നീല്‍സണ്‍ സാംപിളിംഗ് സംവിധാനം മെച്ചപ്പെടുത്തണമെന്ന് കമ്പനികള്‍

നീല്‍സണ്‍ സാംപിളിംഗ് സംവിധാനം  മെച്ചപ്പെടുത്തണമെന്ന് കമ്പനികള്‍

 

ന്യൂഡെല്‍ഹി: വിപണി വിഹിതം നിശ്ചയിക്കുന്ന സാംപിളിംഗ് സംവിധാനം മെച്ചപ്പെടുത്തണമെന്ന് പ്രമുഖ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ നീല്‍സണോട് എഫ്എംസിജി(ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്, ഉപഭോക്തൃ ഉല്‍പ്പന്നം) കമ്പനികള്‍ ആവശ്യപ്പെട്ടു. വില്‍പ്പനയില്‍ വലിയ പങ്കുവഹിക്കുന്ന കാഷ് ആന്‍ഡ് കാരി ഹോള്‍സെയ്ല്‍ വിഭാഗത്തിന്റെയും ഹോട്ടല്‍സ്, റെസ്‌റ്റൊറന്റ് വിഭാഗത്തിന്റെയും ട്രാക്കിംഗ് സംവിധാനം പുനര്‍നിര്‍ണയിക്കാനാണ് കമ്പനികള്‍ നിര്‍ദേശിച്ചത്.
വിപണി പങ്കാളിത്തത്തിന്റെ കണക്കുകളും ഉപഭോക്താക്കളുടെ വാങ്ങലുകളും കൃത്യമായി രേഖപ്പെടുത്തുന്നതിന് ഈ രണ്ട് വിഭാഗങ്ങളുടെയും സൂക്ഷ്മമായ ട്രാക്കിംഗ് അനിവാര്യമാണെന്ന് അടുത്തിടെ നടന്ന ഉപദേശക കൗണ്‍സില്‍ യോഗത്തിനിടെ പ്രമുഖ ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനികള്‍ നീല്‍സനോട് പറഞ്ഞിരുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വിപണിയുടെ ചലനാത്മകതയ്ക്കനുസരിച്ച് ഇത്തരം മേഖലകളിലെ ഉപഭോഗത്തിന്റെ അളവിലും അതിവേഗത്തിലുള്ള വ്യതിയാനം സംഭവിക്കുന്നുണ്ടെന്ന് ബിസ്‌കറ്റ് കമ്പനിയായ പാര്‍ലെ പ്രൊഡക്റ്റ്‌സിന്റെ മാര്‍ക്കറ്റിംഗ് മാനേജര്‍ മായാങ്ക് ഷാ വ്യക്തമാക്കി. ഇരു വിഭാഗങ്ങളില്‍ നിന്നുമുള്ള ഉപഭോഗത്തിന് പ്രസക്തിയുണ്ടെന്ന് ഡാബറിന്റെ എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ കെ കെ ചൗട്ടാണി പ്രതികരിച്ചു. അതേസമയം, തങ്ങളുടെ ഗവേഷണങ്ങളില്‍ കാഷ് ആന്‍ഡ് കാരി ഹോള്‍സെയ്ല്‍ വിപണിയെയും ഹോട്ടല്‍സ്, റെസ്‌റ്റോറന്റ് വിഭാഗത്തെയും ഉള്‍പ്പെടുത്താറുണ്ടെന്ന് നീല്‍സണ്‍ വ്യക്തമാക്കി. എന്നാല്‍, ഇവയില്‍ പഴുതുകളുണ്ടെന്നാണ് കമ്പനികളുടെ വാദം. നിലവില്‍ കാഷ് ആന്‍ഡ് കാരി വിഭാഗത്തിന്റെ റിപ്പോര്‍ട്ടിംഗ് നീല്‍സണ്‍ പ്രത്യേകമായാണ് നടത്തുന്നത്. ഹോള്‍സെയ്ല്‍ വിഭാഗത്തിന്റെ കണക്കുകള്‍ റീട്ടെയ്‌ലിനോട് കൂട്ടിച്ചേര്‍ത്താല്‍ ഇരട്ടിപ്പുണ്ടാകുമെന്ന് വിലയിരുത്തിയാണ് അങ്ങനെ ചെയ്യുന്നത്. അതിനാല്‍ നേരിട്ടുള്ള വില്‍പ്പന നടക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ കണക്കുകള്‍ ചോര്‍ന്നുപോകുന്നതായി ഒരു ആഗോള ഭക്ഷ്യ കമ്പനിയുടെ മാര്‍ക്കറ്റിംഗ് വിഭാഗം തലവന്‍ വിശദീകരിച്ചു.
ഹോട്ടലുകള്‍, റെസ്‌റ്റൊറന്റുകള്‍, ഫാസ്റ്റ് ഫുഡ് ശൃംഖലകള്‍ എന്നിവ 65 മുതല്‍ 70 ശതമാനം വരെയുള്ള ഉപഭോക്തൃ വില്‍പ്പന (സോസ്, ജ്യൂസ് മുതലായവ അടങ്ങിയ വിഭാഗം) കവരുന്നതായി ഫീല്‍ഡ്‌ഫ്രെഷ് ഫുഡ്‌സ് ചീഫ് എക്‌സിക്യുട്ടീവ് യോഗേഷ് ബെല്ലാനി പറഞ്ഞു. നേരിട്ടുള്ള വില്‍പ്പന സാധ്യമാകുന്ന വിഭാഗങ്ങളാണിവയൊക്കെ. അതിനാല്‍ കൃത്യമായ ബ്രാന്‍ഡ്, മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങളും വിപണി വിഹിതത്തിന്റെ ശരിയായ ചിത്രീകരണവും ആവശ്യമാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ നൂറു ശതമാനം റീട്ടെയ്ല്‍ ബാനര്‍ സഹകരണത്തോടെ നീല്‍സണ്‍ ഇന്ത്യ കാഷ് ആന്‍ഡ് കാരി സേവനം ആരംഭിച്ചിട്ടുണ്ട്. റീട്ടെയ്ല്‍ ഷോപ്പിംഗില്‍ പുതുതായി ദൃശ്യമാകുന്ന വ്യതിയാനങ്ങള്‍ക്കനുസരിച്ച് തങ്ങളുടെ മാര്‍ക്കറ്റ് റിസര്‍ച്ച് രീതിയും മാറ്റങ്ങള്‍ക്ക് വിധേയമാകാറുണ്ടെന്ന് നീല്‍സന്റെ വക്താവ് വിശദീകരിച്ചു.

Comments

comments

Categories: Branding