ഗോദ്‌റെജ് നേച്ചേഴ്‌സ് ബാസ്‌കറ്റ് എട്ടു സ്‌റ്റോറുകള്‍ അടയ്ക്കുന്നു

ഗോദ്‌റെജ് നേച്ചേഴ്‌സ്  ബാസ്‌കറ്റ്  എട്ടു സ്‌റ്റോറുകള്‍  അടയ്ക്കുന്നു

ന്യൂഡെല്‍ഹി: ഗോദ്‌റെജ് ഗ്രൂപ്പിന്റെ റീട്ടെയ്ല്‍ സംരംഭമായ ഗോദ്‌റെജ് നേച്ചേഴ്‌സ് ബാസ്‌കറ്റ് ഡെല്‍ഹി നാഷണല്‍ കാപ്പിറ്റല്‍ റീജിയ(എന്‍സിആര്‍)നിലെ എട്ടു സ്‌റ്റോറുകള്‍ അടയ്ക്കുന്നു. രണ്ടു സ്‌റ്റോറുകള്‍ ഇതിനകം തന്നെ പ്രവര്‍ത്തനം നിര്‍ത്തി. മറ്റു ഔട്ട്‌ലെറ്റുകള്‍ വരുന്ന ആഴ്ചകളില്‍ അടച്ചുപൂട്ടുമെന്ന് അധികൃതര്‍ പറഞ്ഞു.

സ്‌റ്റോറുകള്‍ അടയ്ക്കുന്നതും പുതിയവ തുറക്കുന്നതും ഏതൊരു റീട്ടെയ്‌ലറുടെയും വളര്‍ച്ചയുടെ ഭാഗമാണെന്ന് ഗോദ്‌റെജ് നേച്ചേഴ്‌സ് ബാസ്‌കറ്റ്‌സിന്റെ മാനേജിംഗ് ഡയറക്റ്ററായ ആവണി ദാവ്ദ പറഞ്ഞു.
ആമസോണ്‍, സ്‌നാപ്ഡീല്‍ എന്നിവ പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഗോദ്‌റെജ് ഗ്രൂപ്പിന്റെ പ്രീമിയം ഫുഡ് റീട്ടെയ്ല്‍ ശാഖ ഡെല്‍ഹിയിലും സമീപ മേഖലയിലും പ്രവര്‍ത്തിക്കുന്നത്. പ്രീമിയം ഫുഡ്‌സിന്റെ ഓണ്‍ലൈന്‍ ആവശ്യകത ഉയര്‍ന്നതിനെ തുടര്‍ന്ന് 2015 ആദ്യം ഓണ്‍ലൈന്‍ ഗ്രോസറി പ്ലാറ്റ്‌ഫോമായ എക്‌സ്‌റ്റോപ്‌ഡോട്ട്‌കോമിനെ ഗോദ്‌റെജ് ഏറ്റെടുത്തിരുന്നു. നേച്ചേഴ്‌സ് ബാസ്‌കറ്റിന് മൊബീല്‍ അധിഷ്ഠിത ആപ്ലിക്കേഷനുമുണ്ട്.
അതേസമയം, കമ്പനി മുംബൈ, ബെംഗളൂരു തുടങ്ങിയ തെക്ക് പടിഞ്ഞാറന്‍ വിപണികളിലെ സ്റ്റോറുകള്‍ തുടര്‍ന്നും പ്രവര്‍ത്തിപ്പിക്കും.
വിപണന പദ്ധതി വിപുലീകരിക്കാനാണ് ഗോദ്‌റെജിന്റെ ശ്രമം. കമ്പനിക്ക് ശക്തമായ സ്വാധീനമുള്ള തെക്ക്, പടിഞ്ഞാറന്‍ വിപണികളില്‍ വളര്‍ച്ച കേന്ദ്രീകരിക്കും. നിലവിലുള്ളതും പുതിയതുമായ സ്റ്റോറുകളെ നവീകരിക്കും. അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ചില വിപണികളില്‍ ഏകീകരണ പ്രവര്‍ത്തനത്തോടെ സുസ്ഥിര ലാഭം നേടാനാണ് ശ്രമമെന്ന് ദാവ്ദ പറഞ്ഞു.
2005 ലാണ് ഗോദ്‌റെജ് നേച്ചേഴ്‌സ്
ബാസ്‌കറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. 2021 ഓടെ കമ്പനിയുടെ വരുമാനം 1,000 കോടി രൂപയാക്കുകയെന്നതാണ് ലക്ഷ്യം.
2020 ഓടെ ഇന്ത്യയിലെ റീട്ടെയ്ല്‍ ശൃംഖല മൂന്നു മടങ്ങ് വളര്‍ന്ന് 180 ബില്ല്യണ്‍ ഡോളറിലെത്തുമെന്ന് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെയും റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെയും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Comments

comments

Categories: Branding