യുഎന്‍ നേരം ചെലവഴിക്കാനുള്ള ക്ലബ്ബ്: ട്രംപ്

യുഎന്‍ നേരം ചെലവഴിക്കാനുള്ള ക്ലബ്ബ്: ട്രംപ്

വാഷിംഗ്ടണ്‍: പലസ്തീന്‍ പ്രദേശത്ത് ജൂതന്മാരുടെ പുനരധിവാസത്തിനായി ഇസ്രയേല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിറുത്തിവയ്ക്കണമെന്ന യുഎന്‍ രക്ഷാസമിതിയുടെ പ്രമേയം പാസാക്കി മൂന്ന് ദിവസം പിന്നിടുമ്പോള്‍, യുഎന്നിനെതിരേ നിയുക്ത യുഎസ് പ്രസിഡന്റ് രംഗത്ത്.
ഒരു കൂട്ടം ആളുകള്‍ക്ക് ഒത്തുചേരാനും, സംസാരിക്കാനും, നേരം ചെലവഴിക്കാനുമുള്ള അന്താരാഷ്ട്ര സംഘടനയാണു യുഎന്‍ എന്നു ട്രംപ് തിങ്കളാഴ്ച ട്വീറ്റ് ചെയ്തു.
ഫ്‌ളോറിഡയിലെ മാറാ ലഗോ റിസോര്‍ട്ടില്‍ വെക്കേഷന്‍ ആഘോഷത്തിലേര്‍പ്പെട്ടിരിക്കുകയാണ് ട്രംപ്. ഇവിടെ വച്ചാണ് ട്രംപ് യുഎന്നിനെതിരേ രൂക്ഷ വിമര്‍ശനം നടത്തിയത്.അതേസമയം യുഎന്‍ വ്യര്‍ഥമായ സംഘടനയാണെന്നു വിമര്‍ശിക്കാനുള്ള കാരണം ട്രംപ് വ്യക്തമാക്കിയതുമില്ല.
താന്‍ യുഎസ് പ്രസിഡന്റായി അടുത്തമാസം 20നു ചുമതലയേറ്റതിനു ശേഷം 71 വര്‍ഷം പിന്നിടുന്ന യുഎന്‍ സംഘടനയുടെ പശ്ചിമേഷ്യന്‍ സമീപനം വിലയിരുത്തുമെന്നും നിരവധി മാറ്റങ്ങള്‍ക്ക് സംഘടനയെ വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പാണ് യുഎന്‍ രക്ഷാസമിതിയില്‍ 14 അംഗരാജ്യങ്ങള്‍ ഇസ്രയേലിനെതിരായ പ്രമേയം പാസാക്കിയത്. 15 അംഗ സമിതിയാണ് യുഎന്‍ രക്ഷാസമിതി. വോട്ടെടുപ്പില്‍ അമേരിക്കന്‍ പ്രതിനിധിയായ സാമന്ത പവറിനോട് വിട്ടുനില്‍ക്കാന്‍ യുഎസ് പ്രസിഡന്റ് ഒബാമ നിര്‍ദേശിച്ചിരുന്നു. പലസ്തീന്‍ പ്രദേശത്ത് ഇസ്രയേലിന്റെ നടപടികള്‍ക്കു പിന്തുണ ലഭിച്ചാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നപരിഹാരം നീണ്ടു പോകുമെന്നു ഭയന്നാണ് ഒബാമ ഇത്തരത്തില്‍ നിര്‍ദേശിച്ചത്.

Comments

comments

Categories: World