ഊട്ടി മുതല്‍ ആലുവ വരെ

ഊട്ടി മുതല്‍  ആലുവ വരെ

കൊടൈക്കനാലിലെ കൊടൈ റിസോര്‍ട്ട് ഹോട്ടല്‍, മൂന്നാറിലെ ടീവാലി റിസോര്‍ട്ട്, ഊട്ടിയിലെ ഹോട്ടല്‍ ലേക്ക് വ്യൂ, പേള്‍ എന്റര്‍പ്രൈസസ്, മിലാസ് എന്റര്‍പ്രൈസസ്, തുടങ്ങി വിജയകരമായ ഒരു പറ്റം ബിസിനസ് സംരംഭങ്ങളുടെ അമരക്കാരനാണ് സി എ സലിം. വളരെ കരുതലോടെയും ആത്മാര്‍ഥതയോടെയും ബിസിനസ് രംഗത്തെ സമീപിച്ച് അതിനെ വളര്‍ത്തി വലുതാക്കി തന്റേതായ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ആരെയും മാതൃകയാക്കിയായിരുന്നില്ല സലീമിന്റെ ചുവടുകള്‍. മാര്‍ക്കറ്റിംഗിലും ബിസിനസിലും, സ്വന്തമായി നൂതന ആശയങ്ങള്‍ വകസിപ്പിച്ച് തന്റേതായ പാത വെട്ടിത്തുറക്കുകയായിരുന്നു അദ്ദേഹം. മുകളില്‍ സൂചിപ്പിച്ചിട്ടുള്ള സംരംഭങ്ങള്‍ക്ക് പുറമേ പേള്‍ കസ്റ്റമര്‍ കെയര്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ്, മരിക്കാര്‍ എന്‍ജിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ദ ഗ്രേറ്റ് ഇന്ത്യ ടൂര്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ കൂടി മേധാവികളില്‍ ഒരാളാണ് അദ്ദേഹം. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഈ മേഖലയിലേക്കു കടന്നുവന്നയാളാണ് സലിം. 1979-ല്‍ കുസാറ്റിന്റെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ നിന്നാണ് സലിം എംബിഎ പൂര്‍ത്തിയാക്കിയത്. അന്നുമുതല്‍ ബിസിനസിനോട് അതിയായ താല്‍പര്യമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. വളരെ പ്രൊഫഷണലായ മാനേജ്‌മെന്റ് രീതിയാണ് തങ്ങള്‍ അവലംബിച്ചുപോരുന്നതെന്നും സലിം പറയുന്നു.

സുസ്ഥിരമായ വളര്‍ച്ച
1983-ല്‍ ഊട്ടിയിലാണ് സലിം തങ്ങളുടെ ആദ്യ റിസോര്‍ട്ടിനു തുടക്കമിടുന്നത്. പിന്നീട് 1986-ല്‍ കൊടൈക്കനാലിലും റിസോര്‍ട്ട് തുടങ്ങി. തങ്ങളുടെ ആദ്യ രണ്ട് റിസോര്‍ട്ടുകളും തമിഴ്‌നാട്ടിലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ അക്കാലത്ത് ചുവടുറപ്പിച്ചിരുന്നില്ല. 90-കളിലാണ് കേരളത്തില്‍ ബിസിനസ് തുടങ്ങാന്‍ ആലോചിക്കുന്നത്. മൂന്നാര്‍, ആലപ്പുഴ, ആലുവ തുടങ്ങി കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയുടെ ഹൃദയമെന്നു തന്നെ വിശേഷിപ്പിക്കാനാവുന്ന ഇടങ്ങളിലാണ് ഇവര്‍ കണ്ണുവച്ചത്. ഇതില്‍ ആലുവയിലെ റിസോര്‍ട്ടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. റിസോര്‍ട്ട് മേഖലയില്‍ കുറേക്കാലമായി സജീവമായിരുന്നുവെങ്കിലും മൂന്നാറിലെ പ്രൊജക്ടോടെയാണ് കേരളത്തില്‍ ഇവര്‍ സാന്നിധ്യമറിയിക്കുന്നത്.

ഭക്ഷ്യോല്‍പ്പന്നങ്ങളുടെ മാര്‍ക്കറ്റിംഗിലും ഇവര്‍ ശ്രദ്ധേയ സാന്നിധ്യമാണ്. നീണ്ട കാലത്തെ അനുഭവ സമ്പത്താണ് ഭക്ഷ്യോല്‍പ്പന്ന മാര്‍ക്കറ്റിംഗിലും കയറ്റുമതിയിലും സലിമിനുള്ളത്. 30 വര്‍ഷമായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്നു. ഇന്‍സ്റ്റന്റ് ഭക്ഷ്യോല്‍പ്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്. ഈ മേഖലയില്‍ കേരളത്തിലെ തന്നെ എടുത്തുപറയാവുന്ന സാന്നിധ്യമാണിവര്‍. ഈ ഒരു ഡിവിഷനില്‍ മാത്രമായി 30 കോടി രൂപയുടെ ടേണോവര്‍ ഇവര്‍ക്കുണ്ട്. 1991 മുതല്‍ സീഫുഡ് ബിസിനസിലും സജീവമായിരുന്നു ഇദ്ദേഹം. 2003 വരെ ഇത് തുടരുകയും ചെയ്തു.
മാര്‍ക്കറ്റിംഗ് രംഗത്തെ നീണ്ടകാലത്തെ പ്രവര്‍ത്തന പരിചയമാണ് ടൂറിസം രംഗത്ത് എന്തെങ്കിലും ചെയ്യാമെന്ന ചിന്തയിലേക്ക് അദ്ദേഹത്തെ നയിച്ചത്. അങ്ങനെയാണ് അക്കാലത്തെ പ്രധാന ടൂറിസം പോയിന്റായ ഊട്ടിയില്‍ തന്റെ ബൃഹത്തായ പദ്ധതിക്ക് തുടക്കമിടുന്നത്. ബിസിനസ് ചെയ്യാന്‍ കേരളത്തെക്കാള്‍ മികച്ച അന്തരീക്ഷമാണ് തമിഴ്‌നാട്ടിലുള്ളതെന്നും സലിം ചൂണ്ടിക്കാട്ടുന്നു. അത് ഇപ്പോഴും അങ്ങനെ തന്നെയാണ്. പ്രാദേശികമായ പ്രശ്‌നങ്ങള്‍ അവിടെ വളരെക്കുറവാണ്. ഊട്ടിയില്‍ ഏറെ വിജയമായ ഈ റിസോര്‍ട്ടിന് ശേഷം അടുത്ത പ്രൊജക്ട് കൊടൈക്കനാലില്‍ തുടങ്ങാന്‍ തീരുമാനിച്ചതും ഇക്കാരണങ്ങള്‍ കൊണ്ടുതന്നെയായിരുന്നു.

ആലുവയിലൊരുങ്ങുന്നു ആരോഗ്യ റിസോര്‍ട്ട്
ലോകത്തിന്റെ തന്നെ ആരോഗ്യ ഹബ്ബുകളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ് കൊച്ചി. അത്യാധുനികങ്ങളായ ആശുപത്രി സൗകര്യങ്ങള്‍ ഒരുവശത്ത് ആഗോള ശ്രദ്ധയാകര്‍ഷിക്കുമ്പോള്‍ പരമ്പരാഗത ആയുര്‍വേദ ചികിത്സാവിധികള്‍ മറുവശത്ത് വലിയൊരു വിഭാഗമാളുകള്‍ക്ക് ആശ്വാസം പകരുന്നു. ദന്ത ചികിത്സയുടെയും മറ്റും മക്ക എന്നുതന്നെ കേരളത്തെയും അതിലുപരി കൊച്ചിയെയും വിശേഷിപ്പിക്കാനാവും. ഇത്തരമൊരു അനുകൂല അന്തരീക്ഷമുള്ള എറണാകുളം ജില്ലയിലെ ആലുവയിലാണ് ഇദ്ദേഹത്തിന്റെ അടുത്ത സ്വപ്‌ന പദ്ധതി ഒരുങ്ങുന്നത്.
ആലുവയില്‍ പുഴയുടെ തീരത്തായി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ഇവരുടെ അടുത്ത റിസോര്‍ട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതൊരു ഹെല്‍ത്ത് റിസോര്‍ട്ടാണ്. വെല്‍നസ് ആശയത്തിലാണ് ഇത് വികസിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആയുര്‍വേദ മേഖലകളിലുള്ളവരുമായി കൂടി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. പുഴയുടെ തീരത്താണെന്നതും ഹൈവേയ്ക്ക് സമീപമാണെന്നതും റിസോര്‍ട്ടിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷത്തോടു കൂടി ഇത് പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. ”വളരെ ചടുലമായി മുന്നേറുന്ന ഒരു ബിസിനസ് രീതിയല്ല ഞങ്ങള്‍ അവലംബിക്കാറുള്ളത്. കൂടുതല്‍ ലോണെടുത്തു ബിസിനസ് മുന്നോട്ട് കൊണ്ടുപോവുന്ന രീതിയും ഞങ്ങള്‍ക്കില്ല. പ്രോജക്ടുകളെല്ലാം തന്നെ ഒന്നില്‍തുടങ്ങി അടുത്തതിലേക്ക് നയിക്കുന്ന തരത്തിലുള്ളതാണ്. ടൂറിസവുമായി ബന്ധപ്പെട്ട പദ്ധതികള്‍ അങ്ങനെ വേണമെന്നാണ് ഞാന്‍ കരുതുന്നത്. ലോണിന്റെയോ മറ്റു ബാധ്യതകളുടെയോ ഭാരമുണ്ടെങ്കില്‍ ഒരു പ്രൊജക്ട് ഒരിക്കലും അതിന്റെ രീതിക്ക് കൊണ്ടുവരാനാവില്ല. നമ്മുടെ മുന്‍ഗണന തന്നെ മാറിപ്പോകും,” തന്റെ ബിസിനസ് സങ്കല്‍പ്പങ്ങളെക്കുറിച്ച് സലിം മനസുതുറക്കുന്നു.

നോട്ട് അസാധുവാക്കല്‍ ടൂറിസം മേഖലയെ ബാധിക്കും
അനുഭവങ്ങളിലൂടെ മാത്രമേ എക്കാലവും പാഠങ്ങള്‍ പഠിക്കാന്‍ സാധിക്കുകയുള്ളുവെന്ന് സലിം പറയുന്നു. നമുക്ക് ചിന്തിക്കാനാവാത്ത രീതിയിലാണ് ഇപ്പോള്‍ സമ്പദ്‌വ്യവസ്ഥയുടെ മുന്നോട്ടുള്ള ചലനം. അതിന്റെ ഭാഗമാണ് ഈ നോട്ട് അസാധുവാക്കല്‍ പോലുള്ള നയങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ”നോട്ട് അസാധുവാക്കല്‍ ഞങ്ങളെ വലിയ രീതിയില്‍ ബാധിച്ചിട്ടില്ല. ഞങ്ങള്‍ ജീവനക്കാര്‍ക്കെല്ലാം ശമ്പളം നല്‍കുന്നത് മുന്‍പുതന്നെ ചെക്ക് മുഖേനയാണ്. റിസോര്‍ട്ടിലെ ദൈനംദിന ആവശ്യങ്ങളെല്ലാം നിര്‍വഹിക്കുന്നതും ചെക്ക് മുഖേനയാണ്. നേരത്തെ തന്നെ ഞങ്ങള്‍ ഈ രീതിയിലേക്ക് കടന്നിരുന്നു. അതുകൊണ്ടുതന്നെ ഈ നയം സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് അതൊരു ബുദ്ധിമുട്ടായി തോന്നുന്നില്ല, ” സലിം വ്യക്തമാക്കുന്നു.
അതേസമയം നോട്ടുപിന്‍വലിക്കല്‍ ടൂറിസം മേഖലയെ വലിയ രീതിയില്‍ ബാധിക്കുമെന്നും പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്നും അദ്ദേഹം പറയുന്നു. ”വടക്കേ ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ വരവിനെ ഇത് ബാധിക്കും. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ സീസണെ ഇത് കാര്യമായി ബാധിച്ചതായി കാണുന്നില്ല. കാരണം അതിന്റെ ബുക്കിംഗുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. സീസണ്‍ സമയത്ത് ഞങ്ങളുടെ സേവനങ്ങള്‍ക്കുള്ള ഡിമാന്റ് സപ്ലൈയെക്കാളും വളരെക്കൂടുതലാണ്. അതുകൊണ്ടുതന്നെ ഞങ്ങളെ അത് വലിയ രീതിയില്‍ ബാധിച്ചിട്ടില്ല. അതേസമയം ചെറുകിട ഹോട്ടല്‍ സംരംഭങ്ങളെ ഇത് ദോഷകരമായി ബാധിക്കും. ജനുവരിയുടെ തുടക്കം മുതല്‍ മാര്‍ച്ച് അവസാനം വരെയുള്ള ബിസിനസിനെ ഇത് ബാധിക്കുമെന്നാണ് കരുതുന്നത്. ജനുവരി – ഫെബ്രുവരി മാസങ്ങളിലേക്ക് ബിസിനസ് വരേണ്ട സമയമാണിത്. എന്നാല്‍ അതു വരുന്നത് ഇപ്പോള്‍ കുറവാണ്. യാത്ര ചെയ്യാനുള്ള പണം ആളുകളുടെ പക്കലില്ലായെന്നതു തന്നെയാണ് ഇതിനുള്ള കാരണം. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ബിസിനസ് കുറയുമെന്നാണ് കരുതുന്നത്. അത് കഴിഞ്ഞുള്ള അവസ്ഥയും ഇപ്പോള്‍ പറയാനാവാത്ത സാഹചര്യമാണ് , ” അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നോട്ട് അസാധുവാക്കലിന്റെ ഫലം ടൂറിസം രംഗത്ത് പ്രതിഫലിക്കാന്‍ പോവുന്നത് വൈകിയായിരിക്കും. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ വര്‍ധിക്കുന്നതിനോടൊപ്പം തന്നെ അതിന്റെ ദുരുപയോഗവും വര്‍ധിക്കാനാണ് സാധ്യത. സലിം ചൂണ്ടിക്കാട്ടുന്നു.

സാവധാനമുള്ള സുസ്ഥിരമായ വളര്‍ച്ചയാണ് ഒരു സംരംഭകനെന്ന നിലയില്‍ സലിം ലക്ഷ്യമിടുന്നത്. ഒരു സമയം ഒരു പ്രൊജക്ട് മാത്രമാണ് അതുകൊണ്ടുതന്നെ ഇവര്‍ ഏറ്റെടുക്കുന്നത്. അതിന് വ്യക്തമായ കാരണവും സലിം ചൂണ്ടിക്കാട്ടുന്നു. ”കേരളത്തിലുള്ള 60 ശതമാനം റിസോര്‍ട്ടുകളും നഷ്ടത്തിലാണ്. ഹോട്ടല്‍ വില്‍ക്കുമ്പോള്‍ നഷ്ടത്തിന്റെ ഇരട്ടികിട്ടുമെന്നുള്ളതിനാലാണ് പലരും ഇതിലേക്ക് കടക്കുന്നതുതന്നെ. കൂടാതെ കേരളത്തില്‍ തന്നെ കിടമത്സരവും ഈ രംഗത്ത് ധാരാളമുണ്ട്. അതുകൊണ്ടുതന്നെ പതുക്കയാണെങ്കിലും സ്ഥിരമായ വളര്‍ച്ച ഇവിടെ ഉണ്ടാക്കിയെടുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,” അദ്ദേഹം വ്യക്തമാക്കുന്നു.

ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണമുള്ള കേരളം ടൂറിസം രംഗത്ത് നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ആഭ്യന്തര ടൂറിസത്തേക്കാള്‍ ലാഭം ഇന്ന് ശ്രീലങ്ക, തായ്‌ലന്‍ഡ് പോലുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതാണെന്ന് ആളുകള്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. അതിന് അവരെ കുറ്റം പറയാനാവില്ല. കൂടുതല്‍ സുരക്ഷിതത്വം, മൂല്യമേറിയ സേവനങ്ങള്‍ എന്നിവയെല്ലാം ഇവിടങ്ങളില്‍ നിന്നുലഭിക്കുന്നു. ഈ പ്രദേശങ്ങളുടെയെല്ലാം സ്വീകാര്യത കേരളത്തിന് വെല്ലുവിളി തന്നെയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും നാം വളരെ പിന്നിലാണ്. പല റിസോര്‍ട്ടുകളും അമിത ചാര്‍ജ് ഇവിടെ ഈടാക്കുന്നതും മറ്റൊരു പ്രശ്‌നമാണ്. നല്‍കുന്ന പണത്തിനുള്ള മൂല്യമേറിയ സേവനങ്ങളാണ് ആളുകള്‍ പ്രതീക്ഷിക്കുന്നത്. അത് പലപ്പോഴും ഇവിടെ നിന്ന് ലഭിക്കുന്നുമില്ല. മദ്യ നിരോധനം പോലുള്ള പ്രശ്‌നങ്ങളും മേഖലയെ അലട്ടുന്നുണ്ടെന്നും സലിം ചൂണ്ടിക്കാട്ടുന്നു.
കൊടൈ റിസോര്‍ട്ട് ഹോട്ടലിന്റെയും മൂന്നാറിലെ ടീ വാലി റിസോര്‍ട്ടിന്റെയും മാനേജിംഗ് ഡയറക്ടറാണ് സി എ സലിം. ഊട്ടിയിലെ ഹോട്ടല്‍ ലേക്ക് വ്യൂവിന്റെ പാര്‍ട്ണര്‍, മിലാസ് എന്റര്‍പ്രൈസിന്റെയും പേള്‍ എന്റര്‍പ്രൈസിന്റെയും മാനേജിംഗ് പാര്‍ട്ണര്‍ എന്ന നിലയിലും പേള്‍ കസ്റ്റമര്‍ കെയര്‍ സര്‍വീസസിന്റെ മാനേജിംഗ് ഡയറക്ടര്‍ എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. മരിക്കാര്‍ എന്‍ജിനീയേഴ്‌സിന്റെയും ദ ഗ്രേറ്റ് ഇന്ത്യ ടൂര്‍ കമ്പനിയുടെയും ഡയറക്ടര്‍ പദവിയും അലങ്കരിക്കുന്നു.

സോഷ്യല്‍ മീഡിയ സ്റ്റാറ്റസ്: ഇന്ന് മാര്‍ക്കറ്റിംഗ് നടത്തുന്നതില്‍ സാമൂഹ്യ മാധ്യമങ്ങള്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. ഞങ്ങളും അതിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോവുന്നത്. സാമൂഹ്യമാധ്യമങ്ങള്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇന്നത്തെ ട്രെന്‍ഡുകള്‍ വ്യത്യസ്തമാണ്. അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നുമുണ്ട്. അതാത് കാലങ്ങളിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വെബ്‌സൈറ്റുകള്‍ ഉള്‍പ്പടെ പരിഷ്‌കരിക്കുന്നുമുണ്ട്. ഹോട്ടല്‍ ബുക്കിംഗുകള്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ വഴി ലഭ്യമാക്കാവുന്ന തരത്തിലേക്ക് മാറാനുള്ള തയാറെടുപ്പിലാണ് ഞങ്ങളിപ്പോള്‍.

മോറല്‍ ഫിലോസഫി: ചെയ്യുന്ന എന്തുകാര്യവും മികച്ച രീതിയില്‍ തന്നെ ചെയ്യുക. ഏത് ബിസിനസിലായാലും ചെയ്യേണ്ടതു പോലെ കൃത്യമായ രീതിയില്‍ ചെയ്താല്‍ ലാഭമുണ്ടാക്കാനാവും. അതാണ് ബിസിനസില്‍ പിന്തുടര്‍ന്നുവരുന്ന മോറല്‍ ഫിലോസഫി.

പുതിയ സംരംഭകരോട് പറയാനുള്ളത്: നൂതനമായ പല ആശയങ്ങളും ഇന്ന് പലരും വികസിപ്പിക്കുന്നുണ്ട്. കൃത്യമായ ഉപദേശകരെയും ടീമിനെയും തെരഞ്ഞെടുത്ത് പ്രവര്‍ത്തിക്കുക. കൃത്യമായ രീതിയില്‍ എല്ലാ കാര്യങ്ങളും നിര്‍വഹിക്കുക. ആശയങ്ങളുള്ളതു കൊണ്ടുമാത്രം ഒരു ബിസിനസ് രക്ഷപെടില്ല. അത് കൃത്യമായ രീതിയില്‍ നടപ്പിലാക്കുകയും വേണം. കൂടെ പ്രവര്‍ത്തിക്കാന്‍ മികച്ച ആളുകളെ തന്നെ തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.

Comments

comments

Categories: FK Special

Write a Comment

Your e-mail address will not be published.
Required fields are marked*