1.35 ലക്ഷം കോടി രൂപയുടെ പദ്ധതികളുമായി റെയ്ല്‍വേ

1.35 ലക്ഷം കോടി രൂപയുടെ പദ്ധതികളുമായി റെയ്ല്‍വേ

 

ന്യൂഡെല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ റെയ്ല്‍വേ വിവിധ പദ്ധതികള്‍ക്കായി 1.35 ലക്ഷം കോടി രൂപ ചെലവഴിക്കും. ഒരു സാമ്പത്തിക വര്‍ഷത്തെ റെയ്ല്‍വേയുടെ ഏറ്റവും വലിയ പദ്ധതി അടങ്കലാണിത്. ഈ തുകയില്‍ 60,000 കോടി രൂപ ബജറ്റ് വിഹിതമായി അനുവദിക്കണമെന്ന് ധനമന്ത്രാലയത്തോട് ആവശ്യപ്പെടും. 25,000 കോടി രൂപ എല്‍ഐസിയില്‍നിന്ന് വായ്പയെടുക്കും. ബാക്കി തുക ഇന്ത്യന്‍ റെയ്ല്‍വേസ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ (ഐആര്‍എഫ്‌സി) കടപ്പത്രങ്ങളിലൂടെയും പൊതുസ്വകാര്യ പങ്കാളിത്തങ്ങളിലൂടെയും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
റെയ്ല്‍വേയുടെ ഏറ്റവും വലിയ പദ്ധതി അടങ്കലിനാണ് 2017-18 സാമ്പത്തിക വര്‍ഷം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് റെയ്ല്‍വേയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. 25,000 കോടി രൂപയുടെ വായ്പ ലഭ്യമാക്കുന്നതിന് എല്‍ഐസിയുമായി ധാരണാപത്രം ഒപ്പുവെച്ചുകഴിഞ്ഞു. ഐആര്‍എഫ്‌സി കടപ്പത്രങ്ങളിലൂടെ 20,000 മുതല്‍ 25,000 കോടി രൂപ വരെയുള്ള സംഖ്യ സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇവര്‍ പറയുന്നു.
ആവശ്യപ്പെട്ടത്ര ബജറ്റ് വിഹിതം ലഭിച്ചില്ലെങ്കില്‍പ്പോലും അടുത്ത സാമ്പത്തിക വര്‍ഷത്തേക്കായി നിശ്ചയിച്ച ഇതേ തുക വിവിധ പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയ്ല്‍വേ വിവിധ സംസ്ഥാനങ്ങളുമായി സംയുക്ത സംരംഭങ്ങളിലേര്‍പ്പെട്ടിട്ടുണ്ട്. ഈ സംയുക്ത സംരംഭങ്ങള്‍ക്കായി ചെലവഴിക്കുന്ന ഫണ്ട് പൊതുസ്വകാര്യ പങ്കാളിത്തമായി പരിഗണിക്കും.

ചരക്ക് ഇടനാഴികള്‍ നിര്‍മിക്കുന്നതിനും കശ്മീര്‍, വടക്കുകിഴക്കന്‍ പ്രദേശങ്ങളുമായുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും സിഗ്നലിംഗ് സംവിധാനം നവീകരിക്കുന്നതിനും സ്റ്റേഷനുകളുടെ ആധുനികീകരണം നടത്തുന്നതിനും യാത്രക്കാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ലോക്കോമോട്ടീവുകള്‍, കോച്ചുകള്‍, വാഗണുകള്‍ എന്നിവ വാങ്ങുന്നതിനും കല്‍ക്കരിപ്പാടം, തുറമുഖം എന്നിവയ്ക്കു സമീപത്തെ ചരക്കുപാതകള്‍ ദീര്‍ഘിപ്പിക്കുന്നതിനുമാണ് റെയ്ല്‍വേ അടുത്ത സാമ്പത്തിക വര്‍ഷം പ്രധാനമായും ഫണ്ട് ചെലവഴിക്കാനൊരുങ്ങുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ ചെലവഴിക്കലിനാണ് റെയ്ല്‍വേ ഒരുങ്ങുന്നതെങ്കിലും പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാനുള്ള സാധ്യത കുറവാണ്. വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കാനായിരിക്കും ഫണ്ട് കൂടുതലായും ചെലവിടുക. ബജറ്റിന് മുന്നോടിയായുള്ള കൂടിക്കാഴ്ച്ചകള്‍ക്കായി റെയ്ല്‍വേ മന്ത്രി സുരേഷ് പ്രഭു ഇന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ സന്ദര്‍ശിക്കും. പ്രത്യേക റെയ്ല്‍വേ ബജറ്റ് നിര്‍ത്തലാക്കിയതോടെ റെയ്ല്‍വേ വികസനം ഉള്‍പ്പെടുത്തിയാകും ഫെബ്രുവരി ഒന്നിന് അരുണ്‍ ജയ്റ്റ്‌ലി പൊതുബജറ്റ് അവതരിപ്പിക്കുന്നത്.

Comments

comments

Categories: Branding