ട്രംപ്-ഇന്ത്യ ബന്ധത്തില്‍ ഉറ്റുനോക്കി നയതന്ത്രലോകം

ട്രംപ്-ഇന്ത്യ ബന്ധത്തില്‍ ഉറ്റുനോക്കി നയതന്ത്രലോകം

2017 ജനുവരി 20ന് യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുകയാണ്. ന്യൂഡല്‍ഹിയിലെ സൗത്ത് ബ്ലോക്കില്‍ ചര്‍ച്ചകള്‍ നിറയുന്നത് ട്രംപ് ഭരണകൂടത്തെ കുറിച്ചാണ്. യുഎസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്, ഹിലരി ക്ലിന്റനോ, പരമ്പരാഗത റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനോ ആയിരുന്നെങ്കില്‍ പോലും ന്യൂഡല്‍ഹിക്ക് ഇത്രയും തലപുകയ്‌ക്കേണ്ടി വരില്ലായിരുന്നു. പക്ഷേ ഇത് ട്രംപാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തോട് സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ച് ധാരണ രൂപപ്പെടുത്തിയെടുക്കുന്നതേയുള്ളൂ.
പ്രസിഡന്റ് സ്ഥാനത്തേയ്ക്കു അവരോധിക്കപ്പെടുന്നതിനു മുന്‍പു തന്നെ ട്രംപ് ഏഷ്യയിലെ വന്‍ ശക്തിയായ ചൈനയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള നിരവധി പ്രസ്താവനകളാണു നടത്തിയത്. ബീജിംഗുമായി സുഖകരമായ നയതന്ത്രമായിരിക്കില്ല ട്രംപിന്റേത് എന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ എല്ലാ കണ്ണുകളും ഇന്ത്യയിലേക്കാണ് പതിയുന്നത്. ഏഷ്യയിലെ വന്‍ശക്തികളിലൊന്നായ ഇന്ത്യയുമായുള്ള യുഎസിന്റെ ബന്ധം സമീപകാലത്ത് ഊഷമളമായിട്ടാണ് മുന്നേറുന്നത്. ട്രംപ് ഭരണകൂടവും ഈ ഊഷ്മളത തുടരുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നുമുണ്ട്. പക്ഷേ, ട്രംപ് ഭരണകൂടവുമായി ഏതെല്ലാം മേഖലയില്‍ സഹകരിക്കുമെന്ന ചോദ്യമാണ് അവശേഷിക്കുന്നത്. സാമ്പത്തിക, സൈനിക സഹകരണത്തിനു പുറമേ കാലാവസ്ഥ വ്യതിയാനം പോലെ സുപ്രധാന വിഷയങ്ങളില്‍ അമേരിക്കയുമായി വര്‍ധിച്ച സഹകരണത്തിന് ഇന്ത്യയായിരിക്കണം മുന്‍കൈയ്യെടുക്കേണ്ടതെന്ന അഭിപ്രായം ഉയര്‍ന്നിരിക്കുകയാണ്.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട മേഖലയില്‍ ട്രംപിന് അനുകൂല സമീപനമായിരിക്കില്ലെന്നത് വ്യക്തമാണ്. എങ്കിലും കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ടെക്‌നോളജി വികസിപ്പിച്ച് അവയ്ക്ക് ലൈസന്‍സിംഗ്, ഫിനാന്‍സിംഗ് സൗകര്യം ഏര്‍പ്പെടുത്താന്‍ ഇന്ത്യയും അമേരിക്കയും തയാറാവുകയാണെങ്കില്‍, ഈ ആശയം നല്ല രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷ ഇരുവിഭാഗത്തിനുമുണ്ട്.
യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഉടനീളം മുസ്ലിം വിരുദ്ധ നിലപാട് സ്വീകരിച്ച ട്രംപ്, ഇന്ത്യയ്ക്ക് അനുകൂലമായി തീരുമാനങ്ങളെടുക്കുന്ന ഭരണാധികാരിയായിരിക്കുമെന്നാണു പൊതുവേയുള്ള ധാരണ. എന്നാല്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി സമീപകാലത്ത് ട്രംപ് നടത്തിയ ഫോണ്‍ സംഭാഷണം, ഒരു കാര്യം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്, യുഎസ്, പാകിസ്ഥാനുമായുള്ള സൗഹൃദം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു എന്നതാണ് അത്.
വലിയ വാഗ്ദാനങ്ങളും ഉറപ്പുകളും പരസ്പരം നല്‍കിയാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ബന്ധം നിലനിറുത്തി പോരുന്നത്. വാഗ്ദാനങ്ങളും ഉറപ്പുകളും പാലിക്കാന്‍ പലപ്പോഴും സാധിച്ചിട്ടില്ലെന്നത് വൈരുദ്ധ്യമാകാം. പത്ത് വര്‍ഷം മുന്‍പു ഇന്ത്യയും അമേരിക്കയും തമ്മില്‍ സിവില്‍ ന്യൂക്ലിയര്‍ എഗ്രിമെന്റ് ഒപ്പുവച്ചിരുന്നു. എന്നാല്‍ ഈ കരാര്‍ യാതൊരു ഫലവും ഉണ്ടാക്കിയിട്ടില്ലെന്നതാണു യാഥാര്‍ഥ്യം.
ട്രംപിന്റെ നേതൃത്വത്തില്‍ പുതിയ ഭരണകൂടം അധികാരമേല്‍ക്കുമ്പോള്‍, പ്രായോഗികാവാദിയായ മോദി ഇന്ത്യ-യുഎസ് ബന്ധം പുതിയ തലത്തിലെത്തിക്കുമെന്നാണു നയതന്ത്ര ലോകം പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം മുതല്‍, സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുന്നതു വരെയുള്ള കാര്യങ്ങള്‍ക്കാണ് ഇന്ത്യ മുന്‍തൂക്കം കൊടുക്കുന്നത്. മറുവശത്ത് അമേരിക്കയാകട്ടെ, ഇന്ത്യന്‍ വിപണിയിലെ അമേരിക്കന്‍ ഉത്പന്നങ്ങളുടെ വളര്‍ച്ചയായിരിക്കും ലക്ഷ്യമിടുന്നത്. സൈനികാഭ്യാസത്തിനും സൈബര്‍ സുരക്ഷയ്ക്കും രണ്ടാം സ്ഥാനമാണ് അവര്‍ കല്‍പിക്കുന്നത്.
പുതുതലമുറ സാങ്കേതികവിദ്യാ മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരിച്ചു മുന്നേറണമെന്ന ആവശ്യമാണ് പ്രധാനമായും ഉയരുന്നത്. സിന്തറ്റിക് ബയോളജി, 3ഡി പ്രിന്റിംഗ്, അത്യാധുനിക രീതിയിലുള്ള വിത്ത് ഉത്പാദനം തുടങ്ങിയ മേഖലകള്‍ക്ക് ഇന്ത്യ പ്രാമുഖ്യം നല്‍കുകയാണെങ്കില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്നും നിര്‍ദേശമുണ്ട്. ഈ അവസരങ്ങളെ പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ മാത്രം സജ്ജമല്ല ഇന്ത്യയിലെ ഗവേഷണ സ്ഥാപനങ്ങള്‍. ഈ മേഖലയില്‍ യുഎസുമായി സഹകരിക്കുകയാണെങ്കില്‍ ഇന്ത്യയ്ക്കു കൂടുതല്‍ പുരോഗതി കൈവരിക്കാനാകുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. ഈ മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിലൂടെ അമേരിക്കന്‍ കമ്പനികള്‍ക്കു നേട്ടം കൈവരിക്കാനും സാധിക്കും.
ഇന്ത്യയ്ക്കും അമേരിക്കയ്ക്കും സഹകരിക്കാന്‍ സാധിക്കുന്ന മറ്റൊരു മേഖലയാണ് ദേശീയ സുരക്ഷ, ടെക്‌നോളജി രംഗം. അത്യാധുനിക സാങ്കേതികവിദ്യയുടെ വികസനം കൂടുതല്‍ സാധ്യമാക്കാന്‍ ഇന്ത്യ ശ്രമിക്കേണ്ടതുണ്ട്. പ്രതിരോധം, ടെലികമ്മ്യൂണിക്കേഷന്‍, ഐടി മേഖലയില്‍ സുക്ഷ്മസംവേദനക്ഷമതയുള്ള സാങ്കേതികവിദ്യയുടെ പുതിയ സ്രോതസാണ് യുഎസ് അന്വേഷിക്കുന്നത്. ചൈനയുമായുള്ള ബന്ധം മോശമാകുന്നത് ഇന്ത്യയ്ക്കു കൂടുതല്‍ അവസരങ്ങളാവും സൃഷ്ടിക്കുക. ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസും യുണൈറ്റഡ് ടെക്‌നോളജീസും തമ്മിലുള്ള സഹകരണവും, അമേരിക്കയിലേക്ക് ടെലികോം ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന ബാംഗ്ലൂര്‍ ആസ്ഥാനമായ തേജസ് നെറ്റ്‌വര്‍ക്കും ഇന്ത്യയുടെ സാധ്യത വര്‍ധിപ്പിക്കുകയാണെന്നു വ്യക്തം.

Comments

comments

Categories: Trending