ഐഎസ്എല്‍ ഫൈനല്‍: സ്റ്റേഡിയത്തിന്റെ വാടക കെഎഫ്എ നല്‍കിയില്ലെന്ന് ജിസിഡിഎ

ഐഎസ്എല്‍ ഫൈനല്‍:  സ്റ്റേഡിയത്തിന്റെ വാടക കെഎഫ്എ നല്‍കിയില്ലെന്ന് ജിസിഡിഎ

 

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൂട്‌ബോളിന്റെ (ഐഎസ്എല്‍) ഫൈനല്‍ മത്സരം നടത്തിയതിന്റെ സ്ഥല വാടകയിനത്തില്‍ നല്‍കേണ്ട തുക ഇതുവരെ മുഴുവനായി ലഭിച്ചിട്ടില്ലെന്ന് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ ചുമതലയുള്ള ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്‌മെന്റ് അതോറിറ്റി (ജിസിഡിഎ).

ഇതുസംബന്ധിച്ച് കേരള ഫൂട്‌ബോള്‍ അസോസിയേഷന് (കെഎഫ്എ) കത്തയക്കുമെന്നും ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുമെന്നും ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ അറിയിച്ചു. പ്രധാന മത്സരങ്ങള്‍ നടത്തുന്നതിനായി സ്‌റ്റേഡിയം അനുവദിക്കുന്നതിന് വാടക കൂട്ടി നല്‍കണമെന്ന് ജിസിഡിഎ കെഎഫ്എയോട് മുമ്പ് ആവശ്യപ്പെട്ടിരുന്നതിന്റെ പശ്ചാത്തലത്തിലാണിത്.

55000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഐഎസ്എല്ലിലെ നിര്‍ണായക മത്സരങ്ങളില്‍ ഇതിലധികം ആളുകളെയാണ് കയറ്റിയിരുന്നത്. ഇത്തരത്തില്‍, വലിയ വരുമാനമുണ്ടായിട്ടും സ്റ്റേഡിയത്തിന് ഒരു കളി നടത്തുന്നതിന് നല്‍കുന്ന വാടക ഒരു ലക്ഷം രൂപ മാത്രമാണെന്ന അതൃപ്തി ജിസിഡിഎ നേരത്തെ അറിയിച്ചിരുന്നു.

ഐഎസ്എല്‍ മത്സരങ്ങള്‍ നടത്തുന്നതിന് മറ്റ് സ്റ്റേഡിയങ്ങള്‍ക്ക് 7 ലക്ഷം രൂപവരെ വാടകയായി ലഭിക്കുമ്പോള്‍ റെക്കോര്‍ഡ് കാണികള്‍ എത്തുന്ന കലൂരിലെ സ്‌റ്റേഡിയത്തിന് കുറഞ്ഞ വാടക അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു ജിസിഡിഎ. പുതുക്കിയ കരാര്‍ അനുസരിച്ച് സെമി, ഫൈനല്‍ മത്സരങ്ങള്‍ക്ക് യഥാക്രമം അഞ്ച്, പത്ത് ലക്ഷം രൂപ വീതം നല്‍കണമെന്നതായിരുന്നു വ്യവസ്ഥ.

Comments

comments

Categories: Sports