഐ ബാങ്ക് ഈസിപേ എന്ന പേരില്‍ മൊബീല്‍ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തു. വ്യാപാരികള്‍, റീട്ടെയ്‌ലര്‍മാര്‍, പ്രൊഫഷണല്‍സ് തുടങ്ങിയവര്‍ക്ക് ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മൊബീല്‍ഫോണിലൂടെ ഉപഭോക്താക്കളുമായി പണേതര ഇടപാടുകള്‍ നടത്താം.
ഈസിപേയിലൂടെ ഉപഭോക്താക്കള്‍ക്ക് ഏകീകൃത പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്-യുപിഐ), ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന മൊബീല്‍ഫോണ്‍ വഴി പേയ്‌മെന്റുകള്‍ അടയ്ക്കാനുള്ള സൗകര്യമുണ്ടെന്ന് ബാങ്കിന്റെ അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി.
ഐസിഐസിഐ ബാങ്കില്‍ എക്കൗണ്ടുള്ളവര്‍ക്ക് ഈസിപേ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. നിലവില്‍ ആഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള സ്മാര്‍ട്ട്‌ഫോണിലാണ് ആപ്ലിക്കേഷന്‍ ലഭ്യമാകുക. എന്നാല്‍ ഉടന്‍ തന്നെ ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള സ്മാര്‍ട്ട്‌ഫോണിലും ആപ്ലിക്കേഷന്‍ ലഭ്യമാകും.
ചരക്ക് സേവനം, ടെലിസെയില്‍സ്, ഹോം ഡെലിവറി, ഇ-കൊമേഴ്‌സ് കമ്പനികളുടെ പേയ്‌മെന്റ് ഓണ്‍ ഡെലിവറി തുടങ്ങിയവയ്ക്കും ഈസിപേ ഉപയോഗിക്കാനാകും. ഇതിനായി വാങ്ങുന്നവരും വില്‍പ്പനക്കാരും ഒരേ സ്ഥലത്ത് ഉണ്ടാവണമെന്നില്ല. വില്‍പ്പനക്കാരന് ആപ്ലിക്കേഷനിലൂടെ ഉല്‍പ്പന്നത്തിന്റെ വില വിവരപ്പട്ടിക വ്യക്തമാക്കാനാകും. വാങ്ങുന്നവര്‍ക്ക് മൊബീല്‍ നമ്പറിലൂടെയോ, വിര്‍ച്വല്‍ പേയ്‌മെന്റ് അഡ്രസിലൂടെയോ പേയ്‌മെന്റിന്റെ മാതൃക തെരഞ്ഞെടുക്കാനാകും. അതിനുശേഷം എസ്എംഎസിലൂടെ നോട്ടിഫിക്കേഷന്‍ ലഭിച്ചു കഴിഞ്ഞാല്‍ വാങ്ങുന്നയാള്‍ക്ക് വ്യക്തി വിവരങ്ങള്‍ എന്റര്‍ ചെയ്ത് ക്രെഡിറ്റ്, ഡെബിറ്റ് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗിലൂടെ ഇടപാട് നടത്താന്‍ സാധിക്കും.

Comments

comments

Categories: Banking