നോട്ട് അസാധുവാക്കല്‍: സാഹചര്യം വിലയിരുത്താന്‍ ജയ്റ്റ്‌ലി ബാങ്കര്‍മാരുമായി ചര്‍ച്ച നടത്തി

നോട്ട് അസാധുവാക്കല്‍:  സാഹചര്യം വിലയിരുത്താന്‍ ജയ്റ്റ്‌ലി ബാങ്കര്‍മാരുമായി ചര്‍ച്ച നടത്തി

 

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കലിനു ശേഷമുള്ള സാഹചര്യം വിലയിരുത്തുന്നതിനു വേണ്ടി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പൊതു മേഖലാ ബാങ്കുകളുടെ മേധാവികളുമായി ചര്‍ച്ച നടത്തി. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന കേന്ദ്ര ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ബാങ്കര്‍മാരുമായി ചര്‍ച്ച ചെയ്തതായാണ് വിവരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ, ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ മേധാവിയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാനുമായ രാജീവ് ഋഷി, പഞ്ചാബ് നാഷണല്‍ ബാങ്ക് എംഡിയും സിഇഒയുമായ ഉഷ ആനന്ദ സുബ്രഹ്മണ്യന്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.
നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് പ്രാവര്‍ത്തികമാക്കിയ പരിഷ്‌കരണങ്ങളും നേരിടുന്ന പ്രതിസന്ധികളും ബജറ്റ് തയാറാക്കുന്നതിനായുള്ള നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നതായി കേന്ദ്ര ധനകാര്യ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ നൃപേന്ദ്ര മിശ്രയും യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്.
ബാങ്കുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിനേര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ഡിസംബര്‍ 30നു ശേഷവും തുടരുമെന്ന സൂചനയാണ് ആര്‍ബിഐ തരുന്നത്. നോട്ട്അസാധുവാക്കല്‍ പ്രഖ്യാപനം 50 ദിവസം പിന്നിട്ടിട്ടും രാജ്യത്തെ പണ വിതരണ സംവിധാനം സാധരണനിലയിലാകാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ കേന്ദ്ര ബാങ്ക് ആലോചിക്കുന്നത്.
നിലവിലെ ബാങ്കുകളില്‍ നിന്നും പ്രതിവാരം 24,000 രൂപയും എടിഎമ്മില്‍ നിന്നും പ്രതിദിനം 2,500 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടുള്ളത്. അതേസമയം ഈ നിയന്ത്രണങ്ങള്‍ ക്രമേണ കുറച്ചുകൊണ്ടുവരുമെന്നും പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തുമെന്നും കഴിഞ്ഞ വാരം എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞിരുന്നു. ഘട്ടംഘട്ടമായി മാത്രമേ നിയന്ത്രണങ്ങള്‍ക്ക് അയവു വരുത്താനാകൂവെന്നും, ബാങ്കുകളില്‍ നിലവിലുള്ള തിരക്ക് തുടരാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും അരുന്ധതി ഭട്ടാചാര്യ അറിയിച്ചു.

Comments

comments

Categories: Slider, Top Stories