വിപുലീകരണം: കാര്‍ണിവല്‍ സിനിമാസ് ഒഡീഷ സര്‍ക്കാരുമായി കൈകോര്‍ക്കുന്നു

വിപുലീകരണം: കാര്‍ണിവല്‍ സിനിമാസ് ഒഡീഷ  സര്‍ക്കാരുമായി കൈകോര്‍ക്കുന്നു

 

മുംബൈ: രാജ്യത്തെ മൂന്നാമത്തെ വലിയ മള്‍ട്ടിപ്ലക്‌സ് ഓപ്പറേറ്ററായ കാര്‍ണിവല്‍ സിനിമാസ് രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലും ഉള്‍പ്രദേശങ്ങളിലും കുറഞ്ഞ ചെലവില്‍ സ്‌ക്രീനുകള്‍ ഒരുക്കുന്നു. ഇതിലേക്കായി സംസ്ഥാന സര്‍ക്കാരുകളുമായും റിയല്‍റ്റി ഡെവലപ്പര്‍മാരുമായും അവര്‍ കൈകോര്‍ക്കും. ഒഡീഷ സര്‍ക്കാരുമായുണ്ടാക്കിയ കരാറാണ് ഇത്തരത്തില്‍ ഏറ്റവും ഒടുവിലത്തേത്.
ഒഡീഷ സര്‍ക്കാര്‍ അനുവദിച്ച 1-1.5 ഏക്കറില്‍ കാര്‍ണിവല്‍ രണ്ട്- മൂന്ന് സ്‌ക്രീന്‍ മള്‍ട്ടിപ്ലക്‌സ്, ഫുഡ് കോര്‍ട്ട്, റീട്ടെയ്ല്‍ ഔട്ട്‌ലെറ്റ് എന്നിവയാണ് നിര്‍മിക്കുന്നത്.
ഒഡീഷ സര്‍ക്കാരുമായുള്ള പങ്കാളിത്തത്തിലൂടെ സംസ്ഥാനത്ത് 150 സ്‌ക്രീനുകള്‍ സ്ഥാപിക്കുമെന്ന് കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീകാന്ത് ഭാസി പറഞ്ഞു. ഈ വര്‍ഷം ഓഗസ്റ്റില്‍ കമ്പനി ഝാര്‍ഖണ്ഡ് സര്‍ക്കാരുമായും കരാറിലെത്തിയിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്തെ 18 ജില്ലകളില്‍ കുറഞ്ഞത് 75 തിയേറ്റര്‍ കം റിക്രിയേഷന്‍ സോണുകള്‍ സ്ഥാപിക്കും. സമാനമായ കരാര്‍ തന്നെയാണ് ഒഡീഷയുമായും ഒപ്പുവച്ചിരിക്കുന്നത്. പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകളുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
റിക്രിയേഷന്‍ സോണുകളുടെ വികസനത്തിന് ഓരോ സംസ്ഥാനത്തു നിന്നും മൂന്നു പങ്കാളികളെ കണ്ടെത്തും. മള്‍ട്ടിപ്ലക്‌സ് ബിസിനസിനെ കമ്പനി വ്യത്യസ്തമായി സമീപിക്കും. വിനോദത്തിന് പ്രാധാന്യം കൊടുക്കുന്നവരുള്ള രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ വലിയ സാധ്യതകളുണ്ട്. കൂടുതല്‍ പേരെ ആകര്‍ഷിക്കുക ലക്ഷ്യമിട്ട് ടിക്കറ്റ് വില കുറയ്ക്കും. റിക്രിയേഷന്‍ സോണുകളില്‍ ദിനംപ്രതി 2,000 ത്തോളം പേര്‍ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്- ഭാസി വ്യക്തമാക്കി.
നിലവില്‍ 5,250 ഓളം സ്‌ക്രീനുകളുടെ രൂപരേഖ കാര്‍ണിവല്‍ തയാറാക്കികഴിഞ്ഞു. 365 സ്‌ക്രീനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. കൂടാതെ 300ലധികം സ്‌ക്രീനുകള്‍ നിര്‍മാണ ഘട്ടത്തിലുമാണ്. അധികംവൈകാതെ പ്രതിമാസം 20-30 സ്‌ക്രീനുകള്‍ വീതം പുതിയതായി ലോഞ്ച് ചെയ്യുമെന്നും ശ്രീകാന്ത് ഭാസി കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റില്‍ കമ്പനി ഝാര്‍ഖണ്ഡ് സര്‍ക്കാരുമായും കരാറിലെത്തിയിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്തെ 18 ജില്ലകളില്‍ കുറഞ്ഞത് 75 തിയേറ്റര്‍ കം റിക്രിയേഷന്‍ സോണുകള്‍ സ്ഥാപിക്കും.

Comments

comments

Categories: Movies