ഓസ്‌ട്രേലിയ തിരിച്ചടിക്കുന്നു

ഓസ്‌ട്രേലിയ തിരിച്ചടിക്കുന്നു

 

മെല്‍ബണ്‍: പാക്കിസ്ഥാനെതിരെ മെല്‍ബണില്‍ നടക്കുന്ന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയ തിരിച്ചടിക്കുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ ഒന്‍പത് വിക്കറ്റിന് 443 റണ്‍സിന്റെ മികച്ച സ്‌കോര്‍ കണ്ടെത്തിയ പാക്കിസ്ഥാനെതിരെ മൂന്നാം ദിനത്തില്‍ കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ് എന്ന നിലയിലാണ്.

പുറത്താകാതെ അസ്ഹര്‍ അലി നേടിയ ഇരട്ട സെഞ്ച്വറിയുടെ ബലത്തിലാണ് പാക്കിസ്ഥാന്‍ മികച്ച സ്‌കോര്‍ നേടിയത്. 364 പന്തുകളില്‍ നിന്നും ഇരുപത് ഫോറുകള്‍ ഉള്‍പ്പെടെ 205 റണ്‍സാണ് അസ്ഹര്‍ അലി സ്‌കോര്‍ ചെയ്തത്. ഓസ്‌ട്രേലിയക്ക് വേണ്ടി ഡേവിഡ് വാര്‍ണര്‍ സെഞ്ച്വറി സ്വന്തമാക്കി. 143 പന്തുകളില്‍ നിന്നും 17 ബൗണ്ടറിയുടെയും ഒരു സിക്‌സിന്റേയും സഹായത്തോടെ 144 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്.

ആറ് വിക്കറ്റിന് 310 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന് ഏഴ് റണ്‍സ് ചേര്‍ക്കുന്നതിനിടയില്‍ 29 റണ്‍സെടുത്ത മുഹമ്മദ് അമീറിനെ നഷ്ടമായി. അതേസമയം, അസ്ഹര്‍ അലി, സൊഹൈല്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ നേടിയ 118 റണ്‍സ് പാക്കിസ്ഥാന്റെ സ്‌കോര്‍ 400 കടക്കുന്നതിന് സഹായകരമായി.

അറുപത്തഞ്ച് പന്തുകളില്‍ നിന്നും ആറ് ഫോറുകളും നാല് സിക്‌സുകളും ഉള്‍പ്പെടെ 65 റണ്‍സ് നേടിയ സൊഹൈല്‍ ഖാന്‍ റണ്‍ ഔട്ട് ആകുമ്പോള്‍ പാക്കിസ്ഥാന്‍ എട്ട് വിക്കറ്റിന് 435 റണ്‍സ് എന്ന നിലയിലായിരുന്നു. ഇതിനിടെ അസ്ഹര്‍ അലി ഇരട്ട ശതകം സ്വന്തമാക്കുകയും ചെയ്തു. അധികം വൈകാതെ വഹാബ് റിയാസ് പുറത്തായതോടുകൂടി പാക്കിസ്ഥാന്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ഒന്നാം ഇന്നിംഗ്‌സിന്റെ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്ക് വേണ്ടി ഡേവിഡ് വാര്‍ണര്‍ക്ക് പുറമെ ഉസ്മാന്‍ ഖവാജയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 152 പന്തുകളില്‍ നിന്നും 95 റണ്‍സുമായി ഉസ്മാന്‍ ഖവാജ ക്രീസില്‍ തുടരുകയാണ്. പത്ത് റണ്‍സുമായി ഓസ്‌ട്രേലിയന്‍ ടീം നായകനായ സ്റ്റീവ് സ്മിത്തും ക്രീസിലുണ്ട്.

ഓസ്‌ട്രേലിയക്ക് വേണ്ടി മാറ്റ് റെന്‍ഷാ പത്ത് റണ്‍സും നേടി. പാക്കിസ്ഥാന് വേണ്ടി യാസര്‍ ഷാ, വഹാബ് റിയാസ് എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഓസ്‌ട്രേലിയക്ക് വേണ്ടി ഹസല്‍വുഡ്, ജാക്‌സണ്‍ ബേര്‍ഡ് എന്നിവര്‍ മൂന്ന് വീതവും മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലയോണ്‍ എന്നീ താരങ്ങള്‍ ഓരോന്ന് വീതവും വിക്കറ്റുകള്‍ സ്വന്തമാക്കി.

Comments

comments

Categories: Sports