ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; വഴിമാറിയത് വന്‍ ദുരന്തം

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; വഴിമാറിയത് വന്‍ ദുരന്തം

 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ ഇന്ന് രാവിലെ വന്‍ ദുരന്തം വഴിമാറി. ആശയവിനിമയത്തിലെ അപാകത മൂലം ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്നെങ്കിലും തലനാരിഴയ്ക്ക് അപകടം ഒഴിവാകുകയായിരുന്നു.
ലക്‌നൗവില്‍ നിന്ന് എത്തിയതാണ് ഇന്‍ഡിഗോ ഫ്‌ളൈറ്റ്. 160 യാത്രക്കാരുണ്ടായിരുന്നു. മറുവശത്ത് ഹൈദരാബാദിലേക്ക് പറന്നുയരാന്‍ തയാറെടുക്കുകയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തില്‍ 187 യാത്രക്കാരുമുണ്ടായിരുന്നു.
ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റാണ് എതിരേ വന്ന സ്‌പൈസ് ജെറ്റ് വിമാനത്തെ ആദ്യം കണ്ടത്. തുടര്‍ന്ന് ബ്രേക്ക് ചവിട്ടി വിമാനത്തിന്റെ വേഗത കുറച്ചതിനാല്‍ അപകടം ഒഴിവായെന്നു ഇന്‍ഡിഗോ പുറത്തിറക്കിയ പ്രസ്താവനയില്‍ സൂചിപ്പിച്ചു. സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നിബന്ധനകള്‍ പാലിച്ചാണ് പൈലറ്റ് എന്‍ജിന്‍ സ്വിച്ച് ഓഫ് ചെയ്തതെന്നും സംഭവം ഉടന്‍ തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോളറെ അറിയച്ചതായും ഇന്‍ഡിഗോ പ്രസ്താവനയില്‍ വ്യക്തമാക്കി.
എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറില്‍ നിന്നുമുള്ള ആശയവിനിമയത്തിലുണ്ടായ അപാകതയാണു ദുരന്തത്തിലേക്കു നയിച്ചേക്കാവുന്ന സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചു.
ഡല്‍ഹി വിമാനത്താവളത്തിലെ നിബന്ധനകള്‍ സ്‌പൈസ് ജെറ്റിന്റെ ഡല്‍ഹി-ഹൈദരാബാദ് വിമാനം പാലിച്ചിരുന്നെന്നു സ്‌പൈസ് ജെറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ സൂചിപ്പിച്ചു.
മഞ്ഞ് കാലമായതിനാല്‍ ഇപ്പോള്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ രാവിലെ മൂടല്‍മഞ്ഞ് കാണപ്പെടാറുണ്ട്. മഞ്ഞ് ചിലയവസരങ്ങളില്‍ കാഴ്ചയെ തന്നെ മറക്കും വിധമാണ് പ്രത്യക്ഷപ്പെടുന്നത്.

Comments

comments

Categories: Trending

Write a Comment

Your e-mail address will not be published.
Required fields are marked*