നോട്ട് അസാധുവാക്കല്‍: ഡിജിറ്റല്‍ ഇടപാടുകള്‍ 25 ശതമാനം ഉയര്‍ന്നു

നോട്ട് അസാധുവാക്കല്‍: ഡിജിറ്റല്‍  ഇടപാടുകള്‍ 25 ശതമാനം ഉയര്‍ന്നു

 

മുംബൈ: നവംബര്‍ എട്ടിന് കേന്ദ്ര സര്‍ക്കാര്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിനു ശേഷം ഡിജിറ്റല്‍ പേയ്‌മെന്റ് പ്രതിമാസം ഏകദേശം 25 ശതമാനം ഉയര്‍ച്ച കൈവരിച്ചു. അംഗീകൃത ചില്ലറക്കച്ചവടങ്ങളിലാണ് കാര്‍ഡ് പേയ്‌മെന്റുകള്‍ കൂടുതലായും വളര്‍ച്ച നേടിയത്. പാതയോരത്തെ വ്യാപാരികളും ഡിജിറ്റല്‍ പേയ്‌മെന്റിലേക്ക് മാറികൊണ്ടിരിക്കുന്നു.
ഡിജിറ്റല്‍ പേയ്‌മെന്റില്‍ ഇപ്പോള്‍ പ്രതിവാര ഡാറ്റ വളര്‍ച്ചയാണ് പരിശോധിക്കുന്നത്. ആഴ്ചതോറും ഏകദേശം 5 ശതമാനം ഉയര്‍ച്ച കാണുന്നുണ്ട്. ഇത് ആരോഗ്യകരമായ മാറ്റമാണ്- പേയ്‌മെന്റ് സൊലൂഷനായ പൈന്‍ ലാബ്‌സിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ലോക്‌വീര്‍ കപൂര്‍ പറഞ്ഞു. വ്യാപാരി ഔട്ട്‌ലെറ്റുകളില്‍ സൈ്വപിംഗ് മെഷീന്‍ (പോയിന്റ് ഓഫ് സെയില്‍-പിഒഎസ്) സ്ഥാപിക്കുന്നതിന് സൗകര്യം ഒരുക്കുന്നത് പൈന്‍ ലാബ്‌സാണ്.
കഴിഞ്ഞ ഞായറാഴ്ച ക്രിസ്മസ് ആയതിനാല്‍ 2.2 മില്ല്യണ്‍ ഇടപാടുകള്‍ സാധ്യമായി. അതിനു തൊട്ടുമുന്‍പത്തെ ഞായറാഴ്ച രണ്ടു മില്ല്യണ്‍ ഇടപാടുകള്‍ നടത്തി. കമ്പനിയുടെ ശൃംഖല 10 ശതമാനം ഉയര്‍ന്നുവെന്ന് കപൂര്‍ ചൂണ്ടിക്കാട്ടി.

500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം പൈന്‍ ലാബ്‌സ് പ്രതിദിനം ശരാശരി 1.1-1.2 മില്ല്യണ്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നുണ്ട്. നവംബര്‍ എട്ടിന് മുന്‍പ് ആഴ്ചയില്‍ ശരാശരി അഞ്ചു ലക്ഷമായിരുന്നിത്. അടുത്ത ദിവസങ്ങളിലാണ് ഈ സംഖ്യ ഉയര്‍ന്നത്.
അംഗീകൃത ചില്ലറ ഔട്ട്‌ലെറ്റുകളായ പേയ്‌യു ഇന്ത്യ, എംസൈ്വപ് എന്നിവയുമായി സഹകരിക്കുന്ന പൈന്‍ ലാബ്‌സ് മോം ആന്‍ഡ് പോപ്പ് സ്‌റ്റോഴ്‌സിലും ക്വിക്ക് സര്‍വീസ് റെസ്‌റ്റോറന്റുകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഈ കമ്പനികളെല്ലാം തങ്ങളുടെ ബിസിനസില്‍ മുന്നേറ്റമുണ്ടാക്കിക്കഴിഞ്ഞു.
ജയ്പൂര്‍, ഛണ്ഡീഗഡ് എന്നിവ പോലുള്ള ചെറു നഗരങ്ങളില്‍ പേയ്‌യു ഇന്ത്യ ഏറെ സ്വീകരിക്കപ്പെടുന്നുണ്ട്. ഈ മേഖലകളില്‍ നിലവില്‍ 10,500 പിഒസി ടെര്‍മിനലുകള്‍ പേയ്‌യു പ്രവര്‍ത്തിപ്പിക്കുന്നു. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സ്വീകരിക്കാന്‍ താല്‍പര്യമുള്ള വ്യാപാരികള്‍ ഇപ്പോള്‍ കമ്പനിയെ സമീപിച്ചുവരുന്നു. ഒരു മാസത്തിനുള്ളില്‍ ഇത്തരത്തില്‍ 3,000 പിഒസി ടെര്‍മിനലുകള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചുവെന്ന് പേയ്‌യു ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ജിതേന്ദ്ര ഗുപ്ത പറഞ്ഞു. രാജ്യത്തിപ്പോള്‍ 74 കോടി ഡെബിറ്റ് കാര്‍ഡും 2.7 കോടി ക്രെഡിറ്റ് കാര്‍ഡും ഉള്‍പ്പെടുന്ന 15 ലക്ഷം പിഒസി ടെര്‍മിനലുകളുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

Comments

comments

Categories: Slider, Top Stories