10ഡിജി ഡെല്‍ഹിയില്‍ ടെലികോം ഉല്‍പ്പന്നങ്ങളുടെ ഹോം ഡെലിവറി ആരംഭിച്ചു

10ഡിജി ഡെല്‍ഹിയില്‍ ടെലികോം  ഉല്‍പ്പന്നങ്ങളുടെ ഹോം ഡെലിവറി ആരംഭിച്ചു

 
ന്യൂഡെല്‍ഹി: ടെലികോം ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വിതരണക്കാരായ 10ഡിജി, ഡെല്‍ഹി നാഷണല്‍ കാപ്പിറ്റല്‍ റീജിയ (എന്‍സിആര്‍)നില്‍ ഹോം ഡെലിവറിക്ക് തുടക്കമിട്ടു. സിംകാര്‍ഡ്, ഡോംഗിള്‍സ്, ഡാറ്റ കാര്‍ഡ് എന്നിവപോലുള്ള ടെലികോം പ്രൊഡക്റ്റുകളുടെ വിതരണത്തിന് വെബ്, ആപ്പ് അധിഷ്ഠിത പ്ലാറ്റ്‌ഫോമാണ് കമ്പനി ലോഞ്ച് ചെയ്തത്. സിം കാര്‍ഡുകള്‍ വിതരണം ചെയ്തുകഴിഞ്ഞാല്‍ ആക്ടിവേഷന്‍, വെരിഫിക്കേഷന്‍ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ കമ്പനിയുടെ ഉത്തരവാദിത്തമാണെന്ന് 10ഡിജിയുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു.
മാതൃ സ്ഥാപനമായ സോഫ്റ്റ്എയ്ജ് ഇന്‍ഫൊര്‍മേഷന്‍ ലിമിറ്റഡാണ് 10ഡിജിക്ക് ഫണ്ട് നല്‍കുന്നത്. ഡെല്‍ഹി-എന്‍സിആര്‍ റീജിയനില്‍ കമ്പനി 75 കോടിരൂപയിലധികം നിക്ഷേപിച്ചിട്ടുണ്ട്. മെട്രോ നഗരങ്ങളില്‍ രണ്ട് കോടി രൂപ കൂടി നിക്ഷേപിക്കാനും കമ്പനി ആലോചിക്കുന്നു.
സിംകാര്‍ഡ്, ഡോംഗിള്‍സ്, ഡാറ്റ കാര്‍ഡ് എന്നിവ 10ഡിജി ഡെല്‍ഹിയില്‍ നേരിട്ട് വിതരണം ചെയ്യും. കൂടാതെ ഉപയോക്താക്കള്‍ക്ക് ഈ പ്ലാറ്റ്‌ഫോമിലൂടെ സേവനങ്ങള്‍, വിവിധ പ്ലാനുകളുടെ താരതമ്യം, മൊബീല്‍നമ്പര്‍ പോര്‍ട്ടബിലിറ്റി, റീചാര്‍ജ്, ബില്ല് പേയ്‌മെന്റ് ഓപ്ഷന്‍ എന്നിവയും അനുവദിക്കും. അടുത്തഘട്ടത്തില്‍ കമ്പനി മൊബീല്‍ ഡിവൈസും മറ്റ് ഉപകരണങ്ങളും വിതരണം ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു.
10ഡിജിയുടെ ആപ്ലിക്കേഷന് വോഡഫോണ്‍, ഐഡിയ, ടാറ്റ, ബിഎസ്എന്‍എല്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍സ് എന്നിവയുമായി സഹകരണമുണ്ട്. 2017ല്‍ 125 നഗരങ്ങളില്‍ സര്‍വീസ് വ്യാപിപ്പിക്കണമെന്നാണ് കമ്പനിയുടെ ലക്ഷ്യം. ഭാരതി എയര്‍ടെല്ലുമായും എംറ്റിഎന്‍എല്ലുമായും കൂട്ടുകെട്ടാനും കമ്പനി നീക്കമിടുന്നു.
ഫുഡിനും മരുന്നിനും ഗ്രോസറിക്കും ഉള്ളതുപോലെ ടെലികോം ഉല്‍പ്പന്നങ്ങള്‍ക്കും മികച്ച വിതരണ ശൃംഖല ആവശ്യമാണെന്ന് 10ഡിജി ആപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ച ഒസീര്‍ യാസിന്‍, ഷെര്‍ജില്‍ ഒസീര്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.

Comments

comments

Categories: Branding