ന്യൂഡെല്‍ഹി: ബോസ്റ്റണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ നിക്ഷേപ സ്ഥാപനം റ്റിഎ അസോസിയേറ്റ്സ്, ശില്‍പ്പ മെഡികെയറിലെ നാലു ശതമാനം ഓഹരികള്‍ ഏറ്റെടുത്തു. 175 കോടി രൂപ ചെലവിട്ടാണ് റ്റിഎ അസോസിയേറ്റ്സ് ഇത്രയും ഓഹരികള്‍ സ്വന്തമാക്കിയത്. കാന്‍സര്‍ നിവാരണത്തിന് ഉപയോഗിക്കുന്ന മരുന്നിനാവശ്യമായ ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ശില്‍പ്പ മെഡികെയര്‍.
ഇന്ത്യയിലെ ആരോഗ്യപരിക്ഷ മേഖലയില്‍ റ്റിഎ അസോസിയേറ്റ്സ് നടത്തുന്ന രണ്ടാമത്തെ നിക്ഷേപമാണിത്. 2010 ല്‍ ഡയഗ്നോസ്റ്റിക് ശൃംഖലയായ ഡോ. ലാല്‍ പത്ലാബ്സിലും അവര്‍ 175 കോടി രൂപ നിക്ഷേപിച്ചിരുന്നു.
ശില്‍പ്പ മെഡികെയറിന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (യുഎസ്എഫ്ഡിഎ) അംഗീകരിച്ച നിര്‍മാണ യൂണിറ്റ് സ്വന്തമായുണ്ട്. കമ്പനി രണ്ട് അബ്രിവേറ്റഡ് ന്യൂ ഡ്രഗ് ആപ്ലിക്കേഷന്‍ (എഎന്‍ഡിഎ) ഫയല്‍ ചെയ്തിട്ടുണ്ടെന്ന് 2016 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് വരെ ശില്‍പ്പ മെഡികെയര്‍ 720 കോടി രൂപയുടെ വില്‍പ്പനയും ഏകദേശം 100 കോടി രൂപയുടെ അറ്റ ലാഭവും രേഖപ്പെടുത്തുകയുണ്ടായി.
2010ല്‍ ബെയറിംഗ് പ്രൈവറ്റ് ഇക്വിറ്റിയും ശില്‍പ്പ മെഡികെയറിന്റെ ഓഹരികള്‍ 80 കോടിക്ക് വാങ്ങിയിരുന്നു. ബെയറിംഗ് പ്രൈവറ്റ് ഇക്വിറ്റിക്ക് കമ്പനിയില്‍ ഒമ്പത് ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ടാനോ കാപ്പിറ്റലും ശില്‍പ്പ മെഡികെയറിലെ നിക്ഷേപകരാണ്.