ഒബാമ പലസ്തീന്‍ സ്റ്റേറ്റ് രൂപീകരിക്കുമോ ?

ഒബാമ പലസ്തീന്‍ സ്റ്റേറ്റ് രൂപീകരിക്കുമോ ?

 
2017 ജനുവരി 20നു മുന്‍പു പലസ്തീന്‍-ഇസ്രയേല്‍ സമാധാന നടപടി പൂര്‍ത്തീകരിക്കാനുള്ള ശ്രമങ്ങള്‍ക്കു ചടുല നീക്കം നടത്തുകയാണു ഒബാമ ഭരണകൂടം. ഇതിനുള്ള ചട്ടക്കൂട് തയാറാക്കുകയാണ് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറി. ബുധനാഴ്ച സമാധാന നടപടികള്‍ക്കായുള്ള നിര്‍ദേശങ്ങളുടെ (proposal) രൂപരേഖ യുഎസ് പുറത്തിറക്കുമെന്നും കരുതുന്നുണ്ട്.
യുഎസ്-ഇസ്രയേല്‍ ബന്ധം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ, ഏറ്റവും മോശം അവസ്ഥയിലൂടെയാണു കടന്നുപോകുന്നത്. ഡിസംബര്‍ 23ാം തീയതി വെള്ളിയാഴ്ച യുഎന്‍ രക്ഷാസമിതി നടത്തിയ വോട്ടെടുപ്പില്‍ പലസ്തീനിലെ വെസ്റ്റ്ബാങ്കിലും ഈസ്റ്റ് ജറുസലേമിലും ഇസ്രയേല്‍ നടത്തുന്ന കുടിയേറ്റം നിറുത്തിവയ്ക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
Resolution 2334 എന്ന പ്രമേയം വിശദീകരിക്കുന്നത്, വെസ്റ്റ് ബാങ്കിലെയും ഈസ്റ്റ് ജറുസലേമിലെയും ഇസ്രയേലിലെ ജൂതന്മാര്‍ നടത്തിയ കുടിയേറ്റം നിയമവിരുദ്ധമാണെന്നാണ്. 1967ലെ വെടിനിര്‍ത്തല്‍ രേഖ ഇസ്രയേലിനെയും പലസ്തീനെയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ത്തിയാണെന്നും പ്രമേയം വിശദമാക്കുന്നുണ്ട്. എന്നാല്‍ യുഎന്‍ രക്ഷാസമിതി പാസാക്കിയ ഈ പ്രമേയം ഒരിക്കലും പലസ്തീന്‍ സ്റ്റേറ്റിനുള്ള അംഗീകാരമായി കണക്കാക്കേണ്ടതില്ലെന്നും വ്യക്തമാക്കുന്നു.15 അംഗ രക്ഷാസമിതി നടത്തിയ വോട്ടെടുപ്പില്‍നിന്നും അമേരിക്ക വിട്ടുനിന്നതാണ് പ്രമേയം പാസാകാന്‍ കാരണമായത്.
യുഎസ് രക്ഷാസമിതി നടത്തിയ വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്ന അമേരിക്കയുടെ നടപടിയെ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. വാഷിംഗ്ടണ്‍ ഉള്‍പ്പെട്ട ശക്തികളുടെ ഗൂഢാലോചനയാണു യുഎന്‍ പ്രമേയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും നെതന്യാഹു പറയുകയുണ്ടായി.
പലസ്തീന്‍-ഇസ്രയേല്‍ സമാധാന നടപടി പൂര്‍ത്തീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറി തയാറാക്കുന്ന പ്രൊപ്പോസലിന് അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കാന്‍ യുഎസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. 2017 ജനുവരി 15നു പാരീസില്‍ നടക്കുന്ന 70 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ പ്രൊപ്പോസല്‍ അവതരിപ്പിച്ച് അംഗീകാരം നേടാനാണ് ശ്രമം. എന്നാല്‍ ഇതിനു പിന്നില്‍ യുഎസിന് മറ്റൊരു രഹസ്യ അജണ്ട കൂടിയുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ ഒറ്റപ്പെടുത്തിയും അതുവഴി സമ്മര്‍ദ്ദം ചെലുത്തിയും പലസ്തീന്‍ പ്രശ്‌നത്തില്‍ സമവായത്തിലെത്തിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുക എന്നതാണ് ആ തന്ത്രം. അമേരിക്കയുടെ ഈ തന്ത്രം മനസിലാക്കിയിട്ടാവണം നെതന്യാഹു, ജനുവരി 15ലെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
സമാധാനത്തിനു വേണ്ടിയെന്ന രീതിയില്‍ തയാറാക്കുകയും തന്റെ സര്‍ക്കാരിനു മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന ഉടമ്പടിയെ ചെറുക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ഇതിനോടകം പ്രസ്താവിച്ചിട്ടുണ്ട്.
ജനുവരി 15നു പാരീസില്‍ ചേരുന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന്റെ പ്രധാന ലക്ഷ്യം two-state solution-ലൂടെ പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കുകയെന്നതാണ്. എന്നാല്‍ ഈ സമ്മേളനത്തെ ഇസ്രയേല്‍ ആശങ്കയോടെയാണു വീക്ഷിക്കുന്നത്. ഈ കോണ്‍ഫറന്‍സില്‍ അംഗീകാരം നേടുന്ന തീരുമാനങ്ങള്‍ ഭാവിയില്‍ ഇസ്രയേലിനെ വിഭജിച്ച് പലസ്തീന്‍ എന്ന രാഷ്ട്രത്തിന്റെ രൂപീകരണത്തിലേക്കു നയിക്കുമെന്നും ഇസ്രയേല്‍ ഭയപ്പെടുന്നു. പക്ഷേ, ഈ നീക്കത്തെ ഒബാമ ഭരണകൂടം പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ജനുവരി 20ന് യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ട്രംപ് പിന്തുണയ്ക്കില്ലെന്ന് പ്രസ്താവിച്ചിട്ടുണ്ട്. മാത്രമല്ല, വെസ്റ്റ് ബാങ്കിലെയും ഈസ്റ്റ് ജറുസലേമിലേയും ഇസ്രയേല്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെ ട്രംപിന്റെ അഭിഭാഷകനും ഇസ്രയേലില്‍ യുഎസിന്റെ പ്രതിനിധിയുമായ ഡേവിഡ് ഫ്രീഡ്മാന്‍ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്.
2017 ജനുവരി 20ന് വൈറ്റ് ഹൗസ് പടിയിറങ്ങുന്ന ഒബാമയുടെ ലക്ഷ്യം കാലാവധധി പൂര്‍ത്തീകരിച്ച് ഇറങ്ങുന്നതിനു മുന്‍പു പലസ്തീന്‍ സ്റ്റേറ്റ് രൂപീകരിക്കുക എന്നതാണ്. ഇതിനു മുന്നോടിയായിട്ടാണു ഡിസംബര്‍ 23നു യുഎന്‍ പ്രമേയം പാസാക്കിയത്. ജനുവരി 15-നു പാരീസില്‍ നടക്കുന്ന 70 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം ഇത്തരത്തില്‍ പ്രയോജനപ്പെടുത്താനുള്ള നീക്കവും ഒബാമ ഭരണകൂടം അണിയറയില്‍ ഒരുക്കുന്നുണ്ട്.
പശ്ചിമേഷ്യയില്‍ സമാധാനം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒബാമ two-state solution-ലൂടെ നീങ്ങുന്നതെങ്കിലും ഇസ്രയേലിനെ ഭീഷണിപ്പെടുത്തി പലസ്തീന്‍ സ്റ്റേറ്റ് രൂപീകരിക്കുകയാണെങ്കില്‍ പശ്ചിമേഷ്യ ഇതുവരെ കാണാത്ത അശാന്തിയിലേക്കാവും കൂപ്പുകുത്തുക.

Comments

comments

Categories: Slider, World