ആശിഷ് നെഹ്‌റ ടീം ഇന്ത്യയില്‍ തിരിച്ചെത്തിയേക്കും

ആശിഷ് നെഹ്‌റ ടീം ഇന്ത്യയില്‍ തിരിച്ചെത്തിയേക്കും

 

മുംബൈ: ടീം ഇന്ത്യ ക്രിക്കറ്റിലേക്ക് തിരിച്ചുവരവിനൊരുങ്ങി ഇടം കൈയന്‍ ഫാസ്റ്റ് ബൗളറായ ആശിഷ് നെഹ്‌റ. പേസ് ബൗളറായ മുഹമ്മദ് ഷമി പരിക്കേറ്റ് പുറത്ത് പോയതോടെയാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി-20 പരമ്പരയ്ക്കുള്ള ടീം ഇന്ത്യയിലേക്ക് മുതിര്‍ന്ന താരമായ ആശിഷ് നെഹ്‌റയ്ക്ക് സാധ്യത തെളിഞ്ഞിരിക്കുന്നത്.

2016 മാര്‍ച്ച് മാസത്തില്‍ നടന്ന ഏഷ്യ കപ്പിലും ട്വന്റി-20 ലോകകപ്പിലുമാണ് മുപ്പത്തേഴുകാരനായ ആശിഷ് നെഹ്‌റ അവസാനമായി ടീം ഇന്ത്യയ്ക്ക് വേണ്ടി ജഴ്‌സിയണിഞ്ഞത്. വളരെക്കാലത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു അന്നും ആശിഷ് നെഹ്‌റ ടീം ഇന്ത്യയില്‍ ഇടം കണ്ടെത്തിയത്. എന്നാല്‍ മികച്ച പ്രകടനമായിരുന്നു ആശിഷ് നെഹ്‌റ അന്ന് പുറത്തെടുത്തത്.

അതിനുശേഷം നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ ഗുരുതര പരിക്കേറ്റ് ശാസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലായിരുന്നതിനെ തുടര്‍ന്നാണ് ആശിഷ് നെഹ്‌റയ്ക്ക് പിന്നീടുള്ള അവസരങ്ങള്‍ നഷ്ടമായത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്രധാന താരങ്ങളിലൊരാളായ നെഹ്‌റയ്ക്ക് മെയ് മാസം പതിനഞ്ചിന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലായിരുന്നു പരിക്കേറ്റത്.

കാല്‍മുട്ടിനുള്ളിലെ മാംസപേശിയെ അസ്ഥിയോട് ബന്ധിപ്പിക്കുന്ന ചലന ഞെരമ്പിനായിരുന്നു ആശിഷ് നെഹ്‌റയുടെ പരിക്ക്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയിലാണ് ആശിഷ് നെഹ്‌റയുടെ പരിക്കിന്റെ ഗുരുതരാവസ്ഥ മനസിലായത്. തുടര്‍ന്ന് ആശിഷ് നെഹ്‌റയ്ക്ക് മത്സരങ്ങളിലൊന്നും പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീം ഇന്ത്യയിലേക്ക് ആശിഷ് നെഹ്‌റ തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അഞ്ച് വര്‍ഷത്തിന് ശേഷം ഏകദിനം കളിക്കാനുള്ള അദ്ദേഹത്തിന്റെ അവസരം കൂടിയാകും ഇത്. 2011 ലോകകപ്പിന്റെ സെമി ഫൈനലില്‍ പാക്കിസ്ഥാനെതിരെയായിരുന്നു നെഹ്‌റ അവസാനമായി ഏകദിന മത്സരത്തിനിറങ്ങിയത്. അന്ന് പരിക്ക് പിടികൂടിയതിനാല്‍ ശ്രീലങ്കയ്‌ക്കെതിരായ ഫൈനല്‍ മത്സരം ആശിഷ് നെഹ്‌റയ്ക്ക് നഷ്ടമാവുകയും ചെയ്തു. കരിയറില്‍ നിരവധി തവണ പരിക്കുകളെയും ശാസ്ത്രക്രിയകളെയും അഭിമുഖീകരിച്ച കളിക്കാരനാണ് നെഹ്‌റ.

Comments

comments

Categories: Sports