ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം

ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ സ്റ്റോക് സിറ്റിക്കെതിരെ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് സ്‌റ്റോക് സിറ്റിയെ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. ആദം ലല്ലാന, റോബര്‍ട്ടോ ഫിര്‍മിനോ, ഡാനിയല്‍ സ്റ്ററിഡ്ജ് എന്നിവരാണ് ലിവര്‍പൂളിന് വേണ്ടി ഗോളുകള്‍ കണ്ടെത്തിയത്.

മത്സരത്തിന്റെ ആദ്യ പകുതിയുടെ പന്ത്രണ്ടാം മിനുറ്റില്‍ വാള്‍ട്ടേഴ്‌സിന്റെ ഗോളിലൂടെ സ്റ്റോക് സിറ്റിയാണ് ലീഡെടുത്തത്. എന്നാല്‍ ഇടവേളയ്ക്ക് പിരിയും മുമ്പ് തന്നെ 34, 44 മിനുറ്റുകളില്‍ യഥാക്രമം ഇംഗ്ലണ്ടിന്റെ ആദം ലല്ലാന, ബ്രസീലിയന്‍ താരം റോബര്‍ട്ടോ ഫിര്‍മിനോ എന്നിവര്‍ നേടിയ ഗോളുകളിലൂടെ ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തി.

കളിയുടെ അന്‍പത്തൊന്‍പതാം മിനുറ്റിലായിരുന്നു ലിവര്‍പൂളിന് അനുകൂലമായ മറ്റൊരു ഗോള്‍. സ്‌റ്റോക് സിറ്റി താരമായ ഇംബുലയില്‍ നിന്നുണ്ടായ സെല്‍ഫ് ഗോളായിരുന്നു അത്. ഇംഗ്ലീഷ് താരമായ ഡാനിയല്‍ സ്റ്ററിഡ്ജ് എഴുപതാം മിനുറ്റില്‍ വലകുലുക്കുകയും കൂടി ചെയ്തതോടെ ലിവര്‍പൂളിന്റെ സ്‌റ്റോക് സിറ്റിക്കെതിരായ ഗോള്‍ പട്ടിക പൂര്‍ത്തിയായി.

ബ്രസീലിയന്‍ കളിക്കാരനായ റോബര്‍ട്ടോ ഫിര്‍മിനോയാണ് ലിവര്‍പൂളിനായി സീസണില്‍ ഏറ്റവുമധികം ഗോളുകള്‍ കണ്ടെത്തിയ താരം. സ്‌റ്റോക് സിറ്റിക്കെതിരെ റോബര്‍ട്ടോ ഫിര്‍മിനോ നേടിയത് സീസണിലെ തന്റെ പതിനഞ്ചാം ഗോളായിരുന്നു. അതേസമയം, സ്‌റ്റോക് സിറ്റിക്കെതിരെ ഡാനിയല്‍ സ്റ്ററിഡ്ജ് നേടിയ ഗോള്‍ സീസണിലെ അദ്ദേഹത്തിന്റെ ആദ്യത്തേതായിരുന്നു.

സീസണിലെ ഇരുപത്തൊന്നാമത്തെ അവസരത്തിലായിരുന്നു ഡാനിയല്‍ സ്റ്ററിഡ്ജ് സ്‌റ്റോക് സിറ്റിക്കെതിരെ ഗോള്‍ സ്വന്തമാക്കിയത്. പകരക്കാരനായി ഇറങ്ങി അന്‍പത്താറാം സെക്കന്‍ഡില്‍ ഗോള്‍ കണ്ടെത്തിയ താരം കൂടിയാണ് ഡാനിയല്‍ സ്റ്ററിഡ്ജ്. പകരക്കാരനായെത്തി അതിവേഗത്തില്‍ സ്‌കോര്‍ ചെയത പ്രീമിയര്‍ ലീഗിലെ നാലാമത്തെ ഫുട്‌ബോളര്‍ കൂടിയാണ് അദ്ദേഹം.

സ്‌റ്റോക് സിറ്റിക്കെതിരായ ഗോള്‍ പോസ്റ്റിലേക്ക് ഇരുപത് ഷോട്ടുകളായിരുന്നു ലിവര്‍പൂള്‍ പായിച്ചത്. ഇതില്‍ ആറ് ഷോട്ടുകള്‍ ടാര്‍ഗറ്റിലേക്കായിരുന്നു. മത്സരത്തില്‍ 111 ടച്ചുകളും ഒന്‍പത് ടാക്ലിംഗുകളുമായി നിറ സാന്നിധ്യമായ ലെഫ്റ്റ് ബാക്ക് ജെയിംസ് മില്‍നറാണ് ലിവര്‍പൂളിന്റെ പ്ലെയര്‍ ഓഫ് ദ മാച്ച്. 2016 പ്രീമിയര്‍ ലീഗ് സീസണില്‍ ലിവര്‍പൂള്‍ ഇതുവരെ നേടിയത് 86 ഗോളുകളാണ്.

പ്രീമിയര്‍ ലീഗിലെ പതിനെട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലിവര്‍പൂള്‍ നാല്‍പ്പത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ചെല്‍സിക്ക് ഇവരേക്കാള്‍ ആറ് പോയിന്റ് കൂടുതലുണ്ട്. പതിനെട്ട് കളികളില്‍ നിന്നും മുപ്പത്തൊന്‍പത് പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.

പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്തുള്ള ആഴ്‌സണലിന് മുപ്പത്തേഴ് പോയിന്റാണുള്ളത്. ഇവരേക്കാള്‍ ഒരു മത്സരം കുറച്ചിറങ്ങിയ ടോട്ടന്‍ഹാം ഹോട്‌സ്പര്‍ 33 പോയിന്റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. പതിനെട്ട് മത്സരങ്ങളില്‍ നിന്നും 33 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ആറാമത്. നിലവിലെ ചാമ്പ്യന്മാരായ ലൈസസ്റ്റര്‍ സിറ്റി 17 പോയിന്റുമായി 16-ാം സ്ഥാനത്താണ്.

Comments

comments

Categories: Sports

Write a Comment

Your e-mail address will not be published.
Required fields are marked*