ജീവനക്കാര്‍ക്ക് പുതുവര്‍ഷ ഓഫറുകളുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍

ജീവനക്കാര്‍ക്ക് പുതുവര്‍ഷ ഓഫറുകളുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍

മുംബൈ: നോട്ട് പിന്‍വലിക്കല്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയെ ഉലച്ചിട്ടുണ്ടെങ്കിലും പുതുവര്‍ഷത്തിന്റെ സന്തോഷം ജീവനക്കാരുമായി പങ്കുവെക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയിലെ ചെറുകിട സ്റ്റാര്‍ട്ടപ്പുകള്‍. ജീവനകാര്‍ക്കായി പലവിധ ഓഫറുകളാണ് സ്റ്റാര്‍ട്ടപ്പുകള്‍ ഒരുക്കിയിരിക്കുന്നത്.
വിന്‍ഗിഫൈ, വീഗോ, ഫര്‍ലന്‍കോ, ബേബി-ചക്ര, ബഗ്‌സ്ബൗണ്ടി, ഹോം-പഞ്ച് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ ജീവനക്കാര്‍ക്ക് വലിയ പ്രോത്സാഹനവുമായി രംഗത്തെത്തിയിട്ടുണ്ട്.

വിദേശയാത്രകള്‍, റോഡ് ട്രിപ്പുകള്‍, ബോണസുകള്‍, സമ്മാനങ്ങള്‍, ഹാപ്പിനസ് ഫണ്ടുകള്‍ എന്നിവയൊക്കെയാണ് ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ അവധിക്കാലത്ത് സ്റ്റാര്‍ട്ടപ്പുകള്‍ ഒരുക്കിയിരിക്കുന്ന ഓഫറുകള്‍. ജീവനകാര്‍ക്ക് കമ്പനിയോടുള്ള മതിപ്പ് വര്‍ദ്ധിപ്പിക്കുക, വരും ദിവസങ്ങളില്‍ കൂടതല്‍ ആത്മാര്‍ത്ഥതയോടും ഉത്സാഹത്തോടും കൂടി ജോലിചെയ്യാനുള്ള താല്‍പര്യം വളര്‍ത്തുക അങ്ങനെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുക എന്നിവയാണ് ഇത്തരം ഓഫറുകളിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ ലക്ഷ്യമിടുന്നത്.

ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിന്‍ഗിഫൈയുടെ രണ്ടു ഗ്രൂപ്പുകള്‍ ഈ പുതുവര്‍ഷത്തില്‍ ശ്രീലങ്കയിലേക്കും സൗത്ത് ഏഷ്യയിലേക്കുമാണ് യാത്രപോകുന്നത്. ഞങ്ങളുടെ വര്‍ഷാവസാന യാത്ര കമ്പനി മുഴുവന്‍ ഒരിടത്തേക്ക് പോവുക എന്ന രീതിമാറ്റി ഡിപ്പാര്‍ട്ട്‌മെന്റ് അടിസ്ഥാനത്തില്‍ അല്ലെങ്കില്‍ ട്രിപ്പ് ടീമുകളായി തിരിച്ച് നടത്തുവാന്‍ തീരുമാനിച്ചു. ഇത് ഓരോരുത്തരുടെയും സൗകര്യത്തിനനുസരിച്ച് സ്ഥലവും, തിയതിയും തീരുമാനിക്കുന്നതിനും ട്രിപ്പുകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനും സഹായകമായി. വിന്‍ഗിഫൈയുടെ ചീഫ് ടെക്‌നോളജി ഓഫീസറായ സ്പര്‍ശ് ഗുപ്ത പറഞ്ഞു.

ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മികവ് പുലര്‍ത്തുന്ന ജോലിക്കാര്‍ക്ക് കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം വിദേശ യാത്രയാണ് പാരിതോഷികമായി കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഡേറ്റാ സെക്യൂരിറ്റി ഫേമായ ബഗ്‌സ്ബൗണ്ടിഡോട്ട്‌കോമിനെ സംബന്ധിച്ചിടത്തോളം ഒരു നല്ല വര്‍ഷമായിരുന്നു കടന്നുപോയത്. വിജയം കൈവരിക്കനായി കമ്പനിയെ സഹായിച്ച ടെക് ടീമിന് പൂര്‍ണ്ണമായും കമ്പനി ചെലവില്‍ നാലുദിവസത്തെ ദുബായ് ട്രിപ്പാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. യാത്രകഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ബോണസ് വിതരണ പാര്‍ട്ടിയോടെ 2017 ആരംഭിക്കാനാണ് ബഗ്‌സ്ബൗണ്ടി പദ്ധതിയിട്ടിരിക്കുന്നത്. ഒരു കോടി രൂപയാണ് ഇതിനുവേണ്ടി മാറ്റിവെച്ചിരിക്കുന്നതെന്ന് ഡയറക്റ്റര്‍ അങ്കുഷ് ജോഹര്‍ പറഞ്ഞു.

ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ റെന്റല്‍ കമ്പനിയായ ഫര്‍ലെന്‍കോ മുഴുവന്‍ ഡിസൈന്‍ ടീമിനുമായി തമിഴ്‌നാട് സേലത്തിനടുത്ത് നേച്ചര്‍ കാമ്പ് സംഘടിപ്പിച്ചു. ടീം ബില്‍ഡിംഗിനും ജീവനക്കാര്‍ക്കിടില്‍ സൗഹൃദ മനോഭാവം വളര്‍ത്തിയെടുക്കുന്നതിനും ഈ അവസരം കമ്പനി വിനയോഗിച്ചു.

ഹോം അപ്ലയന്‍സിനുവേണ്ടിയുള്ള ഇ-കൊമേഴ്‌സ് ഫേമായ ഹോംപഞ്ച് ജീവനക്കാര്‍ക്കുവേണ്ടി ഹിമാചല്‍ പ്രദേശിലെ കസൗലി മലനിരകളിലേക്ക് യാത്ര സംഘടിപ്പിച്ചു.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബേബിചക്ര ഹാപ്പിനസ് ഫണ്ടാണ് ജീവനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഈ ഫണ്ട് ഉപയോഗിച്ച് ജീവനക്കാര്‍ക്ക് താല്‍പര്യമുള്ള ഒരു സ്‌കില്‍ ആര്‍ജിച്ചെടുക്കാം. ഇതിന് ആവശ്യമായ സമയവും പണവും മറ്റ് സൗകര്യങ്ങളും കമ്പനി നല്‍കും.
കാഷ്‌കരോ ജീവനക്കാര്‍ക്ക് പൂനെയില്‍ നടക്കുന്ന സണ്‍ബേണ്‍ ഫെസ്റ്റിവെല്ലിനുള്ള ടിക്കറ്റാണ് പുതുവര്‍ഷസമ്മാനമായി നല്‍കിയിരിക്കുന്നത്.

Comments

comments

Categories: Entrepreneurship