ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും ഫാഷന്‍ വിഭാഗം നവീകരിക്കുന്നു

ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും ഫാഷന്‍ വിഭാഗം നവീകരിക്കുന്നു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് രംഗത്തെ പ്രധാന പോരാളികളായ ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണ്‍ ഇന്ത്യയും തങ്ങളുടെ ഫാഷന്‍ ബിസിനസ് വിഭാഗം വിപുലീകരിക്കുന്നു. നൂറിലധികം ഫാഷന്‍ കണ്‍സള്‍ട്ടന്റുമാരുടെ മേല്‍നോട്ടത്തില്‍ കൂടുതല്‍ പുതുമയുള്ള ഉല്‍പ്പന്നങ്ങളാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഈ വിഭാഗത്തില്‍ അണിനിരത്തുന്നു. ഫാഷന്‍ വിഭാഗത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് കമ്പനിയുടെ ഉപഭോക്താക്കള്‍ക്ക് വേറിട്ട ഷോപ്പിംഗ് അനുഭവം നല്‍കുന്നതിനൊപ്പം മുഖ്യ എതിരാളിയായ ആമസോണിനെ പിന്തള്ളി ഇന്ത്യന്‍ വിപണില്‍ മുന്നേറ്റം നിലനിര്‍ത്താനാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ശ്രമം.

അതേസമയം പുതിയ ബ്രാന്‍ഡുകള്‍ അവതരിപ്പിച്ചുകൊണ്ട് ആമസോണും ഫാഷന്‍ വിഭാഗത്തില്‍ എറ്റുമുട്ടലിനു തയാറെടുത്തിട്ടുണ്ട്. സ്വാകര്യ ബ്രാന്‍ഡുകളിലൂടെ കൂടുതല്‍ എക്‌സ്‌ക്ലൂസീവ് പാര്‍ട്ണര്‍ഷിപ്പ് നേടാനാണ് ഇരു കമ്പനികളും ശ്രമിക്കുന്നത്. ഫാഷന്‍ വിഭാഗം നവീകരിച്ച് കൂടുതല്‍ വില്‍പ്പന നേടാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനികള്‍. സ്മാര്‍ട്ട്‌ഫോണ്‍, ടെലിവിഷന്‍ തുടങ്ങിയ ബിസിനസ് വിഭാഗങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന വരുമാനം കണ്ടെത്താന്‍ ഇനി ഫാഷന്‍ വിഭാഗത്തിലൂടെ സാധിക്കുമെന്ന ആത്മവിശ്വാസവും കമ്പനികള്‍ക്കുണ്ട്.
സ്വകാര്യ ബ്രാന്‍ഡ് പോര്‍ട്ട്‌ഫോളിയോ വിപുലീകരിച്ചും പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ചും ഫ്‌ളിപ്പ്കാര്‍ട്ട് ഉടമസ്ഥതയിലുള്ള മിന്ദ്ര, ജബോങ് തുടങ്ങിയ റീട്ടെയ്‌ലര്‍മാരില്‍ നിന്നും വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം ഓഫര്‍ ചെയ്യാനാണ് ആമസോണ്‍ ഒരുങ്ങുന്നത്. ഇതോടനുബന്ധിച്ച് സമീപമാസങ്ങളില്‍ എയ്‌റോപോസ്‌റ്റൈല്‍, ആരോ, സ്വരോസ്‌കി തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുമായും ആമസോണ്‍ സഹകരിച്ചിരുന്നു. വിവിധ ബ്രാന്‍ഡുകള്‍, സെലിബ്രിറ്റികള്‍, ടിവി ചാനലുകല്‍, ബോളിവൂഡ് സിനിമകള്‍ എന്നിവയുമായി കൈകോര്‍ത്ത് സ്‌റ്റോറുകള്‍ ആരംഭിക്കുമെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് മുന്‍പ് അറിയിച്ചിരുന്നു. താരങ്ങളും സിനിമകളും സൗഹൃദങ്ങളും ബ്രാന്‍ഡുകളുമാണ് ജനങ്ങളുടെ ഫാഷന്‍ കണ്‍സപ്റ്റുകളെ സ്വാധീനിക്കുന്നതെന്ന് കമ്പനിയുടെ റിസര്‍ച്ചില്‍ കണ്ടെത്തിയിട്ടുണ്ടെന്നും നവീകരിച്ച ഫാഷന്‍ ശ്രേണിയില്‍ ഇത്തരത്തില്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യമനുസരിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമെന്നും ഫ്‌ളിപ്പ്കാര്‍ട്ട് ഫാഷന്‍ വിഭാഗം വൈസ് പ്രസിഡന്റ് ഋഷി വാസുദേവ് പറഞ്ഞു. ഇതിനു വേണ്ടി നൂറിലധികം സ്റ്റൈല്‍ കണ്‍സള്‍ട്ടന്റുകളെയും കമ്പനി അണി നിരത്തിയിട്ടുണ്ട്. ഇവര്‍ ഉപഭോക്താക്കള്‍ കൂടുതലായും സെര്‍ച്ച് ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കധിഷ്ഠിതമായി ഫാഷന്‍ വിഭാഗത്തിന്റെ മേല്‍നോട്ടം വഹിക്കും.

ഫാഷന്‍ വിഭാഗം നവീകരിക്കുന്നതിന്റെ ഭാഗമായി എത് സെല്ലര്‍മാര്‍ക്കും പ്രൊഡക്റ്റ് അവതരണമെന്ന നിലയില്‍ ഫ്‌ളിപ്പ്കാര്‍ട്ട് പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്താമെന്നും ഫ്‌ളിപ്പ്കാര്‍ട്ട് വ്യക്തമാക്കി. കൂടുതല്‍ വ്യാപാരികളെ പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമവും കമ്പനി ഇതോടൊപ്പം നടത്തുന്നുണ്ട്. ആമസോണ്‍ ഇന്ത്യയെ പോലെ ചെറുകിട, ലോംഗ്-ടെയ്ല്‍ വ്യാപാരികളെ ആകര്‍ഷിക്കാനാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെയും ലക്ഷ്യം. ഉത്സവസീസണോടനുബന്ധിച്ചു നടന്ന ബിഗ് ബില്യണ്‍ ഡേ വില്‍പ്പനയ്ക്കു ശേഷം വരും മാസങ്ങളില്‍ കമ്പനി ഫാഷന്‍, ഫര്‍ണിച്ചര്‍ വിഭാഗങ്ങള്‍ നവീകരിക്കുമെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് മാനേജ്‌മെന്റ് വിഭാഗം മോധാവി കല്യാണ്‍ കൃഷ്ണമൂര്‍ത്തി അറിയിച്ചിരുന്നു. കമ്പനിയുടെ അടിസ്ഥാന ശേഷി ആസ്പദമാക്കിയുള്ള കാറ്റഗറി വിപുലീകരണമായിരിക്കും നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നിലവിലുള്ളതിനേക്കാള്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ ഫാഷന്‍ വിഭാഗത്തില്‍ കൊണ്ടുവരുമെന്നാണ് ആമസോണ്‍ ഫാഷന്‍ വിഭാഗം മേധാവി അരുണ്‍ സര്‍ദേശ്മുഖ് പ്രതികരിച്ചത്. സ്വകാര്യ ബ്രാന്‍ഡുകളിലൂടെ മിന്ദ്ര, ജബോങ് കമ്പനികളുടെ വിജയം പകര്‍ത്താനാണ് ആമസോണ്‍ പദ്ധതിയിടുന്നത്.

Comments

comments

Categories: Trending

Write a Comment

Your e-mail address will not be published.
Required fields are marked*