പിഎസ് സി റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിന് മന്ത്രിസഭാ ശുപാര്‍ശ

പിഎസ് സി റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിന് മന്ത്രിസഭാ ശുപാര്‍ശ

തിരുവനന്തപുരം: മാര്‍ച്ച് 31ന് കാലാവധി അവസാനിക്കുന്നതും ഇതുവരെ കാലാവധി നീട്ടി നല്‍കിയിട്ടില്ലാത്തവുമായ പിഎസ്‌സി റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കുന്നതിന് സംസ്ഥാന മന്ത്രിസഭാ യോഗം പിഎസ്‌സിയോട് ശുപാര്‍ശ ചെയ്തു. 70 റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിനാണ് ശുപാര്‍ശ. ഇതു പരിഗണിക്കുന്നതിനായി പിഎസ് സിയുടെ അടിയന്തര യോഗം നാളെചേരും. ഡിസംബര്‍ 31ന് കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്കും മാര്‍ച്ച് 31ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്കുമാണ് നീട്ടാന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് വിവിധ യുവജന സംഘടനകള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്തിരുന്നു.

സെക്രട്ടേറിയേറ്റിലെ പൊതുഭരണ വകുപ്പ്, ധനകാര്യ വകുപ്പ് ഉള്‍പ്പടെ 30 വകുപ്പുകളില്‍ കേരള അഡ്മിനിസ്‌റ്റ്രേറ്റീവ് സര്‍വീസ് നടപ്പാക്കുന്നതിന് തത്വത്തില്‍ അംഗികാരം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പി.എസ്.സി. അംഗങ്ങളുടെ നിലവിലുള്ള നാല് ഒഴിവുകളിലേക്ക് സുരേഷന്‍. സി, ഡോ. എംആര്‍ ബൈജു, ഡോ. ജിനു സക്കറിയ ഉമ്മന്‍, അഡ്വ. രഘുനാഥന്‍ എംകെ എന്നിവരെ ശുപാര്‍ശ ചെയ്യും.
ആരോഗ്യ വകുപ്പിനു കീഴിലുള്ള വിവിധ ആശുപത്രികളില്‍ അസിസ്റ്റന്റ് ദന്തല്‍ സര്‍ജന്‍മാരുടെ 47 പുതിയ തസ്തികകള്‍ സൃഷ്ടിക്കും.

ലൈറ്റ് മെട്രോ റെയില്‍ പ്രോജക്റ്റിന്റെ ഡിപ്പോ/യാര്‍ഡ് നിര്‍മാണത്തിനായി കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനു തിരുവനന്തപുരം താലൂക്കില്‍ പളളിപ്പുറം വില്ലേജില്‍ 19 ഏക്കര്‍ ഭൂമി സൗജന്യമായി പതിച്ച് നല്‍കും. റിട്ടയര്‍ ചെയ്ത മുന്‍ ചീഫ് ജസ്റ്റിസ്, ജഡ്ജിമാര്‍ എന്നിവര്‍ക്ക് വിരമിച്ചതിനുശേഷം നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ എന്നിവ പരിഷ്‌കരിക്കുന്നതിനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Comments

comments

Categories: Slider, Top Stories