എച്ച്എല്‍എല്‍ കേരളത്തിലെ ആദ്യ അമൃത് ഫാര്‍മസി ആരംഭിച്ചു

എച്ച്എല്‍എല്‍ കേരളത്തിലെ ആദ്യ അമൃത് ഫാര്‍മസി ആരംഭിച്ചു

 
തിരുവനന്തപുരം: മിതമായ നിരക്കില്‍ ആരോഗ്യപരിപാലന സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ തിരുവനന്തപുരത്ത് അമൃത് ഫാര്‍മസിയും ഹിന്ദ്‌ലാബ്‌സ് ബ്ലഡ് ഡൊണേഷന്‍ സെന്ററും ആരംഭിച്ചു.

പുലയനാര്‍കോട്ടയിലെ അമൃത് (അഫോഡബ്ള്‍ മെഡിസിന്‍സ് ആന്‍ഡ് റിലയബ്ള്‍ ഇംപ്ലാന്റ്‌സ് ഫോര്‍ ട്രീറ്റ്‌മെന്റ്) കേന്ദ്രവും ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനു സമീപത്തെ ഹിന്ദ്‌ലാബ്‌സ് ബ്ലഡ് ഡൊണേഷന്‍ സെന്ററും എച്ച്എല്‍എല്‍ സിഎംഡി ആര്‍.പി. ഖണ്ഡേല്‍വാല്‍ ആണ് ഉദ്ഘാടനം ചെയ്തത്.

മരുന്നുകള്‍, ശസ്ത്രക്രിയ ഉത്പ്പന്നങ്ങള്‍, കോസ്‌മെറ്റിക്‌സ്, ബേബി ഫൂഡ്, സ്‌കിന്‍കെയര്‍ ഉത്പ്പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നീ ഉല്പന്നങ്ങള്‍ക്കെല്ലാം അമൃത് ഫാര്‍മസിയില്‍ വിപണിവിലയില്‍നിന്ന് 10 മുതല്‍ 40 ശതമാനം വരെ കിഴിവ് നല്‍കുന്നുണ്ടെന്ന് ഖണ്ഡേല്‍വാല്‍ പറഞ്ഞു. ആശുപത്രികള്‍ സൗജന്യമായി നല്‍കാത്ത എല്ലാ മരുന്നുകളും ഇംപ്ലാന്റുകളും ശസ്ത്രക്രിയ ഉത്പ്പന്നങ്ങളും വളരെ മിതമായ നിരക്കില്‍ ലഭ്യവും പ്രാപ്യവുമാക്കുകയാണ് അമൃതിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുലയനാര്‍കോട്ട കോട്ടമുക്കില്‍ ചെസ്റ്റ് ഹോസ്പിറ്റലിനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റോളജിക്കും ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ക്യാംപിനും എച്ച്എല്‍എല്‍ ആക്കുളം ഫാക്ടറിക്കും എച്ച്എല്‍എല്‍ ആര്‍ ആന്‍ഡ് ഡിക്കും സമീപമാണ് ഫാര്‍മസി.

ആരോഗ്യമന്ത്രാലയത്തിന്റെ സുപ്രധാന പദ്ധതിയായ അമൃത് എച്ച്എല്‍എല്ലിലൂടെയാണ് നടപ്പാക്കപ്പെടുന്നത്. ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ പദ്ധതിയിലൂടെ രാജ്യത്തുടനീളമുള്ള പ്രമുഖ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുവിതരണത്തിനായി ഫാര്‍മസികള്‍ സ്ഥാപിച്ചുവരികയാണ്.

സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി മികച്ച ആരോഗ്യപരിപാലനവും രോഗനിര്‍ണയ സൗകര്യങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനായി എച്ച്എല്‍എല്‍ നഗരത്തില്‍ ഹിന്ദ്‌ലാബ്‌സ് ഡയഗ്‌നോസ്റ്റിക് സെന്റര്‍ ആന്‍ഡ് സ്‌പെഷ്യാലിറ്റി ക്ലിനിക്കും ആരംഭിച്ചിരുന്നു. മെഡിക്കല്‍ കോളജിനു സമീപത്തെ ട്രിഡ സോപാനം കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദ്‌ലാബ്‌സ് അവരുടെ ഡയഗ്‌നോസ്റ്റിക് സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനു സമീപം രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെ പ്രവര്‍ത്തിക്കുന്ന ബ്ലഡ് കളക്ഷന്‍ സെന്ററും ആരംഭിച്ചു.

എച്ച്എല്‍എല്‍ വിവിധ സംസ്ഥാനങ്ങളില്‍ ഡയഗ്‌നോസ്റ്റിക് ക്ലിനിക്കുകള്‍ ആരംഭിച്ചിരുന്നെങ്കിലും തിരുവനന്തപുരത്തെ സ്‌പെഷ്യാലിറ്റി ക്ലിനിക്കിലെ ഔട്ട്‌പേഷ്യന്റ് യൂണിറ്റ് സവിശേഷമാണെന്ന് ശ്രീ. ഖണ്ഡേല്‍വാല്‍ പറഞ്ഞു. ജനറല്‍ മെഡിസിന്‍, ഡയബെറ്റോളജി, ഇഎന്‍ടി, ഗാസ്‌ട്രോഎന്‍ട്രോളജി, ഗൈനക്കോളജി, പീഡിയാട്രിക്‌സ് എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ കണ്‍സല്‍ട്ടേഷന്‍ രാവിലെയും വൈകിട്ടുമായി ഹിന്ദ്‌ലാബ്‌സ് ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ലിനിക്കല്‍ ബയോകെമിസ്ട്രി, ക്ലിനിക്കല്‍ പതോളജി, മൈക്രോബയോളജി, മോളിക്യുലര്‍ ബയോളജി എന്നിവയുള്‍പ്പെടെ വിവിധ രംഗങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശോധനകളും ഹിന്ദ്‌ലാബ്‌സ് നല്‍കുന്നുണ്ട്. എക്കോ കാര്‍ഡിയോഗ്രാഫി, ഡിജിറ്റല്‍ എക്‌സ്‌റേ, ട്രെഡ്മില്ഡ ടെസ്റ്റ് (ടിഎംടി), പള്‍മണറി ഫങ്ഷന്‍ ടെസ്റ്റ് (പിഎഫ്ടി), അള്‍ട്രാസൗണ്ട് സ്‌കാനിംഗ് സൗകര്യങ്ങള്‍ എന്നിവയും നല്‍കുന്നുണ്ട്.

Comments

comments

Categories: Branding

Write a Comment

Your e-mail address will not be published.
Required fields are marked*