പുതുവര്‍ഷ പ്രതീക്ഷയില്‍ ഇന്ത്യന്‍ വാഹന വിപണി

പുതുവര്‍ഷ പ്രതീക്ഷയില്‍ ഇന്ത്യന്‍ വാഹന വിപണി

ഈ വര്‍ഷം നേരിട്ട തിരിച്ചടികളില്‍ നിന്നും കരകയറാനാകുമെന്ന പ്രതീക്ഷയില്‍ രാജ്യത്തെ വാഹന വിപണി. രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 7.1 ശതമാനം സംഭാവന ചെയ്യുന്ന ഈ മേഖലയില്‍ കഴിഞ്ഞ വര്‍ഷം നിരവധി പ്രതിബന്ധങ്ങളാണ് കമ്പനികള്‍ക്ക് നേരിടേണ്ടി വന്നത്. ഈ പ്രതിബന്ധങ്ങളെല്ലാം പരിഹരിച്ച് പുതിയ വര്‍ഷം ഗംഭീര നേട്ടമുണ്ടാക്കാനാകുമെന്നാണ് വാഹന നിര്‍മാതാക്കള്‍ കരുതുന്നത്. ഈ വര്‍ഷം ഏകദേശം 108 ലോഞ്ചിംഗുകളാണ് കമ്പനികള്‍ ഇതുവരെ നടത്തിയിട്ടുള്ളത്. ഈ വര്‍ഷം രൂപം നല്‍കിയ ചില ചട്ടങ്ങളും നിയന്ത്രണങ്ങളും അടുത്ത വര്‍ഷത്തോടെ പ്രാബല്യത്തില്‍ വരുമെന്നാണ് വിലയിരുത്തലുകള്‍. ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് കമ്പനികള്‍ പുതിയ തന്ത്രങ്ങളൊരുക്കാനുള്ള തയാറെടുപ്പിലാണ്.

ഉയര്‍ന്ന സിസിയുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഡെല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ വിലക്ക്, പുതിയ മോട്ടോര്‍ വാഹന നിയമം, ചരക്കു സേവന നികുതി നിയമം, നോട്ട് അസാധുവാക്കല്‍ തുടങ്ങിയ നടപടികള്‍ വിപണിയില്‍ വാഹന വില്‍പ്പനയ്ക്ക് ഈ വര്‍ഷം തിരിച്ചടിയായി.

auto-showഓട്ടോ എക്‌സ്‌പോ 2016
ഈ വര്‍ഷം ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയോടെയാണ് ഇന്ത്യന്‍ വാഹന വിപണി ആരംഭിച്ചത്.
വിപണിയും നിരത്തുകളും അടക്കിവാഴുന്നതിന് വിവിധ കമ്പനികളുടെ പുതിയ മോഡലുകളുമായാണ് ഡല്‍ഹി ഓട്ടോ എക്‌സ്‌പോ 2016ന് ആരംഭിച്ചത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മാരുതി വിറ്റാര ബ്രെസ, നിസാന്‍ ടെറാനോ, മൈക്ര, റെനോ ഇന്ത്യയുടെ പുതിയ താരം സ്‌പോട്ട് ആര്‍എസ് 0.1, ഫോക്‌സ്‌വാഗണ്‍ അമിയോ, പ്രീമിയം മോഡലായ ടിഗ്വാന്‍, മെര്‍സിഡസ് ബെന്‍സ് ജിഎല്‍.സി 300, ഔഡി ആര്‍8വി10പ്‌ളസ്, ഐ20ക്ക് ശേഷം ഹ്യൂണ്ടായി ഇറക്കുന്ന പുത്തന്‍ മോഡലായ ഐ30 തുടങ്ങിയ മോഡലുകളാണ് ഫെബ്രുവരി ആറി ന് ആരംഭിച്ച എക്‌സ്‌പോയില്‍ അണിനിരത്തിയിരുന്നത്. ഇതോടപ്പം പുതുപുത്തന്‍ ഇരുചക്ര വാഹനങ്ങളും എക്‌സ്‌പോയുടെ ഭാഗമായി എത്തിച്ചിരുന്നു.

ഡീസല്‍ വാഹന വിലക്ക്
ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള ഹരിത ട്രൈബ്യൂണല്‍ തീരുമാനം ഏറെ ഒച്ചപ്പാടുണ്ടാക്കിയതോടെ സുപ്രീം കോടതി ഇടപെടുകയും 2,000 സിസിക്ക് മുകളില്‍ എന്‍ജിന്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മലിനീകരണമുള്ള നഗരങ്ങളില്‍ ഡെല്‍ഹിയും ഉള്‍പ്പെട്ടതാണ് അപ്രതീക്ഷിത വിലക്കേര്‍പ്പെടുത്താന്‍ ട്രൈബ്യുണലിനെ നിര്‍ബന്ധിപ്പിച്ചത്. പത്തുവര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്.
diesel-banമലിനീകരണ നിയന്ത്രണത്തിന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും ഒറിജിനല്‍ എക്വുപ്‌മെന്റ് നിര്‍മാതാക്കള്‍ (ഒഇഎം) പാലിക്കുന്നുണ്ടെന്നും ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടി രാജ്യത്തെ നിര്‍മാണ നയവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണെന്നും കമ്പനികള്‍ തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
പിന്നീട് ഓഗസ്റ്റില്‍ സുപ്രീംകോടതി വിലക്ക് നീക്കി. പകരം ഒരു ശതമാനം പരിസ്ഥിതി സെസ് ഏര്‍പ്പെടുത്താനാണ് കോടതി ഉത്തരവിട്ടത്.

ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൊയോട്ട, മെഴ്‌സിഡസ് ബെന്‍സ്, ഔഡി എന്നീ കമ്പനികള്‍ക്കാണ് വിലക്ക് ഏറ്റവും തിരിച്ചടിയായത്. ഏകദേശം 40,000 കോടി രൂപയുടെ നഷ്ടമാണ് ഡീസല്‍ വിലക്കോടെ രാജ്യത്തെ വാഹന വിപണിക്കുണ്ടായതെന്ന് വാഹന നിര്‍മാതാക്കളുടെ സംഘടന സിയാം വ്യക്തമാക്കുന്നു.

vahana-malineekaraവാഹന മലിനീകരണ മാനദണ്ഡം

അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ നിര്‍മിക്കുന്ന വാഹനങ്ങളുടെ മലിനീകരണ നിലവാരം എത്രയെന്ന് സര്‍ക്കാരിന് പരിപൂര്‍ണ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയ. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ 22ാം ചട്ടം ഭേദഗതി ചെയ്താണ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രാലയം വാഹന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്. എല്ലാ വാഹനങ്ങളുടെയും സുരക്ഷ, മലീനികരണ തോത്, നിര്‍മാണ ഘടകങ്ങളുടെ മൂല്യം എന്നിവയ്‌ക്കെല്ലാം പ്രാഥമിക അനുമതിനല്‍കുന്നതായിരുന്നു പഴയ ചട്ടം.
വാഹനങ്ങളുടെ നിലവാരത്തിന് അനുസരിച്ച് സ്റ്റാര്‍ റേറ്റിംഗ് നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇ റിക്ഷകള്‍, ഇ കാര്‍ട്ടുകള്‍ തുടങ്ങിയവയടക്കം തങ്ങളുടെ മലിനീകരണ തോത് എത്രയെന്ന് സര്‍ക്കാരിനെ അറിയിക്കണമെന്നാണ് നിര്‍ദേശം.
വാഹനത്തിന്റെ ബ്രാന്‍ഡ്, ചേസ് നമ്പര്‍, എന്‍ജിന്‍ നമ്പര്‍, വാഹനം പുറത്തുവിടുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് അളവ്, ഹോണുകളുടെ ശബ്ദത്തിന്റെ തോത് എന്നിവയെല്ലാം ഭേദഗതി വരുത്തിയ പുതിയ ചട്ടത്തില്‍ ചേര്‍ത്തിട്ടുണ്ട്. പെട്രോള്‍, സിഎന്‍ജി, എല്‍പിജി, ഇലക്ട്രിക്ക്, ഡീസല്‍, ഹൈബ്രിഡ് എന്നീ വാഹനങ്ങള്‍ക്കെല്ലാം ഇത് നിര്‍ബന്ധമാണ്. കാര്‍ഷിക, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും പുതിയ നിര്‍ദേശം ബാധകമാണമെന്നാണ് ഗതാഗത വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 2020 ഏപ്രില്‍ മുതല്‍ പുറത്തിറക്കുന്ന വാഹനങ്ങള്‍ ഭാരത് സ്റ്റേജ് ആറ് (ബിഎസ്6) മലിനീകരണ മാനദണ്ഡം പാലിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത.് നിലവില്‍ ബിഎസ് നാല് മാനദണ്ഡമാണ് വാഹനങ്ങള്‍ പാലിക്കുന്നത്.
suraksha-mustസുരക്ഷ നിര്‍ബന്ധം
യാത്രാ വാഹനങ്ങളുടെ സുരക്ഷയിലും കാല്‍ നടക്കാരുടെ സുരക്ഷയിലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇന്ത്യ വളരെ പിന്നിലാണ്. എന്നാല്‍ ഇതിന് പരിഹാരമായി പുതിയ നിയമം രൂപീകരിക്കാനുള്ള തയാറെടുപ്പിലാണ് സര്‍ക്കാര്‍. വാഹനങ്ങളുടെ ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാക്കുകയാണ് ഇതില്‍ ഏറ്റവും മുഖ്യം. കേന്ദ്ര മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ നിര്‍ദേശത്തില്‍ അടുത്ത വര്‍ഷം ഒക്ടോബര്‍ ഒന്നു മുതല്‍ പുറത്തിറക്കുന്ന വാഹനങ്ങള്‍ക്ക് ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍.
ഈ ടെസ്റ്റിലുള്ള മികവിന് അനുസരിച്ച് ഒന്നു മുതല്‍ അഞ്ചുവരെയുള്ള സ്റ്റാര്‍ റേറ്റിംഗ് നല്‍കും. ക്രാഷ് ടെസ്റ്റില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ പരിക്കേല്‍ക്കാതിരിക്കുന്ന മോഡലിന് അഞ്ച് സ്റ്റാര്‍ വരെ ലഭിക്കും. ഈ റേറ്റിംഗ് നോക്കി ഉപഭോക്താക്കള്‍ക്ക് കാര്‍ വാങ്ങാം.
എബിഎസ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എയര്‍ബാഗ്, വേഗത വര്‍ധിച്ചാല്‍ അലാറം തുടങ്ങിയ തുടങ്ങിയവയും നിര്‍ബന്ധമാക്കും. 2019 മുതല്‍ എല്ലാ കാറുകളും ഈ മാനദണ്ഡങ്ങള്‍ പാലിക്കണം. തുടക്കത്തില്‍ നിര്‍മാതാക്കള്‍ സ്വന്തം നിലയിലും പിന്നീട് സര്‍ക്കാര്‍ സംവിധാനത്തിലുമായിരിക്കും പരീക്ഷണം. നിര്‍മാതാക്കള്‍ക്ക് ഒരു മുന്നറിയിപ്പും നല്‍കാതെ ഷോറൂമുകളില്‍ നിന്നായിരിക്കും പരീക്ഷണത്തിനായി കാറുകള്‍ തിരഞ്ഞെടുക്കുക.

volkswagen-dieselഫോക്‌സ്‌വാഗണ്‍ ഡീസല്‍ ഗേറ്റ്
2015 സെപ്റ്റംബറിലാണ് ലോക വാഹന വിപണിയെ ഞെട്ടിച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓട്ടോമൊബീല്‍ കമ്പനികളിലൊന്നായ ഫോക്‌സ്‌വാഗണ്‍ തങ്ങള്‍ പുറത്തിറക്കിയ ഡീസല്‍ വാഹനങ്ങളില്‍ മലിനീകരണം തോത് കുറച്ച് കാണിക്കുന്നതിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ടെന്ന കുറ്റസമ്മതം നടത്തിയത്. ഏകദേശം 11 മില്ല്യന്‍ കാറുകളില്‍ ഇത്തരം കൃത്രിമം കമ്പനി കാണിച്ചിട്ടെന്ന് കമ്പനി കുറ്റസമ്മതം നടത്തി. ഫോക്‌സ്‌വാഗണ്‍, ഔഡി, പോര്‍ഷെ, സ്‌കോഡ, സീറ്റ് എന്നീ ബ്രാന്‍ഡിലുള്ള വാഹനങ്ങളിലാണ് മലിനീകരണം കുറച്ച് കാണിക്കുന്നതിനായി സോഫ്റ്റ്‌വെയര്‍ ഒരുക്കിയത്.
ഇതേതുടര്‍ന്ന് ഇന്ത്യയില്‍ വില്‍പ്പന നടത്തിയ മോഡലുകളടക്കം വന്‍ തിരിച്ചുവിളിയാണ് കമ്പനി നടത്തിയത്. ഇന്ത്യയില്‍ വില്‍പ്പന നടത്തിയ 1.90 ലക്ഷം കാറുകളിലും കൃത്രിമം കാണിച്ചെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതിനായി ഈ വര്‍ഷം ജൂലൈ മുതലാണ് കമ്പനി ഇന്ത്യയിലുള്ള വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ ആരംഭിച്ചത്.
motor-vehicle-actമോട്ടോര്‍ വാഹന ഭേദഗതി ബില്‍
പുതിയ മോട്ടോര്‍ വാഹന ഭേദഗതി ബില്ല് പാസാകുന്നതോടെ രാജ്യത്തെ റോഡ് അപകടങ്ങള്‍ക്ക് ഒരു പരിധി വരെ കുറവുണ്ടാകുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. അടുത്ത 5 വര്‍ഷങ്ങളില്‍ റോഡപകടങ്ങള്‍ പകുതിയായി കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്.
മദ്യപിച്ചു വാഹനമോടിച്ചാല്‍ 10000 രൂപ വരെ പിഴ ഈടാക്കാനും ഇടിച്ച വാഹനം നിര്‍ത്താതെ പോയാല്‍ 25,000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപവരെ അപകടത്തിനിരയായ ആള്‍ക്കു നഷ്ടപരിഹാരം ലഭിക്കാനും, അമിതവേഗതയ്ക്കു 4,000 രൂപ വരെയും ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്കു 2,000 രൂപ വരെയും പിഴ ഈടാക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്.
ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് 2000 രൂപ പിഴയും മൂന്നു മാസത്തേക്കു ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനും, ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കും ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നവര്‍ക്കും 5,000 രൂപ വരെ പിഴയും വേണ്ടത്ര യോഗ്യതയില്ലാതെ വാഹനമോടിക്കുന്നവര്‍ക്കു 10000 രൂപ പിഴ വിധിക്കുന്നതിനും ഉള്‍പ്പെടെ നിരവധി വ്യവസ്ഥകള്‍ ഉള്‍ പ്പെടുന്ന ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. 223 വകുപ്പുകളില്‍ 68 വകുപ്പുകളുടെ ഭേദഗതിയാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
note-nirodhanamനോട്ട് നിരോധനം
ഫെസ്റ്റിവല്‍ സീസണില്‍ മികച്ച വില്‍പ്പന നേടിയ കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാണ് കഴിഞ്ഞ മാസം ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനം. 1,000, 500 നോട്ടുകള്‍ അസാധുവാക്കിയ കഴിഞ്ഞ മാസം വാഹന മൊത്ത വില്‍പ്പനയില്‍ 5.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
വിനിമയത്തിലുണ്ടായിരുന്ന കറന്‍സിയുടെ വലിയ ശതമാനം അസാധുവാക്കിയതോടെ പണച്ചുരുക്കമുണ്ടാവുകയും വാഹനം വാങ്ങുന്നതില്‍ നിന്നും ഉപഭോക്താക്കള്‍ അകലം പാലിക്കുകയും ചെയ്തു. ഇതില്‍ നിന്നും കരകയറുന്നതിന് ഇനിയും സമയമെടുക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

vilpanaവില്‍പ്പന
ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെയുള്ള വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11.4 ശതമാനം വളര്‍ച്ചയാണ് കമ്പനകള്‍ കൈവരിച്ചത്. മികച്ച മണ്‍സൂണും, ശമ്പളകമ്മീഷന്‍ ശുപാര്‍ശകള്‍ പ്രാബല്യത്തില്‍ വന്നതും സാമ്പത്തികാന്തരീക്ഷം മെച്ചപ്പെട്ടതുമാണ് വളര്‍ച്ചയ്ക്ക് പിന്നിലെന്ന് കമ്പനികള്‍ വ്യക്തമാക്കുന്നു.
anukulyam-kurachuആനുകൂല്യം കുറച്ചു
വാഹന നിര്‍മാതക്കളുടെ റിസര്‍ച്ച ആന്‍ഡ് ഡെവലപ്‌മെന്റ് പദ്ധതികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന ആനുകൂല്യത്തില്‍ കുറവ് വരുത്തിയത് ഈ വര്‍ഷം കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയായി. ബിഎസ് നാല് മലിനീകരണ മാനദണ്ഡ സാങ്കേതികതയ്ക്ക് വന്‍ ചെലവ് പ്രതീക്ഷിക്കുന്ന കമ്പനികള്‍ക്ക് കേന്ദ്ര ബജറ്റിലൂടെ സര്‍ക്കാര്‍ തിരിച്ചടി നല്‍കിയത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിരുന്ന 200 ശതമാനം ആനുകൂല്യം 150 ശതമാനമാക്കി കുറയ്ക്കുകയും 2020 ഓടെ ആനുകൂല്യം പൂര്‍ണമായി ഒഴിവാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഭാവി പ്രതീക്ഷ
മലിനീകരണം, സുരക്ഷ തുടങ്ങിയ ഘടകങ്ങളിലെല്ലാം കര്‍ക്കശ നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചാലും ഇന്ത്യന്‍ വിപണിയില്‍ കമ്പനികള്‍ക്ക് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതിന്റെ ഫലമെന്നോണം വാഹനങ്ങള്‍ വിലയില്‍ വര്‍ധനയുണ്ടാകുമെന്ന് ഉറപ്പാണ്. ഹ്യൂണ്ടായ്, റെനോ, ടൊയോട്ട, നിസാന്‍, ടാറ്റ മോട്ടോഴ്‌സ്, മെഴ്‌സിഡസ് ബെന്‍സ് എന്നീ കമ്പനികള്‍ അടുത്ത മാസം മുതല്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് വില വര്‍ധിക്കുമെന്ന് ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
നിര്‍മാണത്തില്‍ അസൗകര്യം നേരിട്ടില്ലെങ്കില്‍ അടുത്ത വര്‍ഷം വാഹന വിപണി രണ്ടക്ക വളര്‍ച്ച കൈവരിക്കുമെന്നാണ് വിലയിരുത്തലുകള്‍.

Comments

comments

Categories: Auto, Trending