മെഡെക്‌സ്: രാജ്യത്തെ ആദ്യത്തെ ആരോഗ്യവിദ്യാഭ്യാസ കലാവിന്യാസവുമായി ആരോഗ്യ സര്‍വകലാശാല

മെഡെക്‌സ്:  രാജ്യത്തെ ആദ്യത്തെ ആരോഗ്യവിദ്യാഭ്യാസ കലാവിന്യാസവുമായി ആരോഗ്യ സര്‍വകലാശാല

 
തിരുവനന്തപുരം: ആധുനിക വൈദ്യശാസ്ത്രത്തിനു പിന്നിലെ ശാസ്ത്രീയതകള്‍ സാധാരണക്കാര്ക്ക് വിശദീകരിച്ചു നല്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ സര്‍വകലാശാല യൂണിയന്റെ നേതൃത്വത്തില്‍ രാജ്യത്തെ ആദ്യത്തെ ആരോഗ്യവിദ്യാഭ്യാസ കലാവിന്യാസം മെഡെക്‌സ് സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ വിവിധ മന്ദിരങ്ങളെ കൂട്ടിയിണക്കി സജ്ജീകരിക്കുന്ന രണ്ടുലക്ഷം ചതുരശ്ര അടി സ്ഥലത്താണ് ജനുവരി മൂന്നു മുതല്‍ 31 വരെ പ്രദര്‍ശനം നടക്കുന്നത്. മൂന്നിന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രദര്‍ശ്‌നം ഉദ്ഘാടനം ചെയ്യും.

ആരോഗ്യശാസ്ത്രരംഗത്തെ കേരളത്തിലെ തുടക്കക്കാരെന്നു പറയാവുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളെജിന്റെ 65ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിക്കൂടിയാണ് ഇത്തരമൊരു പ്രദര്‍ശനത്തിന് അരങ്ങൊരുക്കുന്നത്. ഇന്ത്യയില്‍ തന്നെ ഇത്രയും വിപുലവും അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുമുള്ള കലാപരമായ ശാസ്ത്രപ്രദര്‍ശനം ഇതാദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നത്. ആരോഗ്യപരിരക്ഷാരംഗത്തെ അശാസ്ത്രീയതകള്‍ക്കും തട്ടിപ്പുകള്‍ക്കുമെതിരെ ആളുകളെ ബോധവല്‍ക്കരിക്കുന്നതിന് ഇത്തരമൊരു പ്രദര്‍ശനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. എ നളിനാക്ഷന്‍, മെഡെക്‌സ് ജനറല്‍ കണ്‍വീനറും ആരോഗ്യ സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ അമല്‍ അഹമ്മദ്, തിരുവനന്തപുരം മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു എന്നിവര്‍ പറഞ്ഞു.

പതിവ് മെഡിക്കല്‍ എക്‌സിബിഷനുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായാണ് മെഡെക്‌സ് സംഘടിപ്പിക്കപ്പെടുന്നത്. ഓരോ വിഷയത്തിലും കാഴ്ചക്കാര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ ഉതകും വിധത്തില്‍ സംവാദാത്മകമായാണ് പ്രദര്‍ശനവസ്തുക്കള്‍ സജ്ജീകരിക്കുന്നത്. അതിലെല്ലാമുപരി ഒരു ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ എന്നു വിശേഷിപ്പിക്കാവുന്ന തരത്തില്‍ ഇവ വിന്യസിക്കുന്നു. ഇന്‍സ്റ്റലേഷനുകള്‍ക്ക് ഉള്ളിലൂടെ കയറിയിറങ്ങിയും മറ്റും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് സാധിക്കും. ഡോ. ജി അജിത്കുമാറാണ് പ്രദര്‍ശനത്തിന്റെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍.
ആധുനിക വൈദ്യശാസ്ത്രത്തിലെ ഏതാണ്ട് എല്ലാ ശാഖകളുടെയും പ്രദര്‍ശന സ്റ്റാളുകള്‍ മെഡെക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സൗമ്യ വധക്കേസിലെ ഫൊറെന്‍സിക് പരിശോധനാരീതികളും നിഗമനങ്ങളും ആളുകള്‍ക്ക് കൂടുതല്‍ വ്യക്തമാകാനായി തീവണ്ടി ബോഗിയും റെയില്‍പ്പാളവും ഡെമ്മി മൃതശരീരവും ഉള്‍പ്പെടെയുള്ളവ സജ്ജീകരിച്ചാണ് ഫൊറെന്‍സിക് വിഭാഗം കാര്യങ്ങള്‍ വിശദീകരിക്കുക. നേത്രഗോളം, ആമാശയം, തലച്ചോറ് തുടങ്ങി പല ശരീരഭാഗങ്ങളും ഉള്ളിലൂടെ കയറിയിറങ്ങി കണ്ടുമനസ്സിലാക്കാനുള്ള അവസരമാണ് മെഡെക്‌സില്‍ ഒരുക്കുന്നത്. ഒരു കൊച്ചുകുട്ടിയായിരിക്കെ നാം ചുറ്റുപാടുകള്‍ കണ്ടിരുന്നതെങ്ങിനെയെന്നതിന്റെ പുനരാവിഷ്‌കാരവും പ്രദര്‍ശനനത്തില്‍ പ്രത്യേകം ഒരുക്കിയിട്ടുണ്ട്.

മനുഷ്യശരീരത്തിന്റെ വിവിധ ഭാഗങ്ങളുടെ യഥാര്‍ത്ഥ സ്‌പെസിമനുകള്‍ ഉപയോഗിച്ച് ശരീരാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുന്നതിനൊപ്പം രോഗങ്ങളുടെ പാറ്റേണ്‍ ഉള്‍പ്പെടെയുള്ളവയും പ്രദര്‍ശിപ്പിക്കും. മദ്യപാനവും പുകവലിയും മയക്കുമരുന്നുകളുടെ ഉപയോഗവും ശരീരത്തെ എങ്ങിനെയാണ് ബാധിക്കുന്നതെന്നതും ഗതാഗത അപകടങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങിയവ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളെപ്പറ്റിയുമെല്ലാം വ്യക്തമായ അവബോധമുണ്ടാക്കാന്‍ ഈ പ്രദര്‍ശനം സഹായകമായിരിക്കും.

Comments

comments

Categories: Education

Write a Comment

Your e-mail address will not be published.
Required fields are marked*