അസാധുനോട്ടുകള്‍ കൈവശം വെക്കുന്നത് തടയാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം

അസാധുനോട്ടുകള്‍ കൈവശം വെക്കുന്നത് തടയാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം

 

ന്യൂഡെല്‍ഹി: മാര്‍ച്ച് 31നു ശേഷം സര്‍ക്കാര്‍ നിശ്ചയിക്കുന്ന പരിധിക്കു മുകളില്‍ അസാധുനോട്ടുകള്‍ കൈവശം വെക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി. ഓര്‍ഡിനന്‍സില്‍ പറഞ്ഞിരിക്കുന്ന കാലാവധിക്കു ശേഷവും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അനധികൃതമായി സൂക്ഷിക്കുന്നവര്‍ക്ക് പിഴയും തടവുശിക്ഷയും വിധിക്കുമെന്നാണ് ഓര്‍ഡിനന്‍സില്‍ പറഞ്ഞിരിക്കുന്നത്.
പരിധിയില്‍ കവിഞ്ഞ് അസാധുവാക്കപ്പെട്ട 500, 1000 രൂപ നോട്ടുകള്‍ സൂക്ഷിക്കുന്നവര്‍ 10,000 രൂപയോ കൈവശം സൂക്ഷിച്ച തുകയുടെ അഞ്ചു മടങ്ങോ പിഴയായി അടക്കേണ്ടി വരും. ഇവയില്‍ ഏതാണ് ഉയര്‍ന്ന തുക എന്നതിന്റെ അടിസ്ഥാനത്തിലാണ് പിഴ നിശ്ചയിക്കുക. ചില കേസുകളില്‍ നാല് വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാനുള്ള വകുപ്പുകളും ഓര്‍ഡിനന്‍സിലുണ്ടെന്ന് സൂചനകളുണ്ട്. പരമാവധി 10 അസാധു നോട്ടുകള്‍ കൈവശം വെക്കാന്‍ ഓര്‍ഡിനന്‍സ് അനുവദിക്കുമെന്നാണ് സൂചന.
അസാധുവാക്കിയ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 30ന് അവസാനിക്കാനിരിക്കെയാണ് ഓര്‍ഡിനന്‍സിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. എന്നാല്‍, ആര്‍ബിഐ ഓഫീസുകളില്‍ സത്യവാങ്മൂലത്തോടൊപ്പം മാര്‍ച്ച് 31 വരെ അസാധു നോട്ടുകള്‍ നല്‍കി പുതിയ നോട്ടുകള്‍ വാങ്ങാവുന്നതാണ്. നോട്ട് അസാധുവാക്കല്‍ നടപടിയുടെ നിയമപരമായ സാധുത ഉറപ്പാക്കുന്നതിന് ആര്‍ബിഐ ആക്റ്റില്‍ ഭേദഗതി വരുത്തുന്നതിനു കൂടിയാണ് ഓര്‍ഡിനന്‍സ് ലക്ഷ്യംവെക്കുന്നത്.

Comments

comments

Categories: Slider, Top Stories