വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ്: 50 ചീഫ് എക്‌സിക്യൂട്ടീവുകള്‍ പ്രധാനമന്ത്രിയുമായി സംവദിക്കും

വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ്:  50 ചീഫ് എക്‌സിക്യൂട്ടീവുകള്‍ പ്രധാനമന്ത്രിയുമായി സംവദിക്കും

 

ഗാന്ധിനഗര്‍: ജനുവരി പത്തിന് ആരംഭിക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റില്‍ 50 ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായും കൂടിക്കാഴ്ച നടത്തും. സമ്മിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനു ശേഷം നടക്കുന്ന ആഗോള സിഇഒമാരുടെ സമ്മേളനത്തിന്റെ ഭാഗമായാണ് അമ്പതംഗ സംഘം പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും സംവദിക്കുക. മഹാത്മാ മന്ദിറിലാണ് പരിപാടി നടക്കുക.
വിവിധ മേഖലകളെ പ്രതിനിധീകരിച്ചെത്തുന്ന അമ്പത് ചീഫ് എക്‌സിക്യൂട്ടീവുകളില്‍ 25 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരായിരിക്കും. ബാക്കി ഇരുപത്തഞ്ച് പേര്‍ യുഎസ്, ജപ്പാന്‍, ഫ്രാന്‍സ്, യുകെ, നെതര്‍ലാന്‍ഡ്‌സ്, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് ഗുജറാത്ത് വ്യാവസായിക-ഖനന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പികെ തനേജ പറഞ്ഞു. വൈകിട്ട് 3.30ഓടെ ആരംഭിക്കുന്ന ചര്‍ച്ചയില്‍ മോദിക്കും ജയ്റ്റ്‌ലിക്കുമൊപ്പം ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനിയും പങ്കെടുക്കും. ചൈനയില്‍ നിന്നുള്ള ആരും തന്നെ സിഇഒ സമ്മേളനത്തിനെത്തുന്നില്ലെന്നും തനേജ വ്യക്തമാക്കി.
സമ്മേളനത്തിനെത്തുന്ന സിഇഒമാരുടെ പട്ടികയില്‍ ഇതുവരെ അന്തിമതീരുമാനമായിട്ടില്ല. അതേസമയം ആഗോള ടെക്‌നോളജി രംഗത്തെ പ്രമുഖരായ സിസ്‌കോ യുടെ ചെയര്‍മാന്‍ ജോണ്‍ ചാമ്പേഴ്‌സ് ഉള്‍പ്പടെയുള്ള ചില മുന്‍നിര വ്യാവാസായിക നേതൃത്വങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും തനേജ വിശദീകരിച്ചു. ബോയിംഗ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ബെര്‍ട്രാന്‍ഡ് മാര്‍ക് അലെന്‍, ഇഡിഎഫ് സിഇഒ ജീന്‍ ബെര്‍നാഡ് ലെവി തുടങ്ങിയവരും സമ്മേളനത്തിനെത്തും. ആഗോളതലത്തിലും ഇന്ത്യയിലുമുള്ള നിക്ഷേപ സാഹചര്യങ്ങളെയും അവസരങ്ങളെയും സംബന്ധിച്ചുള്ള ചര്‍ച്ചകളായിരിക്കും സിഇഒമാരുടെ വട്ടമേശ സമ്മേളനത്തിന്റെ പ്രധാന അജണ്ട. ഏകീകൃത ചരക്ക് സേവന നികുതി നടപ്പിലാക്കുന്നതിലും നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുള്ള രാജ്യത്തെ ബിസിനസ് പശ്ചാത്തലത്തിലും ഈ സമ്മേളനവും തുടര്‍ന്നുണ്ടാകുന്ന തീരുമാനങ്ങളും സുപ്രധാന പങ്കുവഹിക്കുമെന്നും തനേജ ചൂണ്ടിക്കാട്ടി.
കൂടുതല്‍ ബിസിനസ് ടു ബിസിനസ് യോഗങ്ങള്‍ക്ക് അവസരമൊരുക്കുകയാണ് വൈബ്രന്റ് ഗുജറാത്ത് സമ്മേളനം കൊണ്ടുദ്ദേശിക്കുന്നതെന്നാണ് തനേജയുടെ അഭിപ്രായം. സമ്മേളനത്തിന്റെ രണ്ടാം ദിനത്തില്‍ പരമാവധി ബിടുബി യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഇത്തവണ സമ്മേളനത്തിലെത്തുന്ന അതിഥികള്‍ക്ക് പെട്ടെന്ന് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ വകുപ്പുകളുടെ ഫെസിലിറ്റേഷന്‍ ഡെസ്‌ക് ഒരുക്കാന്‍ ആലോചിക്കുന്നതായും തനേജ അറിയിച്ചു.

Comments

comments

Categories: Entrepreneurship